രചന : ജോസഫ് മഞ്ഞപ്ര ✍️
കൊടിയ വേനൽ ചൂടിൽ നെറ്റിയിൽ
ഉരുണ്ടു കൂടിയ സ്വേദകണങ്ങൾ,
അറിയാതൊഴുകി വീണു കണ്ണിൽ
ഉപ്പു രസമുള്ള വിയർപ്പു തുള്ളികളുടെ
നീറ്റലിൽ ചുവന്നു നീറി കണ്ണുകൾ
അറിയാതെയാണെങ്കിലും
പുറം കൈകൊണ്ടു തുടച്ചപ്പോൾ
മുഖമാകെ വിയർപ്പിന്റെ സുഖകരമായ ഗന്ധം
വെളുത്ത നിറത്തിലുള്ള കരിങ്കൽ പാളികൾ തച്ചുടക്കുന്ന
കാരിരുമ്പിന്റെ ശക്തിയുള്ള കൈകൾ
ജനിമൃതികളിലൂടെ എരിഞ്ഞു തീരുന്ന ജീവിതങ്ങൾ
തട്ടിയും മുട്ടിയും പൊങ്ങിയും മുങ്ങിയും
ഒഴുകി തീരുന്ന ജന്മങ്ങൾ
പൊരിയുന്ന വയറിന്റെ രോദനമകറ്റാൻ
വെമ്പുന്ന ജീവിതങ്ങൾ
വേനൽ ചൂടിൽ
എരിഞ്ഞു തീരുന്ന ജന്മങ്ങൾ
ചൂളംകുത്തി പാഞ്ഞു പോകുന്ന
തീവണ്ടിയുടെ വാതായനങ്ങളിൽ
കൂടിയുള്ള നേർകാഴ്ചയിൽ
കണ്ട കാഴ്ച്ച കണ്ണ് നിറക്കുന്നു
കണ്ണെത്താ ദൂരത്തോളം പരന്നു
കിടക്കുന്ന കരിങ്കൽ പാടങ്ങൾ
വിയർപ്പും പൊടിയും നിറഞ്ഞു
മുഖങ്ങൾ മറന്ന ജന്മങ്ങൾ.
കാതിൽ മുഴങ്ങുന്നിപ്പോഴും
ഇരുമ്പ് കൂടാം പാറയിൽ പതിക്കുമ്പോൾമുഴങ്ങുന്ന
ട്ടേ.. ട്ടേ എന്ന ശബ്ദം.
ഇതും ഒരു ജീവിതം.
ജനിമൃതികളിലൂടെയിനിയും
തുടരും
ഇടവേളകളില്ലാതെ..
