രചന : ബിനോ പ്രകാശ് ✍️
” അ:ന്തപ്പുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു, “
” അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.”
“അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും.”
“അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.”
“സന്തോഷത്തോടും, ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും. അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.”
ഗായകസംഘം
സങ്കീർത്തനമാലപിച്ചു.
വിവാഹവേദിയിൽ വധുവും വരനും ആഗതരായി.
ഒരു കുടുംബം ഭൂമിയിൽ പിറക്കുന്ന പവിത്രദിനത്തിൽ ദൈവീക സാന്നിധ്യം മഞ്ഞുതുള്ളിപ്പോലെ പെയ്തുകൊണ്ടിരുന്നു.
” വിഷ് യൂ ഹാപ്പി മാരിറ്റൽ ലൈഫ് “
പള്ളിയുടെ ഒരു മൂലയിൽ നിന്നു മനസുകൊണ്ട് ഞാൻ അവർക്ക് മംഗളമാശംസിച്ചു.
മിന്നുകെട്ടിനു ശേഷം വരന്റെയും വധുവിന്റെയു കരം പിടിച്ചു അവരെ ഒന്നായി ചേർക്കുന്ന നിമിഷം… വൈദീകന്മാർ വിശുദ്ധ ബൈബിൾ ഭക്തിയോടെ വായിച്ചു കൊണ്ടിരുന്നു.
” സൃഷ്ടിച്ചവൻ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും, അമ്മയെയും വിട്ടു ഭാര്യയോട് പറ്റിചേരും.
ഇരുവരും ഒരു ദേഹമായി തീരും.
അതുകൊണ്ട് അവർ മേലാൽ രണ്ടല്ല ഒന്നത്രെ. ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപ്പിരിക്കരുത്. “
മുഴങ്ങുന്ന ഡി. ജെ യിൽ കൂടി
ആ ഈശ്വര വചനങ്ങൾ ഒരു സ്ഫോടനശബ്ദംപ്പോലെ ചെവിയിൽ മുഴങ്ങി..
” അതുകൊണ്ട് അവർ മേലാൽ രണ്ടല്ല ഒന്നത്രെ.”
ക്രിസ്തുവിന്റെ സ്വരമായി എന്റെയുള്ളിൽ മുഴങ്ങി…
എന്നിട്ട്…. രണ്ടുപേരിൽ ഒരാളില്ല.
ഞാൻ മാത്രം..
അതിന്റെയർത്ഥം പൂർണ്ണനായ ഞാൻ ഇപ്പോൾ പകുതി ശരീരവുമായി ജീവിക്കുന്നു.
എനിക്കെന്റെ ശരീരത്തോട് അറപ്പ് തോന്നി.
ഭാര്യ കൂടെയുണ്ടായിരുന്നപ്പോഴാ യിരുന്നു എന്റെ പൂർണ്ണത…
ഇപ്പോൾ പകുതിശരീരമായി.
വികൃതനായി.
അയ്യേ…
മനസിലൊരു നീറ്റൽ.
ഒരുപ്പാട് ഞാനവളെ ഉപദ്രവിച്ചിരുന്നു.
കയ്യിൽ കിട്ടുന്നതെടുത്ത് തല്ലുമായിരുന്നു.
നീണ്ട തലമുടിയിൽ പിടിച്ചു വലിച്ചിഴക്കുമായിരുന്നു….
അടിവയറ്റിൽ ചവിട്ടുമായിരുന്നു.
പരിശുദ്ധത നിറയുന്ന ഈ പള്ളിയിൽ നിന്നപ്പോൾ എന്റെയുള്ളം അനുതാപത്താൽ നിറയുന്നു.
വിവാഹസദ്യ കഴിക്കാൻ എനിക്കു തോന്നിയില്ല.
മനസ്സിൽ അവളുടെ മുഖം മാത്രം.
രണ്ടല്ല ഒന്നത്രെ എന്നു പറഞ്ഞു
എല്ലാവരും കൂടി ഒരിക്കൽ കൂട്ടി ചേർത്തിട്ട്…
ഞാൻ എന്റെ കൈകളിലേയ്ക്ക് നോക്കി.
അതിൽ കറകൾ മാത്രം…
എന്താ ജോസേ, കഴിക്കുന്നില്ലേ
മൃദുവായ ഒരു സ്പർശം.
ചിന്തകളിൽ നിന്നുണർന്നു ഞാൻ നോക്കി.
ഫാദർ… ജെയിംസ് ചാക്കോ.
ഫാദർ… ഒരു മിനിറ്റ്.. തരുമോ.
എന്താടോ… തിരക്കിനിടയിൽ നിന്നും അല്പം മാറി നിന്നപ്പോൾ ഞാൻ ചോദിച്ചു.
ഫാദർ ഭാര്യയെ ഉപദ്രവിക്കുന്നവൻ ആരാണ്?
അവനെ ആരോട് ഉപമിക്കാൻ കഴിയും?
ജോസേ.. നീ ബൈബിളിൽ
വായിച്ചിട്ടില്ലേ… കല്ലറകളിൽ താമസിച്ചിരുന്ന ഒരു ഭ്രാന്തനെക്കുറിച്ച്.
ആയിരക്കണക്കിന് ഭൂതങ്ങൾ ബാധിച്ചു
നഗ്നനായ്… സ്വന്തം ശരീരത്തെ കല്ലു കൊണ്ട് ഇടിച്ചു മുറിവേൽപ്പിച്ചു കഴിഞ്ഞവൻ.
അവനിലുള്ള ഭൂതങ്ങളെ കർത്താവ് പന്നികളിലേയ്ക്ക് വിട്ട കഥ നിനക്കറിയാമോ?
അതേ… സ്ത്രീ പുരുഷന്റെ ശരീരമാണ്.
ഭാര്യയെ ഉപദ്രവിക്കുന്നവൻ സ്വന്തം ശരീരത്തെയാണ് ഉപദ്രവിക്കുന്നത്.
അങ്ങനെയുള്ളവർ കല്ലറകളിൽ കഴിഞ്ഞ ഭ്രാന്തനെപ്പോലെയാണ്.അവനാണ് സ്വന്തം ശരീരത്തെ മുറിവേൽപ്പിക്കുന്നത്.
വരാം ജോസേ… ഫാദർ തിരക്കിനുള്ളിൽ മറഞ്ഞു.
ഡിവോഴ്സ് എല്ലാം തയ്യാറായിരിക്കുന്നു.
എനിക്കിനി ഉപദ്രവം സഹിക്കാൻ വയ്യ.. അവൾ പറഞ്ഞത് ഞാൻ ഓർത്തു.
ശരിക്കും ഞാൻ… ആ കല്ലറയിലെ ഭ്രാന്തനായിരുന്നു.
സ്നേഹിക്കാൻ കഴിയാതെ
ഭാര്യയെ മനസിലാക്കാൻ കഴിയാതെ
പണത്തിന്റെ കൊഴുപ്പിൽ ഭ്രാന്ത് പിടിച്ചവനായി.. സ്വന്തം ശരീരത്തെ ഉപദ്രവിച്ചവൻ…
കാറിന്റെ വേഗത കുറവാണെന്ന് തോന്നി.
അവളെ കാണണം.
ചേർത്ത് പിടിക്കണം
ഈ കല്യാണദിവസത്തിൽ ദൈവം എന്നെ തൊട്ടു… എന്നിലെ ദുരത്മാക്കൾ അകന്നു പോയി.
ഇനി ഞാൻ നിന്നെ ഉപദ്രവിക്കില്ല..
എന്ന് അവളോട് പറയണം.
അവളുടെ വീടിന്റെ മുന്നിൽ കാർ നിർത്തി.
ജനൽപ്പാളികൾക്കിടയിലൂടെ ആരെന്ന് നോക്കുന്ന അവളുടെ മുഖം ഞാൻ കണ്ടു..
ഞാൻ നഗ്നനല്ലെന്നു എനിക്കു തോന്നി.
കയ്യിൽ കല്ലില്ലെന്നു ബോധ്യമായി.
കല്ലറകൾ വിട്ടു പൂന്തോട്ടത്തിലെത്തിയത്പ്പോലെ തോന്നി.
ഞാൻ കൈകൾ ഉയർത്തി അവളെ വിളിച്ചു.
ആദ്യമായി സ്നേഹത്തോടെ അവളെനോക്കി ചിരിച്ചു..
ആശ്ചര്യത്തോടെ വാതിൽ തുറന്ന
അവളെ കെട്ടിപിടിച്ചു.
സ്നേഹത്തിന്റെ കണ്ണുനീർ കവിളിലൂടെ ഒഴുകി…
എന്നിലെ ഭ്രാന്തൻ മരിച്ചു.
ഞാൻ മെല്ലെ പറഞ്ഞു.
നെഞ്ചിലേയ്ക്ക് തല ചേർത്ത് വെച്ചുകൊണ്ടവൾ പറഞ്ഞു…
ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.
