പുണ്യങ്ങളുടെ പൂമഴ വർഷിച്ച് ഒരു റമദാൻ കൂടെ വിട പറയുകയാണ്. സ്നേഹത്തിൻ്റെ കനിവിൻ്റെ കരുണയുടെ പാഠങ്ങൾ ചൊല്ലി പപഠിപ്പിച്ചു കൊണ്ട്.

ആയിരം മാസത്തെ പുണ്യവും വർഷിച്ച്
ഓടിയകലുന്ന പൂമഴയെ.
സ്വാർത്ഥമാം മനസ്സിന്റഴുക്കു തുടക്കുവാൻ
എന്നിൽ ഇറങ്ങിയ തേൻമഴയെ .
എരിയും വയറതിൻ രുചിയതറിയിച്ചു
കണ്ണ് തുറപ്പിച്ച പുണ്യമേ നീ
ക്ഷമയതിൻ മേൻമയും ത്യാഗത്തിൻ പാഠവും
ചൊല്ലി പഠിപ്പിച്ചു നീയതെന്നും
എല്ലില്ല നാവിൻ പരാക്രമത്തെയമ്പെ
പൂട്ടിട്ടു കെട്ടി നീ വ്രതമതാലെ.
എന്നുമെ പൂമഴ പെയ്തു നീ എന്നിലായ്
കറകളതൊക്കെയും നീക്കിടാനായ്.
ഉള്ളം തുറന്നിട്ട് ഉള്ളു പിടഞ്ഞിട്ട്
പ്രാണനാം നാഥനിൽ കേണിടുമ്പോൾ .
സാക്ഷിയായ് നിന്നു നീ പുണ്യത്തിൻ
മാസമേ രാവതിൽ നിത്യവും എന്റെ കൂടെ .
പല വഴി വന്നുള്ള ധനമത് കൊണ്ട് ഞാൻ
പെരുവഴിയാകാതെ മാറിടാനായ് .
അവകാശി തന്നിലായ് സാക്ഷിയായ്
നീ നിന്ന് തേൻ മഴ ചെയ്യിച്ചു ധനമതാലെ.
കൂട്ടിനെ കൂട്ടി പിടിക്കാൻ പഠിപ്പിച്ച
നീയങ്ങ് സ്നേഹമായ് പെയ്തിറങ്ങി.
സ്നേഹത്തിൻ സൗഹൃദ പൂമഴ പെയ്യിച്ച്
ഇഫ്താറിൻ കാരക്ക മധുരമാലെ.
വിടയൊന്ന് ചൊല്ലിടാൻ വാക്കില്ല
ഞങ്ങളിൽ എന്ന് നീ വരുമെന്ന ചിന്ത മാത്രം.
പുണ്യങ്ങൾ പെയ്തുള്ള പൂക്കാലമേ
നിന്നെ അത്രമേൽ പ്രണയിച്ചു നിന്നെ ഞങ്ങൾ .

ടി.എം. നവാസ്

By ivayana