മഴയും
പ്രളയവുമില്ലാതെ
പല വീടുകളും
ജീവിതത്തിൽ നിന്നും
ഒലിച്ചു പോയിരിക്കുന്നു.
ലഹരി മണക്കുന്ന
വാക്കുകൾക്കിടയിൽ
കത്തിയും കോടാലിയും
വീട് ഭരിക്കാൻ
തുടങ്ങിയത് മുതൽ.
ഓരോ
.ശ്വാസത്തിനിടയിലും
നമുക്കിടയിൽ
ചീഞ്ഞളിയുന്ന
രക്ത ബന്ധങ്ങളുടെ
നീറ്റലുകളിൽ
കൊല ചെയ്യപ്പെടുന്ന
നിമിഷങ്ങൾ
ചിതറിവീഴുമ്പോൾ
പാലും, തേനും
ഊട്ടി വളർത്തിയ
മക്കൾ നമ്മളുടെ
പ്രതീക്ഷകളെ
കീറിമുറിച്ച്
പാളം തെറ്റിക്കുതറുമ്പോൾ
ഉത്തരമില്ലാത്ത
ചോദ്യങ്ങൾക്കിടയിൽ
നമ്മൾ പേടിച്ചരണ്ട
കണ്ണും കാതുമാവുമ്പോൾ
കാത്തിരിപ്പിന്റെ
കാലൊച്ചകൾ
കരിയിലകളിൽ
നെഞ്ചിടിപ്പുകളെ
കരയിപ്പിക്കുമ്പോൾ.
കൂടെപ്പിറപ്പിനെ പോലും
വിശ്വസിക്കാനാവാത്ത
തീ നമ്മുടെ ഉള്ളിൽ
ആളിക്കത്തുമ്പോൾ.
മുറിവുകളിലേക്ക്
ചുരുങ്ങിപ്പോയ
ചില വീടുകൾ
മഴയും
പ്രളയവുമില്ലാതെ
ജീവിതത്തിൽ നിന്നും
ഒലിച്ചു പോയിരിക്കുന്നു.

ഷാജു. കെ. കടമേരി

By ivayana