രചന : പുഷ്പ ബേബി തോമസ് ✍
ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല ; അനുഭവിച്ചറിയണം.
പ്രണയം അങ്ങനെയാണ് .
കാത്തിരിക്കുന്ന , നനഞ്ഞു കൊണ്ടിരിക്കുന്ന, കനലൊളിപ്പിച്ച ,
ചാരം മൂടിയ അവസ്ഥയിലായാലും അത് അനുഭവിക്കണം.
അതേ …
പ്രണയം ജീവിതത്തിലെ അത്യപൂർവ്വ അനുഭവമാണ്;
അനുഭവിക്കുന്നവർ അത്യന്തം ഭാഗ്യശാലികളും .
തീവ്രമായി ആഗ്രഹിക്കുന്നതൊന്നും ലഭിക്കാതെ പോവില്ല എന്നതാണ് പ്രകൃതി നിയമം. ജീവിതത്തിൽ ഒരിയ്ക്കൽ … ഒരിയ്ക്കൽ മാത്രം , ഒരാളോട്……ഒരാളോട് മാത്രം; തോന്നുന്ന അനുഭൂതിയാണ് പ്രണയം . അടുത്തുണ്ടാവണമെന്നോ, കാണണമെന്നോ , കേൾക്കണമെന്നോ ഇല്ല. ശ്വസിക്കുന്ന വായുവിൽ അവനാണ് .ഏറെ കൊതിക്കുമ്പോൾ അവനും അതേ കൊതിയോടെ നിന്നെ കുറിച്ച് ആലോചിക്കുകയാവും.
പ്രണയം അറിയാതെ സംഭവിച്ചു പോകുന്നതാണ് . രണ്ടു മനസ്സുകൾ ഒരേ സമയം ഒന്നിനായി ആഗ്രഹിക്കുക … ചിന്തിക്കുക … കൊതിക്കുക ….
പ്രണയം ….
എനിക്കൊരു തിരിച്ചറിവാണ് .
സ്വപ്നച്ചിറകുകളുടെ കരുത്തും , നിറങ്ങളുമാണ് ….
ഞാനറിയാതെ മനവും, മേനിയും സുന്ദരമാവുന്നതാണ് …
എന്നെ കവർന്നെടുക്കലാണ് …
ഒരേ സമയം നിലയ്ക്കാത്ത ഇടവപ്പാതിയും , മീനച്ചൂടും, വൃശ്ചിക നിലാവും, മേടപ്പൂരവും , തുലാവർഷവും, ധനുമാസക്കാറ്റും ഒക്കെയാണ് .
അതേ …. പ്രണയം ഒരേ സമയം തേൻകട്ടയും , കർണ്ണംപൊട്ടിമുളകുമാണ്.
ശ്വാസവായുവായി ജീവനേകുവാനും , നിശ്വാസവായുവായി കദനങ്ങളെ പുറന്തള്ളാനും പ്രണയത്തിനാവും .
പ്രണയം എനിക്ക് തരുന്ന ഒരു വിശ്വാസമുണ്ട് ; ആത്മവിശ്വാസമുണ്ട് .
ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനെന്ന തിരിച്ചറിവിൽ ,
ജീവിക്കാൻ പ്രേരിപ്പിച്ച് …
‘ഞാനാ ” യി മാറ്റിക്കൊണ്ട് ,
മിഴികളിൽ അവന് മാത്രം വായിക്കാനാവുന്ന കഥകൾ എഴുതി ഒളിപ്പിച്ച് ,
ചുറ്റുമുള്ളവരിലേക്ക് ഊർജ്ജം പ്രസരിപ്പിച്ച് ജീവിയ്ക്കാൻ പ്രണയിനിക്കേ കഴിയൂ ….
പ്രണയം അതി മനോഹരമാണ് ; ചെമ്പനീർ പൂവു പോലെ …
ശ്വസിക്കുന്ന വായുവിൽ അവനാണ് …..
ഓരോ അണുവിലും അവനാണ് ….
ചിന്തകളിൽ
ഓർമ്മകളിൽ
സ്വപ്നങ്ങളിൽ
എല്ലാം അവൻ മാത്രം .
ഒരൊറ്റവാക്ക് തരുന്ന കവിതയുണ്ട് ….
അവൻ മൂളാത്ത എൻ്റെ വരികളുണ്ട് …
അവന് മാത്രം തരാനാവുന്ന നിറവുണ്ട് ;
അവനായി മാത്രമുള്ള എന്റെ നീണ്ട കാത്തിരിപ്പും .
