രചന : വിജയൻ ചെമ്പക ✍️
എന്റെ നാട് ശ്രീകരംനിറഞ്ഞനാടു് കേരളം,
എന്നുമെൻവികാരമെന്റെ അമ്മയാണു് കേരളം.
പൂർവ്വപശ്ചിമങ്ങളദ്രി-യാഴിയാലെ കാവലിൽ
പച്ചരത്നകമ്പളം പുതച്ചപോലെ നാട്ടകം.
നാടുചുറ്റി നീരു് തേവു മെന്റെനാടിനാറുകൾ
ചഞ്ചലാക്ഷി കാഞ്ചി ചാർത്തിടുന്നപോലെ ഭൂഷണം.
മോഹനീയ കൂത്തു, തുള്ള,ലാട്ട,മാതിരയ്ക്കുമേൽ
ചൊല്ലെഴുന്ന നാടിതെൻ സ്വകാര്യമാഭിമാനവും.
എന്റെ മാതൃഭാഷതൻ പിതാവു് തുഞ്ചനപ്പുറം
ഹാസ്യരാജകുഞ്ചനും പിറന്ന നാടു് കേരളം.
മാനവർക്കു് ജാതിയൊന്ന് സോദരാണു് സർവ്വരെ-
ന്നാത്മസൂക്തമോതിയോൻ ഗുരൂ പിറന്ന കേരളം.
ആദിശങ്കരന്റെ നാട്ടിലയ്ത്തകുണ്ടു താണ്ടുവാൻ
പന്തിഭോജനം നയിച്ച സോദരന്റെ കേരളം.
ജാതി,വർണ്ണപേരിലന്യ നാടെരിഞ്ഞിടുമ്പൊഴും
ദ്വേഷമൊന്നുമേശിടാത്ത സ്വസ്ഥനാടു് കേരളം.
ആശയാഭിപ്രായഭിന്നതയ്ക്കുമേലെയും സദാ
സൗമ്യരായി വാഴുവോർക്ക് പേരുകേട്ട കേരളം.
അന്യനാട്ടുകാർക്കിതീശ്വരന്റെ സ്വന്തനാടുപോ-
ലന്യമല്ലെനിക്കുമെന്റെ നാടു സ്വർഗ്ഗകേരളം.