നീണ്ടൊരു ദേശാടനത്തിൽ
പല കടവുകളിലായി
ഇമ്മാനുവൽ
ഊരും, പേരും,
തന്തേം, തള്ളേം,
സ്വന്തങ്ങളേം,
ബന്ധങ്ങളേം
മറന്ന് വെച്ചു.
ഒരജ്ഞാത നഗരതീരത്തണഞ്ഞപ്പഴേക്കും
അയാളുടെ ബോധം
വേളാങ്കണ്ണിമാതാവിന്റടുത്തേക്ക്
തീർത്ഥാടനത്തിന്
തിരിച്ചിരുന്നു.
റെയിൽവേ കോളനിയുടെ
വാതിൽക്കൽ
വെട്ടിയിട്ട
വാഴ പോലെ അജ്ഞാതൻ
വിലങ്ങനെ കിടന്നു.
റെയിൽവേ സ്റ്റേഷനിലേക്ക്
ഒരു ചാൺ വയറ്
നിറക്കാൻ
തീവണ്ടി പിടിക്കാൻ
മരണപ്പാച്ചിൽ
നടത്തിയവർക്ക്
പുലരിക്കണിയായി
അജ്ഞാതൻ.
അജ്ഞാതനെത്തുറിച്ചു നോക്കി
സാലാ ഭേൻചോദ്,
ബവഡ,
എന്തോ,ഏതോ എന്നൊക്കെ തുപ്പി
ഉറക്കെ
അവരോട് തന്നെ പുലമ്പി
അജ്ഞാതനെ
കവച്ച് ചാടി
സ്റ്റേഷന്റെ
ഓവർ ബ്രിഡ്ജ്
ഓടിക്കയറി,
പടവുകളൊഴുകിയിറങ്ങി
പ്ളാറ്റ്ഫോമിലെ
ആൾക്കൂട്ടത്തിന്റെ
റിസർവോയറിൽ ലയിച്ചു.
തിരക്കില്ലാത്ത
ഒരു കൂട്ടം
പ്രഭാതസവാരിക്കാർ
അജ്ഞാതന് ചുറ്റും
കൂട്ടം കൂടി.
ഉയർന്ന് താഴുന്ന
നെഞ്ചിൻകൂട്
ജഡമല്ലെന്ന്
സാക്ഷ്യപ്പെടുത്തി.
പപ്പടം പോലെ
ഒട്ടിയ വയറ്
അന്നത്തിന്റെ
വെള്ളം ചെന്നിട്ട്
നാളുകളായെന്നും
സാക്ഷ്യപ്പെടുത്തി.
മെലിഞ്ഞ് നീണ്ട
ജന്മത്തിന്
അമിതാഭ് ബച്ചന്റെ
പൊക്കമാണെന്ന്
നർമ്മം വിതറി ചിലർ.
സാൾട്ട് ആൻഡ് പെപ്പർ
ശ്മശ്രുക്കളും,
ഉലഞ്ഞ
സാൾട്ട് ആൻഡ് പെപ്പർ
മുടിയും
ആൾ മധ്യവയസ്ക്കനെന്നും
സാക്ഷ്യപ്പെടുത്തി.
പിഞ്ഞിയ
നിറം മങ്ങിയ
മഞ്ഞ ഷർട്ടും
പിഞ്ഞിത്തുടങ്ങിയ
ചാരപ്പാന്റും
അജ്ഞാതൻ ഒരു ഗതിയുമില്ലാത്തവനെന്നും
ബോദ്ധ്യപ്പെടുത്തി.
കൂട്ടത്തിൽ ഒരു
ഭൂതദയാലു
തൊട്ടടുത്ത
ക്വാർട്ടേഴ്സിൽ നിന്ന്
ഒരു ബക്കറ്റ്
വെള്ളമെത്തിച്ച്
അജ്ഞാതനെ
ജലസേചനം നടത്തി.
അജ്ഞാതൻ
കണ്ണ് ചിമ്മി,
കണ്ണ് വിടർത്തി
ചുറ്റും നിന്നവർക്ക് നേരെ ചോദ്യച്ചിഹ്നങ്ങൾ
തൊടുത്തു.
നിന്റെ ഊരേത്,
പേരെന്ത്,
തന്തയാര്,
തള്ളയാര്
എന്നൊക്കെ
മറുചോദ്യങ്ങളെറിഞ്ഞു
അവർ.
അജ്ഞാതൻ
ദയനീയമായി
കൈമലർത്തി.
മറ്റൊരു ഭൂതദയാലു
അടുത്ത
കടയിൽ നിന്ന്
ചായയും ,തീറ്റയും
വരുത്തി
ആളെ
എഴുന്നേല്പിച്ചിരുത്തി
തീറ്റിച്ച് കൃതാർത്ഥനായി.
അപ്പോഴും
അവരെക്കടന്ന്
ധൃതിയിൽ
സ്റ്റേഷനിലേക്ക്
പായുന്നവരും,
തീവണ്ടികളുടെ
നിലക്കാത്ത ചൂളം
വിളിയും
പതിവുപോലെ
തുടർക്കഥകളായി.
അജ്ഞാതൻ
ഏക്കിളിട്ടേമ്പക്കമിട്ടെഴുന്നേറ്റ്
നന്ദിയുടെ മുഖത്തോടെ
തിരക്കിൻ്റെ
നഗരത്തിലേക്കൂളിയിട്ടു.
നഗരം
എന്നത്തേയും പോലെ
നിലക്കാത്ത
യന്ത്രങ്ങളെപ്പോലെ
ശബ്ദമുഖരിതമായി
ചലിച്ചുകൊണ്ടിരുന്നു…..

കെ.ആർ.സുരേന്ദ്രൻ

By ivayana