രചന : ഷീബ ജോസഫ് ✍
ദാമൂ… ഇവനിത് എവിടെപ്പോയി കിടക്കുവാ? ഇപ്പോൾ, ആളുകൾ വരാൻ തുടങ്ങും.
ചെറിയ ഒരു ഹോട്ടൽ നടത്തുകയാണ് മണി. നാടും വീടുംവിട്ട് ചെറുപ്പത്തിൽ വന്നുപെട്ടതാണവിടെ. അവിടെ ചെന്നുപെട്ടതിൽപിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. പോയിട്ട് വലിയ പ്രയോജനം ഒന്നുമില്ല, അവൻ്റെ വേണ്ടപ്പെട്ടവർ ആരുംതന്നെ ഇപ്പോൾ അവിടെ ഇല്ല.
ഹോട്ടലാണ് മണിയുടെ ഉപജീവനമാർഗ്ഗം. ഭിത്തിയിൽ എല്ലാ ദൈവങ്ങളുടെയും പടങ്ങൾ വച്ചിട്ടുണ്ട്. എല്ലാ ദൈവങ്ങളും മണിക്ക് ഒരുപോലെയാണ്. അവരുടെ മുന്നിൽ വിളക്കുകൊളുത്തി പ്രാർത്ഥിച്ച് ഒരു ചന്ദനത്തിരികൂടി കത്തിച്ചുവച്ചു.
ചേട്ടാ, ഇവിടെ കഴിക്കാൻ എന്തുണ്ട്?ചോദ്യംകേട്ട് മണി തിരിഞ്ഞുനോക്കി.
“മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ”
അപ്പവും മുട്ടറോസ്റ്റും ഉണ്ട്, എടുക്കട്ടെ?
“ശരി ചേട്ടാ, ഒരു ചായകൂടി എടുത്തോ”
മലയാളിയാണല്ലെ?
“അതേ…”
പേരെന്നാ?,
നാട്ടിൽ എവിടെയാ വീട്?,
ജോലിക്കായിട്ട് വന്നതാണോ ഇവിടെ?
ഒരു മലയാളിയെ കണ്ടതിന്റെ സന്തോഷത്തിൽ ആയിരിക്കണം, മണി കുറേ ചോദ്യങ്ങൾ ഒരുമിച്ചാണ് ചോദിച്ചത്.
“എൻ്റെ പേര് രാജു, ഒരു ജോലി അന്വേഷിച്ചാണ് ഞാനിവിടെ വന്നത്.”
അപ്പവും മുട്ടറോസ്റ്റും കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽതന്നെ രാജു ചോദിച്ചു. “ചേട്ടാ… ഇവിടെ എന്തെങ്കിലും ജോലികിട്ടാൻ സാധ്യതയുണ്ടോ?
മണി, രാജുവിനെ ഒന്നു സൂക്ഷിച്ചുനോക്കി. തീരെ മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ, ഷർട്ടും പാൻ്റുമാണ് വേഷം, മുടി നല്ല വൃത്തിയായി വെട്ടി ഒതുക്കിയിരിക്കുന്നു. മുഖത്തൊരു പ്രത്യേക ഐശ്വര്യമുണ്ട് കാണാൻ.
അന്വേഷിച്ചാൽ, ജോലിയൊക്കെ കിട്ടും, എന്താണ് പഠിച്ചത്?
“ചേട്ടാ, ഞാൻ ഡിഗ്രി കഴിഞ്ഞു.”
നാട്ടിൽ ജോലി നോക്കിയില്ലേ?
നാട്ടിലൊക്കെ, ജോലിചെയ്താൽ തുച്ഛമായ ശമ്പളം മാത്രമേ കിട്ടുകയുള്ളു.
വീട്ടിലെ ബുദ്ധിമുട്ടുകൊണ്ടാണ് ചേട്ടാ ഞാൻ ജോലി അന്വേഷിച്ചിറങ്ങിയത്.
ഇവിടെയൊക്കെയാകുമ്പോൾ എന്തുജോലിയും ചെയ്യാമല്ലോ?
“നമ്മുടെ നാട്ടിൽ അങ്ങനെയല്ലല്ലോ കാര്യങ്ങൾ”
രാജുവിന് ഇവിടെ വേറെ ആരെയെങ്കിലും പരിചയമുണ്ടോ?
“ഇല്ല ചേട്ടാ.. ഞാൻ ഇവിടെ ആദ്യമായി വരുകയാണ് “
അപ്പോൾ താമസമൊക്കെ എവിടെയാണ്?
“എനിക്കൊന്നും അറിയില്ല ചേട്ടാ, ചേട്ടൻ എന്നെ ഒന്നു സഹായിക്കണം.”
അതിപ്പോ, ഞാൻ എങ്ങനെ സഹായിക്കുമെന്നാണ്?
രാജു ഒരു കാര്യം ചെയ്യ്, ഒരു ജോലി കിട്ടുന്നതുവരെ എൻ്റെ കൂടെ കൂടിക്കോ. ഇവിടെയുള്ള ആളുകൾക്ക് വിദ്യാഭ്യാസം തീരെ കുറവാണ്.
രാജുവിന് ഇംഗ്ലീഷൊക്കെ നന്നായി എഴുതാനും വായിക്കാനും അറിയാമോ?”
“അറിയാം ചേട്ടാ.”
എങ്കിൽ ഒന്നുകൊണ്ടും പേടിക്കേണ്ട.
ഇവിടെയൊരു മേശയും കസേരയും ഇട്ട് ഇരുന്നാൽമതി. ബാക്കിയൊക്കെ ഞാൻ ശരിയാക്കിതരാം.ഇതിൻ്റെ തൊട്ടുപുറകിൽതന്നെയാണ് എൻ്റെ വീട്. തല്ക്കാലം എൻ്റെ വീട്ടിൽ താമസിക്കാം.
യാത്ര ചെയ്ത് വന്നതല്ലേ, ഇപ്പോൾ പോയൊന്ന് വിശ്രമിക്ക്?
“കണ്ണമ്മാ…” മണി നീട്ടിവിളിച്ചു.
“എന്ന അണ്ണാ…”
നീ അവിടെ എന്ത് ചെയ്യുവാ? “ഒന്നിവിടെവരെ വന്നേ, പതിയെ വന്നാ മതി കേട്ടോ.”
ഒരു ഊന്നുവടിയുടെ സഹായത്തോടെ, വലിയൊരു വയറും താങ്ങി പതിയെ നടന്നുവരുന്ന ഒരു പെണ്ണ്. ഒരു കാലിന് സ്വാധീനക്കുറവുണ്ട്.
“ഇതാണ് എൻ്റെ ഭാര്യ കണ്ണമ്മ,
ഞങ്ങളുടെ കുഞ്ഞാണ് ഇവളുടെ വയറ്റിനുള്ളിൽ കിടക്കുന്നത്. ഇവൾക്ക് ഞാനും, എനിക്ക് ഇവളുംമാത്രമേ ഉള്ളൂ.”
മണി, കണ്ണമ്മയെ പരിചയപ്പെടുത്തി.
“കണ്ണമ്മാ, ഇത് രാജു, നാട്ടിൽനിന്നും ജോലി അന്വേഷിച്ചു വന്നതാ, കുറച്ചുനാൾ, നമ്മുടെകൂടെ കാണുംകേട്ടോ?”
“ശരി അണ്ണാ..”
മണിയും കണ്ണമ്മയും…
ഒരു പ്രത്യേക അഴകാണ് രണ്ടുപേർക്കും. “കറുപ്പിന് ഏഴഴക് എന്ന് പറയുന്നതുപോലെ.”
മണിയെ പ്രണയിച്ച് കൂടെ ഇറങ്ങിപ്പോന്നതാണ് കണ്ണമ്മ. മണിക്ക് കണ്ണമ്മയെ ജീവനായിരുന്നു. അവരുടെ സ്നേഹം പിടിച്ചു പറിക്കാൻ അവരുടെ ഇടയിൽ ആരും ഇല്ലാത്തതുകൊണ്ടായിരിക്കും, അവർക്കിടയിൽ എപ്പോഴും സ്നേഹം നിറഞ്ഞുനിൽക്കുന്നത്.
“മണിയുടെ കുഞ്ഞ് എട്ട് മാസമായി കണ്ണമ്മയുടെ വയറ്റിലുണ്ട്.”
പ്രണയത്തിന് ഇത്ര ശക്തിയുണ്ട് എന്നത് അവന് പുതിയ അറിവായിരുന്നു. അവിടെ കുറവുകൾക്ക് ഒരു സ്ഥാനവുമില്ല എന്നവനു മനസ്സിലായി.
മണിക്ക്, കണ്ണമ്മയോടുള്ള പ്രണയം, പെണ്ണായിപിറന്ന ആർക്കുംതന്നെ അസൂയ ഉളവാക്കുന്നതായിരുന്നു.
“കഥകളിൽ പറയുന്നതുപോലെ, പ്രണയം തുളുമ്പുന്ന അവളുടെ ഭംഗിയുള്ള കണ്ണുകളിലേക്ക് നോക്കിയിരുന്നു പ്രണയിക്കാൻ, അവൾക്ക് ഭംഗിയുള്ള കണ്ണുകൾതന്നെ വേണം എന്നില്ലായിരുന്നു. പ്രണയംതുളുമ്പുന്ന ഒരു മനസ്സിൻ്റെ ഭാവനയ്ക്കൊത്തു വിരിയുന്ന വെറും സങ്കൽപ്പങ്ങൾ മാത്രമായിരുന്നു ബാഹ്യരൂപങ്ങളുടെ ഭംഗികൾ.”
രാജു ആ ചെറിയവീട്ടിൽ ഒരംഗമായി,
വിദ്യാഭ്യാസം വളരെ കുറവുള്ള നാട്ടുകാരായിരുന്നു അവിടെയുള്ളവർ.
അവർക്ക് ചെറിയ ചെറിയ എഴുത്തു കുത്തലുകളൊക്കെ ചെയ്തുകൊടുത്ത് അവൻ അവിടെ സ്ഥിരത ഉറപ്പിച്ചു.
നിഷ്കളങ്കരായ ആളുകളായിരുന്നു അവിടെയുള്ളവർ.
“വിദ്യാഭ്യാസം ഉള്ളതുകൊണ്ടുതന്നെ, അവനോട് എല്ലാവർക്കും ബഹുമാനം ആയിരുന്നു.”
തൊട്ടടുത്തവീട്ടിലെ കുട്ടിയാണ് സാവിത്രി, പന്ത്രണ്ടാംക്ലാസ്സിലാണ് പഠിക്കുന്നത്.
അവളെ ട്യൂഷൻ പഠിപ്പിച്ചുകൊടുക്കാനുള്ള ദൗത്യം മണിച്ചേട്ടൻവഴി അവൾ നേടിയെടുത്തു. മിടുക്കിയാണ്, നന്നായി പഠിക്കും.
“സാവിത്രിക്ക് പഠിക്കുന്നതിനേക്കാൾ അവൻ്റെ സാമീപ്യമായിരുന്നു താല്പര്യം.
അവൾ ഒരു പ്രത്യേക അടുപ്പം അവനോട് കാണിച്ചിരുന്നു.” ഇനി സവിത്രിയ്ക്ക് തന്നോട് പ്രണയമാണോ എന്നൊരു സംശയം രാജുവിന് ഉണ്ടായിരുന്നു.
എന്നാലും, അവൻ അത് മനസ്സിലാക്കിയ ഭാവംപോലും കാണിച്ചില്ല.
രാജു നല്ല ഉറക്കത്തിലേക്കു മയങ്ങിവീണപ്പോഴാണ് മണിയുടെ ഉറക്കെയുള്ള വിളി കേട്ടത്.
“രാജു വേഗം വാ, കണ്ണമ്മയ്ക്ക് പേറ്റുനോവ് തുടങ്ങി, വേഗം ആശുപത്രിയിൽ എത്തിക്കണം.”
കണ്ണമ്മയെ ആശുപത്രിയിൽ എത്തിച്ച്, പ്രസവമുറിയുടെ പുറത്ത് ചങ്കുപൊട്ടി നിൽക്കുകയാണ് മണി. കുറേസമയംകഴിഞ്ഞപ്പോൾ ഒരു നഴ്സ് കതകുതുറന്നു പുറത്തുവന്ന് അറിയിച്ചു.
“പെൺകുട്ടിയാണ്. കുഞ്ഞു സുഖമായി ഇരിക്കുന്നു.”
“കണ്ണമ്മയ്ക്ക് എങ്ങനെയുണ്ട്?” അവരൊന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിവന്ന ഡോക്ടർ പറഞ്ഞു. “സോറി, കുഞ്ഞിനെമാത്രം രക്ഷിക്കാനേ ഞങ്ങൾക്കു പറ്റിയുള്ളു.”
നിലത്തേക്ക് വേച്ചിരുന്നുപോയ മണിച്ചേട്ടനെ ആശ്വസിപ്പിക്കാനാകാതെ രാജു നിന്നു. തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചുകുഞ്ഞുമായി വീണ്ടും ആ നഴ്സ് പുറത്തേക്കുവന്നു. രാജുവാണ് ആ കുഞ്ഞിനെ മേടിച്ചത്.
” ഒരു പൊടി കുഞ്ഞ്.”
കുഞ്ഞിനെ മണിച്ചേട്ടനെ കാണിച്ചുവെങ്കിലും, മണി മുഖം തിരിച്ചുകളഞ്ഞു. ചടങ്ങുകൾ എല്ലാംകഴിഞ്ഞ് വീട്ടിൽ അവർ മൂന്നുപേരും മാത്രമായി. ആ കുഞ്ഞിനെ മണി തിരിഞ്ഞുപോലും നോക്കിയില്ല.
രാജുവിന് എന്തുചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു. കുപ്പിപ്പാൽ റെഡിയാക്കി കുഞ്ഞിനെ കുടിപ്പിച്ച് വിശപ്പകറ്റി അതിനെ ഉറക്കി. കുഞ്ഞിനെ നോക്കി രാജു വീട്ടിൽ തന്നെയിരുന്നു.
ഒരു ദിവസം ഹോട്ടലിൽനിന്നും വന്നപ്പോൾ മണി പറഞ്ഞു. “കുഞ്ഞിനെ നമുക്ക് ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാം.”
“അയ്യോ മണിച്ചേട്ടാ, ഇത് മണിച്ചേട്ടന്റെ മോളല്ലേ”.
“എന്റെ കണ്ണമ്മയെ ഇല്ലാതാക്കിയ ഈ കുഞ്ഞിനെ, എന്റെ മോളായിട്ട് എനിക്ക് അംഗീകരിക്കാൻ പറ്റില്ല രാജു. ഈ കുഞ്ഞിനെ കാണുന്നതുതന്നെ എനിക്കു പേടിയാണ്.”
“കുഞ്ഞിനെ ഞാൻ നോക്കിക്കോളാം മണിച്ചേട്ടാ?”
“അപ്പോൾ നിനക്ക് ജോലിക്കൊന്നും പോകണ്ടേ? കുഞ്ഞിൻ്റെ കാര്യംനോക്കി ഇവിടെ ഇരുന്നാൽ മതിയോ? അല്ലേലും, ഈ കൊച്ചുകുഞ്ഞിൻ്റെ കാര്യം നീ നോക്കിയാൽ ശരിയാകില്ല, ഇതിനൊക്കെ ഏതെങ്കിലും പെണ്ണുങ്ങൾതന്നെ വേണം.”
“ഞാൻ നോക്കിയിട്ട് ഇപ്പോൾ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലല്ലോ? എന്നെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ ഞാൻ പറയാം.”
“നിന്നോടുഞാൻ എന്തുപറയാനാ, നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ, ഞാൻ ഇനി ഒന്നും പറയുന്നില്ല.”
രാജു കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ ചെയ്യുന്നതുകണ്ടിട്ട് മണിക്ക് അതിശയം ആയിരുന്നു. ഇവൻ ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു. കുഞ്ഞിനെ പരിചരിക്കാനുള്ള ഒരു പെണ്ണിൻ്റെ സാമർത്ഥ്യംമുഴുവൻ അവനിൽ ഉണ്ടായിരുന്നു.
കുഞ്ഞിനെ കുളിപ്പിക്കാനും കണ്ണെഴുതിക്കാനും ഒക്കെയായി സാവിത്രിയും അവൻ്റെയൊപ്പം കൂടിയിരുന്നു. സാവിത്രിയുടെ, അടിക്കടിയുള്ള വരവിൻ്റെ ഉദ്ദേശ്യം മണിക്ക് പെട്ടെന്നുതന്നെ മനസ്സിലായി.
സാവിത്രി നല്ല കുട്ടിയാണ് കേട്ടോ? നിന്നെ അവൾക്ക് ഒത്തിരി ഇഷ്ടമാണെന്ന് തോന്നുന്നു, നമുക്കൊന്ന് ആലോചിച്ചാലോ?
“അതൊന്നും ശരിയാകില്ല മണിച്ചേട്ടാ.”
അതെന്താ, നിനക്കുംവേണ്ടേ ഒരു കല്യാണവും കുടുംബവുമൊക്കെ?
എപ്പോഴും എൻ്റെ കുഞ്ഞിൻ്റെ കാര്യം നോക്കി ഇവിടെ ഇരുന്നാൽ മതിയോ?
സാവിത്രിയുടെ കാര്യം പറയുമ്പോഴെല്ലാം അവൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
“എൻ്റെ കുഞ്ഞിനെ ആരുനോക്കും എന്നു വച്ചിട്ടാണോ നീ അവളോടുള്ള പ്രണയം മറച്ചുപിടിക്കുന്നത്. നീ ഇങ്ങനെ തുടങ്ങിയാൽ കുഞ്ഞിനെ ഞാൻ വേറെ എവിടെയെങ്കിലും ആക്കും കേട്ടോ.”
“അയ്യോ മണിച്ചേട്ടാ കുഞ്ഞിനെ എങ്ങും കൊണ്ടുപോകണ്ട.”
“എനിക്കു മണിച്ചേട്ടനോടു ഒരു കാര്യം പറയാനുണ്ട്.”
“എന്താടാ, എന്ത് പറ്റി?”
“ഇനിയും ഞാൻ ചേട്ടനോട് ഒന്നും ഒളിക്കുന്നില്ല. സാവിത്രിയെ വേണമെങ്കിൽ എനിയ്ക്ക് പ്രണയിക്കുന്നതായി നടിയ്ക്കാം. അതിലപ്പുറമൊന്നും എനിക്കു പറ്റില്ല.
ചേട്ടനോട് ഞാൻ എന്നെക്കുറിച്ച് ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ലല്ലോ?
“നാട്ടിൽ, എൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഞാനും മാത്രമേ ഉള്ളൂ. ജീവിക്കാൻ ബുദ്ധിമുട്ടുകൊണ്ട് ജോലിതേടി വന്ന ഒരു ചെറുപ്പക്കാരനല്ല ഞാൻ.”
“പിന്നെ.! “
“ഞാൻ പറയാം മണിച്ചേട്ടാ, പറഞ്ഞുകഴിയുമ്പോൾ ചേട്ടൻ എന്നെ വെറുക്കരുത്.”
“നീ ആദ്യം കാര്യം പറ..!”
“നീ ഇതിന്, തിന്നാനും കുടിക്കാനും ഒന്നും കൊടുക്കത്തില്ലെ എൻ്റെ ജാനകീ. പെണ്ണിൻ്റെ ഒരു കോലം കണ്ടോ?ശരീരത്ത് നിന്ന് എല്ല് പെറുക്കിയെടുക്കാം.”
“കഴിപ്പിന് ഒന്നും കുറവുമില്ല ചേച്ചീ, ഇത് ഇങ്ങനെയേ ഇരിക്കൂ.”
“വല്ലോടത്തും കെട്ടിച്ചു വിടേണ്ട കൊച്ചല്ലായോ? ചെറുക്കന്മാർക്ക് ഇഷ്ടപ്പെടണമെങ്കിൽ, പെണ്ണിൻ്റെ ശരീരത്ത് എന്തെങ്കിലും ഒക്കെ വേണ്ടായോ.”
തീരെ മെലിഞ്ഞിട്ടാണ് രാജിയിരിക്കുന്നത്. മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ എല്ലും തോലും മാത്രമുള്ള എലുമ്പിച്ച ഒരു പെണ്ണ്.
കോളേജിൽ പോവുക വരുക, ഇതിലപ്പുറം വേറെ ഒരു ലോകം അവൾക്കില്ലായിരുന്നു. അവളുടെ പ്രായത്തിലുള്ള പെൺകുട്ടികളോട് ആൺകുട്ടികൾക്കു തോന്നുന്ന ആകർഷണം ഒന്നുംതന്നെ അവളോട് ആർക്കും ഇതുവരെയും തോന്നിയിട്ടില്ല. അവൾക്ക് ശരിക്കും അപകർഷതാബോധം ആയിരുന്നു.
‘എലുമ്പിച്ച പെണ്ണ്’ എന്നു കേട്ട് കേട്ട് അവൾക്കു തന്നെ നാണക്കേടായിരുന്നു.
ഒരാണിന് ആകർഷണം തോന്നുന്ന ശരീരം ഒട്ടുംതന്നെ അവൾക്കില്ലായിരുന്നു. കോളേജിൽ മരത്തണലിൽ ഇരിക്കുന്ന പ്രണയജോഡികളെ കാണുമ്പോൾ അവൾക്ക് സങ്കടം വരുമായിരുന്നു. ഇതുവരെയും ആരും അവളോട് ഒരു ഇഷ്ടം പറഞ്ഞു ചെന്നിട്ടില്ല. വേറെ ഒന്നിനോടും ശ്രദ്ധ പോകാത്തതുകൊണ്ടായിരിക്കാം രാജി നന്നായി പഠിക്കുമായിരുന്നു.
പ്രണയിക്കാൻ അവൾക്ക് ഒരുപാടു ഇഷ്ടമായിരുന്നു. പക്ഷെ അവളുടെ പ്രണയം ഏറ്റുവാങ്ങാൻ ആരും വന്നില്ല.
ഒരു പെണ്ണിൻ്റെ, പുഷ്ടിയുള്ള ശരീരമൊന്നും അവൾക്കില്ലായിരുന്നുവെങ്കിലും, ഒരു കുഞ്ഞിനു ജൻമം നൽകുവാനുള്ള ശാരീരികമാറ്റങ്ങളും, മനസ്സും അവൾക്കുണ്ടെന്ന് ആരും മനസ്സിലാക്കിയില്ല.
വിധിപോലും അവളോട് ഇത്രയും ക്രൂരമായി പെരുമാറാൻ അവളെന്ത് തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക?
നിർത്താതെ ഒഴുകുന്ന ചോരയിൽ അവളുടെ പെൺശരീരത്തിൻ്റെ ഒരടയാളം മുറിച്ചു മാറ്റപ്പെട്ടു.
” ഇതിനെ ഇനി എന്ത് ചെയ്യാനാ? ” ജന്മം കൊടുത്ത ആണിൻ്റെ ചോദ്യത്തിനുമുന്നിൽ അവളുടെ അമ്മ പകച്ചുനിന്നു. നെഞ്ചുപൊട്ടി കരയുന്ന അമ്മയുടെ കണ്ണീരൊപ്പാൻ അവളുടെ കയ്യിൽ ഒന്നുംതന്നെ ഇല്ലായിരുന്നു.
“എൻ്റെ കുട്ടി ദൂരെ എവിടെയെങ്കിലും പോയി മനസ്സമാധാനത്തോടെ ജീവിക്ക്,
മുള്ളുവച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് ഈ അമ്മക്ക് മതിയായി.”
“അമ്മേ.. ഞാൻ എങ്ങോട്ട് പോകാനാണ്?
വിശപ്പിനുള്ള ആഹാരം തന്നാമതി, ഞാൻ ഇവിടെ എവിടെയെങ്കിലും കഴിഞ്ഞോളാം.”
” എൻ്റെ പൊന്നുമോളെ, അമ്മ സങ്കടംകൊണ്ട് പറഞ്ഞു പോയതാ, എൻ്റെ കുട്ടി എങ്ങും പോകണ്ട.” അവളെ കെട്ടിപ്പിടിച്ച് അവർ വാവിട്ടുകരഞ്ഞു.
“നാട്ടുകാരുടെ മുനവച്ചുള്ള ചോദ്യങ്ങളിൽനിന്ന് എൻ്റെ അമ്മയെ രക്ഷപെടുത്താനാണ് ചേട്ടാ ഞാനിവിടെ എത്തിയത്. ആരും അറിയാതെയിരിക്കാനാണ് ഒരാണിൻ്റെ വേഷം കെട്ടിയത്.”
“ഞാൻ ഒരു പെണ്ണാണ്, എൻ്റെ പേര് രാജി.”
എലുമ്പത്തി രാജിയിൽ നിന്നും, എലുമ്പൻ രാജുവിലേക്കുള്ള മാറ്റത്തിൻ്റെ കഥകൾകേട്ട് മണി കണ്ണുംമിഴിച്ച് ഇരുന്നു.
“ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള അവസ്ഥയും പെണ്ണിൻ്റെ പുഷ്‌ട്ടിയുള്ള ശരീരവും എനിക്കില്ലെങ്കിലും, ഒരു കുഞ്ഞിൻ്റെ പോറ്റമ്മയാകാനുള്ള ഒരു പെൺമനസ്സ് എനിയ്ക്കുണ്ട് ചേട്ടാ, ചേട്ടൻ എന്നെ ഇവിടുന്ന് പറഞ്ഞയക്കരുത്. പിന്നെ, സാവിത്രിയോട് ഞാനിത് ഒളിപ്പിച്ചുവച്ചതിനും കാരണമുണ്ട്, അവളുടെ പ്രണയം ഞാൻ ആസ്വദിക്കുകയായിരുന്നു. പ്രണയം തോന്നിപ്പിക്കുന്ന ഒരു ശരീരം എനിക്കില്ലെങ്കിലും, പ്രണയം കൊതിക്കുന്ന ഒരു മനസ്സ് എനിക്കുമുണ്ട്.
എലുമ്പിച്ച പെൺശരീരത്തിനോട്, ഒരാൺശരീരത്തിന് ഒരു ആകർഷണവും തോന്നില്ല എങ്കിലും, എലുമ്പിച്ച ആൺ ശരീരത്തിനോട്, ഒരു പെൺശരീരത്തിന് ആകർഷണം തോന്നും എന്ന് സാവിത്രിയുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ശരിക്കും ഞാനത് ആസ്വദിക്കുകയായിരുന്നു.
“അവളെ ആശിപ്പിച്ചത്, എൻ്റെ തെറ്റ് തന്നെയാണ്. ചേട്ടൻ എന്നോടു ക്ഷമിയ്ക്കണം.”
ഇതെല്ലാം കേട്ടുവെങ്കിലും മണി ഒന്നും മിണ്ടിയില്ല, മണിക്ക്, ഇതെല്ലാം ഒരു സ്വപ്നംപോലെ തോന്നി!
അടുത്ത ദിവസം ഹോട്ടലിൽനിന്നുംവന്ന മണിയുടെ കയ്യിൽ രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു.
” ഒരു മുഴം മുല്ലപ്പൂവും, ഒരു ജോഡി പെൺ വസ്ത്രവും.”
അത് രാജുവിൻ്റെ കയ്യിൽ കൊടുത്തു കൊണ്ട് മണി പറഞ്ഞു. “നീ ഇനി രാജിയായി ഇവിടെ എൻ്റെ കൂടെ ജീവിച്ചാൽ മതി.”
അതുപറയുമ്പോൾ മണിയുടെ കണ്ണുകളിൽ ഒരാണിൻ്റെ പ്രണയ ഭാവവും, അത് കേട്ട രാജുവിൻ്റെ കണ്ണുകളിൽ ഒരു പെണ്ണിൻ്റെ തിളക്കവും പ്രതിഫലിച്ചു നിന്നിരുന്നു..
