രചന : മേരിക്കുഞ്ഞ്✍️.
ആശയങ്ങളേ നിങ്ങൾ
ഇരുപുറം
കൂർപ്പും മൂർച്ചയും പേറും
കഠിന ഭീകരായുധങ്ങൾ.
ഒരരുവി സ്നേഹ-
ധാരയായൊഴുകി,
തഴുകി ത്തണുപ്പിച്ച്
ദാഹജലമായ് താഴ്‌വരതേടി
നദിയായ് കുതിച്ചു പായുമ്പൊ –
ഴറിയുന്നവയിൽ കൊടിയ
വിനാശത്തിൻ കരച്ചിലുൾ –
ചേർന്നിരിക്കുന്നു വെന്ന്!
സത്യങ്ങളൊക്കെയും
പ്രിയം വദകളായ്
നൃത്തമാടും സ്വർഗ്ഗ
രാജ്യമായ് തീരുവാൻ
ദൈവപുത്രാ നിൻ്റെ
ഒറ്റ മൂലി
” സ്നേഹിക്ക ശത്രുവിനെ
നീ തന്നെയാണവൻ
എന്ന പോൽ സനാതനം”
ആവുന്നില്ല മനുഷ്യ ചേതനക്ക്
സഹസ്രാബ്ദങ്ങൾ
താണ്ടിയാലും
വളർന്നെത്താൻ….
സഖാവേ
നിൻ്റെ സ്നേഹായുധത്തിൻ
വാൾപ്പിടി പാണിയിൽ
മുറുക്കിടാൻ!
ഞങ്ങൾ മതമനുജരിങ്ങനെ
സമൃദ്ധിയിൽ നരകിച്ചു
മരിച്ചടങ്ങുവാനുള്ളവർ…..
ശാന്തി:
