അഴലിൻ തലവര ചേർത്തതാര് ?
ഇവിടെ, ദാരിദ്ര്യരേഖ വരച്ചതാര്?
തിരയടങ്ങാത്ത മനസ്സുമായിങ്ങനെ
മണ്ണിലേക്കിവരെയയച്ചതാര്?
മുൾവഴികൾ താണ്ടിത്തപിച്ചിരിക്കെ,
നന്മയേവമീക്കരയിൽ പിടഞ്ഞിരിക്കേ,
നൊമ്പരക്കടലൊന്നിരമ്പിടുന്നു;
മുന്നിൽ
തിരകളഴലായുയർന്നിടുന്നു
ദുരന്തത്തിരയാൽത്തുടച്ചുനീക്കി
ആരുമഭയമില്ലാത്തയവസ്ഥയാക്കി
ജീവിതക്കഠിനച്ചുമടുമേന്തി -കാലം
ചിരിമാഞ്ഞുപോയ മുഖങ്ങളാക്കി
തളരാത്ത പോരാളികൾക്കുമുന്നിൽ
സമയമൊരു കൊടുങ്കാറ്റായി മാറിയെത്തി
കണ്ണീർമഴയിൽക്കുതിർന്നൊലിക്കേ,
ആരിവർക്കേകും സഹായഹസ്തം ?
ആകെത്തണുപ്പാണ് കാലമേ, നിൻ
വികൃതിയാൽ നെഞ്ചിൽചൂടേറ്റിടുന്നു
കണ്ടുനിൽക്കാൻകഴിയാത്തഹൃത്തിൽ
നിറയെ -ത്തകർച്ചതൻ സഹനചിത്രം.
ജീവിതപങ്കായമെവിടെനിന്നും
സംഘടിപ്പിക്കുമെന്നോർത്തിരിക്കെ,
തുറയിലാ, സ്വപ്നവലകൾ നെയ്തും
തളരുന്നു കനിവിനായ് മർത്യജന്മം.
പാവങ്ങളീമണ്ണിൽ താപഹൃത്താൽ
ആഴങ്ങളിൽത്തുഴഞ്ഞിടറി വീഴ്കെ,
തഴയാതെ നെഞ്ചോടുചേർത്തു നമ്മൾ-
ക്കഴലാഴിയിൽ നിന്നുമഭയമേകാം.
ദുഃഖത്തിരകളാണെങ്ങുമെങ്ങും
വിങ്ങുന്നകങ്ങളായങ്ങുമിങ്ങും
വിഘ്നങ്ങളാകാതിരിക്കവേണം;
സദയമറിഞ്ഞുദയമേകിടേണം.
കൈകൾകോർത്തീടാം തുണയ്ക്കുവേണ്ടി;
കൺതുറന്നീടാം തുറയ്ക്കുവേണ്ടി
നന്മോദയങ്ങൾത്തുർച്ചയാകാൻ
സന്മനസ്സാൽ നൽക! നന്മതീരം…🙏🏻🌈♥️

By ivayana