രചന : സുവർണ്ണ നിഷാന്ത് ✍️
നീ കടന്നു വന്നത്
ധൃതിയിലായിരുന്നിട്ടും
പാദപതനം കേട്ടില്ല
ഞാനറിഞ്ഞതേയില്ല
എന്നതിൽ നിന്നും,
ഇരുട്ടായിരുന്നെന്ന് മാത്രം
തൽക്കാലം കരുതുക.
അത്രയും
നേർത്തൊരതിരിലൂടെ
ഒറ്റയ്ക്കൊരാൾ ജീവിതം
മുറിച്ചുകടക്കുമ്പോൾ,
ഏറ്റം രഹസ്യമായി
അവനവനോട് തന്നെ
കലഹിച്ചിരുന്നതിന്റെയോ
എന്നും ആഗ്രഹിച്ച
ഒരാലിംഗനത്തെ സ്വയം
കുടഞ്ഞെറിഞ്ഞു
കളഞ്ഞിരുന്നതിന്റെയോ
അസ്വസ്ഥത
നിഴൽ പടർത്തിയേക്കാം.
അൽപ്പം സൂക്ഷ്മമായി
നോക്കുമ്പോൾ
നിഗൂഢമായൊരു
പുഞ്ചിരിയുണ്ടെന്ന്
തോന്നുന്നെങ്കിൽ,
നീ പറയാറുള്ളത് പോലെ
ഇപ്പോഴും ഞാൻ
സന്തോഷമായിരിക്കുന്നു
എന്നുതന്നെ കരുതിയേക്കണം.
നീയെന്ന ലഹരികുടിച്ച്
ഉന്മത്തമായ പകലുകളിൽ
സ്വപ്നദംശനമേറ്റ
നീലിച്ച രാവുകളിൽ
നിന്നെയുണ്ട് നിന്നെക്കുടിച്ച്
നീ മാത്രമായിപ്പോയ
എന്റെ കവിതകളിൽ,
നീയടയാളപ്പെട്ട
എന്റേതായ എല്ലാത്തിലും
മരണമെന്ന കയ്യൊപ്പ്
വെക്കുകയാണ് ഞാൻ.
മറ്റാർക്കും
തിരിച്ചറിയാനാവാത്ത
അസ്വസ്ഥതയിലും
അത്രയും നിഷ്കളങ്കമായി
മുഖത്തു വരച്ചുവെച്ച
ആകാശമല്പം
കറുപ്പ് പടർന്നുവെങ്കിലും
വാത്സല്യത്തോടെ തന്നെ
കോരിയെടുക്കുക,
ഒരു ദീർഘചുംബനത്താൽ
ഉദകം നൽകുക…