പ്രിയമുള്ളവരേ…
“ലാലിമ”… എന്ന പേര് ഞാൻ തൂലിക നാമമായി സ്വീകരിച്ചു. ഇനി മുതൽ ആ പേരിലാണ് എഴുതു ന്നത്.എല്ലാവരുടെയും അനുഗ്രഹങ്ങൾക്കായി..🙏🙏🙏..

ദൃശ്യവിസ്മയങ്ങളുടെ നനുത്ത ഭാവങ്ങളിലേക്ക് മഴയുടെ നനവ് പറ്റി ആ വൈകുന്നേരം ഹരിയുറങ്ങുന്ന മണ്ണിലേക്ക് നടക്കുമ്പോൾ, പറയാൻ ഒരു സ്വകാര്യം അമ്മുവിന്റെ മനസ്സിൽ തുടിക്കുന്നുണ്ടായിരുന്നു.
അവന്റെ വീടിന് വർഷങ്ങൾക്കു ശേഷവും പഴമയുടേതൊഴിച്ച് മാറ്റങ്ങളൊന്നുമില്ലല്ലോ എന്നവൾ വിസ്മയിച്ചു. അരണ്ട തവിട്ടു നിറത്തിലുള്ള ചായമടിച്ച ജനാലകളും കതകുകളും, കാലം പറിച്ചെടുത്തു കൊണ്ടു പോയ ഹരിയുടെ ഓർമ്മകളുടെ നിറം അല്പം പോലും കുറച്ചിട്ടില്ലായിരുന്നു.

ആ കുഴിമാടത്തിലെ പുല്ലുകൾ വകഞ്ഞു മാറ്റി ഒരല്പം മണ്ണ് കയ്യിലെടുത്തപ്പോൾ,
” അമ്മൂ.. എന്തേ ഇനി നീ ഒരിക്കലും എന്നെക്കാണാൻ ഇവിടേക്ക് വരില്ലെന്ന് പറഞ്ഞു പോയിട്ട്…? “
ആ പഴയ വീടിന്റെ നീളൻ വരാന്തയുടെ തെക്കേ അറ്റത്തുള്ള മുറിയിൽ നിന്നും ഒരു ശബ്ദം അവളിലേക്കൊഴുകിയെത്തിയത് പോലെ..
” ആരാ?വാര്യത്തെ ബന്ധുവാണോ? അടുത്ത വീട്ടിലെ വയസ്സായ കാരണവർ അപരിചിതത്വത്തോടെ ചോദിച്ചു.
” അല്ല..ഹരിയുടെ സുഹൃത്താണ്. ഇവിടെ ആരും താമസമില്ലേ? “
” ഇല്ല കുട്ടീ… ഞാൻ ഇവിടുത്തെ ഡ്രൈവറാ യിരുന്നു. ഹരിമോൻ പോയതിൽ പിന്നെ അമ്മ തനിച്ചായിരുന്നല്ലോ? കുറച്ചു വർഷം മുൻപ് അവരും മരിച്ചു. സഹോദരന്റെ മകനൊരു കുട്ടി എല്ലാ മാസവും ഇവിടെ മോന്റെ പക്കനാളിന് വന്ന് ഒരു തിരി കത്തിച്ചു വയ്ക്കും “.
“മും..” അമ്മു ഏതോ ചിന്തയിലെന്നോണം മൂളി.
അവൾ തുടർന്നു..

” ഞാൻ കൽക്കട്ടയിലാണ് താമസം. ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ഇവിടൊന്ന് വരണമെന്ന് തോന്നി. ഹരി എന്റെ കോളേജിൽ
സീനിയറായി പഠിച്ചതാണ്. “
ആ നിമിഷങ്ങളിലേക്കപ്പോൾ എന്നും അവളെ മോഹിപ്പിച്ചിരുന്ന ഒരു ശബ്ദം വന്നു പതിച്ചത് അവളറിയുന്നുണ്ടായിരുന്നു.
” അമ്മൂ..എന്നും എന്നെ കാത്തിരിപ്പിക്കാനായിരുന്നില്ലേ നിന്റെ ഇഷ്ടം? അമ്പലക്കുളത്തിന്റെ പടവുകളിലും, സർപ്പക്കാവിലും, ശിവക്ഷേത്രത്തിന്റെ പിറകുവശത്തുമെല്ലാം…
എത്രയോ സമയം ഞാൻ നിന്നെ കാത്തു നിന്നിട്ടുണ്ട്.. പരസ്പരം സംസാരം കേൾക്കാൻ ഇഷ്ടമാണെന്ന് പറഞ്ഞു രണ്ടുപേരും എത്ര സമയം മൗനം ചേർത്തു പിടിച്ചിട്ടുണ്ട്..
ഇന്നും അത് തന്നെ..

പക്ഷേ ഇന്ന് എന്തോ നിനക്കെന്നോട് പറയാനുള്ളത് പോലെ..”
താടിയിൽ കൈ തടവിക്കൊണ്ട് മുന്നിൽ ഹരി നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. തെക്കേ അറ്റത്തെ മുറിയുടെ ജീർണതയിലും അവൻ ജ്വലിച്ചു നിൽക്കുന്നതുപോലെ..
യാഥാർത്ഥ്യത്തിലെന്നപോലെ അവൾ അവന്റെ കൈകളിൽ പിടിച്ചു കുലുക്കാൻ ശ്രമിച്ചു. അത് തൂണുകളായിരുന്നു എന്ന സത്യം മനസ്സിലേക്കെത്താൻ അല്പം വൈകിയിരുന്നു.
വിഭ്രാന്തിയിലെന്ന പോലെ അവൾ ചോദിച്ചു..
“” ഹരീ.. ഹരീ ഞാനൊരു കാര്യം ചോദിക്കട്ടെ?നീ സത്യം പറയണം.. പണ്ടത്തെപ്പോലെ എന്നെ കളിപ്പിക്കരുത്..
നീ.. നീ എവിടെയെങ്കിലും പുനർജനിച്ചിരുന്നോ”?

യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവന്ന അമ്മുവിന് മുന്നിലെ രൂപം മാഞ്ഞിരുന്നെങ്കിൽപ്പോലും, അവളുടെ പ്രിയപ്പെട്ട ഹരിയുടെ ശബ്ദം ഒരു സ്വകാര്യം പോലെ അവളുടെ ചെവിയിൽ മന്ത്രിച്ചത് പോലെ..
” അതെ..അതെ അമ്മൂ..
നിന്നെ സ്നേഹിച്ചു മതിയാവാതെ മടങ്ങിയ ഞാൻ ഒരു നക്ഷത്രമായി ആകാശച്ചെരുവിലലഞ്ഞിരുന്നു. വിദൂരത്ത് നിന്നെങ്കിലും നിന്നെ ഒന്ന് കാണാൻ, തെളിച്ചമില്ലാതെയിരുളിലിരുന്ന് ഞാൻ നിന്നെ. കാണുന്നുണ്ടായിരുന്നു..
അമ്മു എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ തൊണ്ടയിലിടറി. അവളുടെ വാക്കുകൾ മുറിഞ്ഞപ്പോൾ ആ ശബ്ദവീചികൾ..

” അമ്മൂ…ആ നക്ഷത്രം ഇന്ന് നിന്റെ കണ്ണിലെ തിളക്കമായി എനിക്ക് കാണാൻ കഴിയുന്നുണ്ട്. ആ തിളക്കത്തിന്റെ കഥ പറയാനല്ലേ നീ ഇന്ന് എന്നെ കാണാൻ വന്നത്? എനിക്കറിയാമെടാ അത്.. കാരണം നിന്നിൽ ഞാനില്ലേ..?
നിന്നിലേയ്ക്കടർന്നുവീണ ആ നക്ഷത്രം ഞാൻ തന്നെയായിരുന്നു. ഒരിക്കലും നിന്നെ സ്നേഹിച്ചു കൊതി തീരാതെ മടങ്ങിയ ഞാൻ തിളക്കമുള്ള നക്ഷത്രമായി നിന്റെ കണ്ണുകളിൽ തെളിയും…ഇനിയെന്നും..
തിരികെ നടക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആ നക്ഷത്രത്തിളക്കമു ണ്ടായിരുന്നു.

ലാലിമ

By ivayana

Leave a Reply

Your email address will not be published. Required fields are marked *