രചന : കവിത രമേഷ് ✍️
ദൈവങ്ങൾ നൃത്തമാടുകയാണ്.
രക്തവർണ്ണാങ്കിതമായ അണിയലങ്ങളും,
അഗ്നിയുടെ നിറച്ചേരുവകളാൽ
കഥാപാത്രത്തിൻ്റെ സ്വരൂപമാവാഹിച്ച
മുഖത്തെഴുത്തുമായി ദൈവം സന്നിവേശിച്ച
കോലധാരി നിറഞ്ഞാടുകയാണ്.
കലകളുടെ സമഗ്രത കണ്ടാണോ,
സ്വരൂപത്തിൻ്റെ പ്രഭാവത്താലാണോ
നാം സ്തബ്ധരാകുന്നതെന്നറിയില്ല.
അധഃസ്ഥിതന്റെ ആത്മപ്രകാശനം
ദൈവക്കരുവായി മാറുന്ന ഈ അനുഷ്ഠാന കല
ഗോത്രസംസ്കാരത്തിൻ്റെ സത്തയും സമ്പന്നതയുമാണ്!
പൂക്കട്ടി മുടിയും,ഇരട്ട ചുരുളിട്ടെഴുത്തും വെള്ളത്താടിയും,
ചിറകുടുപ്പ് അരച്ചമയവുമായി
മേലാകെ മഞ്ഞൾ പൂശി
“ഉടലിൽ പാമ്പിണ ചേരും മുകിൽ വർണൻ
ആത്മപാരിതിൽ പുകൾപെറ്റ കണ്ടനാർ കേളൻ” വരവായ് !
