കദനത്തിൻ തരുശാഖയിലായ്
ചിറകറ്റൊരു ശലഭമിഴഞ്ഞേ..
ഇടനെഞ്ചത്തെരിയും കനലിൽ
നിറമില്ലാക്കനവുകളാണേ..

ഒറ്റപ്പെട്ടവളവുളുടെയുള്ളിൽ
ഏകാന്തതയുടെ വന്യതയുണ്ടേ.
ജ്വാലകളായ് പടരും വഹ്നിയിൽ
പ്രാണന്റെ പിടച്ചിലുമുണ്ടേ.

കരിയും നെടുചില്ലകളാകെ
നെടുവീർപ്പിന്നലകളുമുണ്ടേ.
ചിരി മൂടിയ മൗനത്തിൽ
കുപ്പിച്ചിൽവളകളുമുണ്ടേ.

ചിറകെട്ടിയ കൂടാരത്തിൽ
തുടലിൻ്റെ കിലുക്കവുമുണ്ടേ.
ഇടനെഞ്ചത്താളറിയാതെ
തീയമ്പുകൾ കൊള്ളുന്നുണ്ടേ.

ഹൃദയത്തിൻ കല്പടവുകളിൽ
സന്താപപ്പെരുമഴയുണ്ടേ.
വഞ്ചനയുടെ നിഴലാട്ടത്തിൽ
മരണത്തിൻ മണമതുമുണ്ടേ.

ചിത പേറും ചിന്തയിലാകെ
തെയ്യങ്ങൾ തുള്ളുന്നുണ്ടേ.
കരളെങ്ങും കുറുകിയ തേങ്ങൽ
ചുടുനിണമായൊഴുകുന്നുണ്ടേ!

By ivayana

Leave a Reply

Your email address will not be published. Required fields are marked *