രചന : എസ് .ജെ സംഗീത ✍️
കന്യ, നിത്യവും നിതാന്തമാം
പുറംതേടലിൽ മുഴുകിയവൾ
അകക്കാമ്പ് മുറിഞ്ഞിറ്റു
വീഴുന്ന മാംസപിണ്ഡ-
ങ്ങളിലിനിയില്ല ചുടു –
ചോരയാം ജീവബിംബം
പുലരെ ,കണ്ടൊരു
പൈതലിൻ കണ്ണിൽ
നിന്നുമവൾ നിർമ്മല –
ചൈതന്യം മൊത്തി
കുടിക്കുവാൻ കൊതിച്ചു
ചിരന്തനമാം ശൈത്യ –
ദേഹത്തിന്നടഞ്ഞ
കൺകോണിൽ നി –
ന്നൊരു കുളിർകണ-
മുരുണ്ടു വീണു
അതായിരുന്നവൾ
വിഹ്വലശാഖിയിൻ ശാഖയിൽ
ഒരു കുഞ്ഞു മരപ്പൊത്ത്
അതവളായിരുന്നു
നദിയിലെ ചുഴിയിലൊരായിരം
കരങ്ങൾ പൊങ്ങിപ്പിടയ്ക്കുന്നു
ചുഴിയുടെ ആഴമളക്കുന്ന
മാപിനിയവളായിരുന്നു
അന്തിചോര തുപ്പുന്ന
കതിരോന്റെയുള്ളക –
ത്തിലൊരു നാമ്പാകുവാൻ
കൊതിച്ചു കന്യാ
മച്ചിയെന്നുച്ചത്തി –
ലാട്ടിയ ജിഹ്വക –
ളരിയാൻ കൊതിച്ചില്ലവൾ
അനാദിയാം കാല –
ത്തിലെയനന്തമാം
ഗർത്തത്തിലൊരു
മിന്നൽപ്പിണരായവൾ
മുറിഞ്ഞു വീണു
അവളെന്നും വിഷകന്യക!
കലികെട്ടിയാടുന്ന
കോലങ്ങൾ തീണ്ടാത്ത
വിഷകന്യക !
