അച്ഛൻ ജീവിച്ചിരുന്ന കാലംവരെ സുന്ദരമായ കുടുംബമായിരുന്നു എന്റേത്,
അച്ഛൻറെ രാജകുമാരിയായിരുന്നു ഞാൻ.
എന്റെ ഏഴാമത്തെ വയസ്സിൽ അച്ഛൻ റോഡ് അപകടത്തിൽപ്പെട്ട് മരിച്ചുപോയി.
മാളുവിന്റെ ജാതകത്തില് ദോഷം ഉള്ളതിനാലാണ് അച്ഛൻറെ മരണം സംഭവിച്ചതെന്ന് ജോത്സ്യ പ്രവചനം. അമ്മയ്ക്ക് അച്ഛന്റെ മരണത്തോടു കൂടി എന്നോട് ദേഷ്യമായിമാറിയിരുന്നു.

അമിതമായ വിശ്വാസങ്ങൾ മനസ്സിൽ പേറി നടക്കുന്ന അമ്മ എന്നെ സ്നേഹിക്കാറില്ലായിരുന്നു.നാളുകൾക്ക് ശേഷം അമ്മ ജോലിക്ക് പോയി. അമ്മയിൽ ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. അമ്മയുടെ സുഹൃത്ത് എപ്പോഴും വീട്ടിൽ വരുമായിരുന്നു.അയാൾ അമ്മയോട് സംസാരിക്കുന്നത് എന്നിൽ വല്ലാത്തൊരു സ്വഭാവവ്യത്യാസം വരുത്തിയിരുന്നു. അമ്മയിൽ നിന്നും അകന്നു തുടങ്ങി മനസ്സ് മാത്രമല്ല അമ്മയോട് ഇഷ്ട കേടായി..
അച്ഛൻറെ ഫോട്ടോയിലായി എൻറെ പരാതികളും ചിരിയും കളിയും പരിഭവങ്ങളും,
കുറച്ചുനാളുകൾക്കപ്പുറം അമ്മയുടെ സുഹൃത്തിനെ വിവാഹം ചെയ്തിരുന്നു.വീട്ടിൽ അധികപ്പറ്റായി.

ഒറ്റപ്പെടൽ എന്നെ വിഴുങ്ങിതുടങ്ങി. അമ്മയോട് അധികം മിണ്ടാറില്ലായിരുന്നു.അമ്മയ്ക്കും പരാതിയുമില്ല പരിഭവവുമില്ല .
അകലങ്ങൾ തീർത്ത ഒറ്റ മുറിയിൽ പത്തുവയസ്സുകാരി അവളുടെ അച്ഛൻറെ ഓർമ്മകളുമായി ഓരോ നാളുകളും ജീവിച്ച് തീർക്കുകയായിരുന്നു. അച്ഛൻ പറഞ്ഞു തന്ന കഥകളോർത്ത് കണ്ണീർ പൊഴിച്ച് അച്ഛൻറെ ഫോട്ടോയും കെട്ടിപ്പിടിച്ച് ഉറങ്ങും .
എനിക്ക് ദൈവം കാത്തു വെച്ചിരുന്ന സ്നേഹം പോലെ വീടിനടുത്ത് ഒരു കുടുംബം വാടക താമസത്തിനെത്തി. ആ വീട്ടിലെ
അമ്മുക്കുട്ടി എൻറെ സ്വന്തം അനിയത്തി കുട്ടിയായി മാറി.അവളുടെ അമ്മയും അച്ഛനും കുഞ്ഞനുജനും ചേർന്നുള്ള ഒരു ചെറിയ കുടുംബം .
അവിടെ ഞാനുമൊരാളായി അമ്മുക്കുട്ടിയോട് എനിക്ക് ജീവനായിരുന്നു.
അച്ഛനെക്കുറിച്ച് പറഞ്ഞു കരയുമ്പോൾ അവളുടെ കുഞ്ഞു കൈകൾ എൻറെ കണ്ണുനീർ തുടച്ചുകളയുമായിരുന്നു.

എന്നിട്ടെന്നെ ചേർത്തുപിടിച്ച് എൻറെ കവിളിൽ കുഞ്ഞുമ്മ നൽകുമായിരുന്നു .
അമ്മുവിന് ഒരു ഉരുള ചോറു വാരി കൊടുക്കുമ്പോൾ ആ അമ്മ എനിക്കും തരും,
.കുഞ്ഞായിരുന്നു ഞാൻ എങ്കിലും ഭക്ഷണം കഴിക്കുമ്പോൾ സ്നേഹത്തിൻറെ രുചി നെഞ്ചിൽ എവിടെയോ നീറ്റലാകുമായിരുന്നു .
“സ്നേഹം അത് എത്ര കിട്ടിയാലും മതിയാവില്ല”
അമ്മുകുട്ടിയുടെ അമ്മയ്ക്ക് ന്റെ വീട്ടിലെ അന്തരീക്ഷം മനസ്സിലായതോടെ എന്നെ നന്നായി ശ്രദ്ധിച്ചിരുന്നു.എൻറെ മനസ്സിലെ സ്വന്തം അമ്മ “അമ്മുക്കുട്ടിയുടെ അമ്മ” അമ്മയുടെ മുത്തായി മാറി ഞാനും .
സ്കൂളിൽ പോകുന്നതിനു മുൻപ് തലമുടി കെട്ടിയും …
കുഞ്ഞു കഥകൾ പറഞ്ഞു തന്നും.. പലഹാരങ്ങൾ കഴിപ്പിച്ചും ഞാൻ അവിടെത്തെ മൂത്തക്കുട്ടിയായി.

എൻറെ സ്വന്തം വീട്ടിൽ ഞാനൊരു അന്യായായി മാറി അമ്മുകുട്ടിയോട് തല്ലു കൂടിയും ചിരിച്ചും രസിച്ചും ഏകദേശം ഒരു വർഷം കടന്നുപോയി. മാവിൻറെ ചോട്ടിൽ കട്ടുറുമ്പിൻ രാജ്ഞിയെ കാണാൻ കാവലിരിക്കും ഞങ്ങൾ .
കുഴിയാനയെ പിടിച്ച് അവളുടെ കൈകളിൽ വച്ച് കൊടുക്കുമ്പോൾ പെണ്ണ് സന്തോഷംകൊണ്ട് തുള്ളിച്ചാടും…
കൂടെ കളിക്കാൻ അവളുടെ അനിയൻ കുഞ്ഞുവാവയും ഉണ്ടാകും… അച്ഛന്റെ ഫോട്ടോ നോക്കി ഉറങ്ങാൻ നേരം പറയാൻ സന്തോഷത്തിൻറെ കഥകളായി…ഞാൻ ഒറ്റയ്ക്കാണ് എന്നുള്ള ചിന്തപോലും മാറിപ്പോയി .

പൂർണ്ണ സ്വാതന്ത്ര്യം ഉള്ള വീട് നാളുകൾ കഴിഞ്ഞു പോയി.
ഒരീസം രാവിലെ അമ്മുവിൻറെ അമ്മ കരയുന്ന പോലെ തോന്നി.
എന്താവും കാര്യം ഞാൻ ചിന്തിച്ചു. അമ്മുവിൻറെ അമ്മ കരയുകയാണ് .
ആ സാരിത്തുമ്പ് പിടിച്ച് അമ്മയുടെ കണ്ണീർതുടച്ചു.
അമ്മ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു
അവളുടെ അച്ഛനും മുറിയിൽ വല്ലാതെ വിഷമിച്ചിരിക്കുന്നു.
അമ്മ എനിയ്ക്ക് പതിവ് പോലെ ചോറ് വാരി തന്നു..എൻറെ തലയിൽ തലോടി എന്നെ കുളിപ്പിച്ച് പൗഡറിട്ട് അമ്മുവിൻറെ കൂടെ കിടത്തി ഉച്ചയ്ക്ക് ഉറക്കി.
അമ്മുക്കുട്ടിയെ കെട്ടിപ്പിടിച്ച് ഉറങ്ങിപോയി .
സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങി അമ്മയെന്നെ തിരികെ വിളിച്ച് ഒരു ഉമ്മ കൂടി തന്നു.
വീട്ടിൽ പോയി അച്ഛൻറെ ഫോട്ടോയിൽ നോക്കി
അമ്മ ഇന്ന് കരഞ്ഞ കാര്യമൊക്കെ പറഞ്ഞു
രാവിലെ ഉറക്കം എണീറ്റ് അമ്മുകുട്ടീടെ വീട്ടിൽ പോകാനായി പോയപ്പോൾ…. അവിടെ നിറയെ ആൾക്കൂട്ടം പോലീസ് ജീപ്പും തിക്കും തിരക്കും,
അടുക്കളപ്പടിയിൽ നിന്നും എന്റെ അമ്മ പിറുപിറുത്തു അവിടേക്ക് ചെല്ലരുത്…

കടബാധ്യത മൂലം കുടുംബസമേതം
അവർ ആത്മഹത്യ ചെയ്തുവെന്ന്, ആരുമില്ലാത്ത അനാഥയപ്പോലെ എൻറെ അച്ഛൻറെ ഫോട്ടോയ്ക്ക് അരികിലിരുന്നു. പൊട്ടിക്കരഞ്ഞു അമ്മുക്കുട്ടിയും അച്ഛനും അമ്മയും ഞാൻ സ്നേഹിച്ച എല്ലാവരും എന്നെ ഒറ്റയ്ക്കാക്കി പോയി.
എൻറെ അമ്മ അപ്പോഴും അടുക്കളയിൽ പടിയിൽ നിന്നും പിറുപിറുത്തു .അപശകുനം അവിടേക്കു പോയി കൂട്ടായി അവരെയും കൊന്നു. പരാതി പറയാൻ സങ്കടങ്ങൾ പറയാൻ അച്ഛൻറെ ഫോട്ടോ മാത്രം ബാക്കിയായി.
എന്താ അച്ഛാ …. അമ്മുവിൻറെ അമ്മ സ്നേഹത്തോടെ ആ വിഷം വാരി എനിക്കും കൂടി തന്നിരുന്നെങ്കിൽ അച്ഛൻറെ അരികിൽ എത്താമായിരുന്നു.ഫോട്ടോ കൈയിലെടുത്തു ഞാൻ ആവർത്തിച്ചു ചോദിച്ചു.

എൻറെ കുഞ്ഞു ഹൃദയം സഹിക്കുന്നതിനും അപ്പുറം വേദനകൾ മാത്രമായി.
ഇനി ഞാൻ ആരെയും സ്നേഹിക്കില്ല.എൻറെ ജാതകദോഷം ആണേൽ ആർക്കും ഇനി ആപത്ത് വേണ്ടായേ…. അമ്മുക്കുട്ടിയും അവളുടെ അമ്മയും ഓർമ്മയായി മാറി.
ആരൊക്കെ അരികിലുണ്ടെങ്കിലും. ‘ചിലരൊക്കെ ഇല്ലെങ്കിൽ എന്നും ഒറ്റപ്പെടലാണെന്ന്, എന്റെ ബാല്യത്തെക്കുറിച്ച് മനോഹരമായി വർണ്ണിക്കാൻ പറഞ്ഞ
കൂട്ടുക്കാരിയോട് ഞാൻ പറഞ്ഞു.

ശാന്തി സുന്ദർ

By ivayana