രചന : സുസ്മേഷ് പാലമറ്റം ✍
നിൻ മിഴികളിൽ വിരിയുന്ന
പ്രണയത്തിൻ പുഷ്പങ്ങൾ
ഒരുമാത്ര ദർശിക്കാൻ
ഞാൻ വരുന്നു.
ഒരു നേർത്ത തെന്നലായ്
തഴുകി തലോടി ഞാൻ
നീ പോലുമറിയാതെ
മടങ്ങും നേരം.
ആരോരുമറിയാതെ
നിൻ മിഴിപ്പൂക്കളിൽ
ഒരു മൃദു ചുംബനം നൽകിയപ്പോൾ.
തരളിതയായിന്നു നിൽക്കവേ നീയൊരു
നറുമലരായിന്നു മാറിയപ്പോൾ.
നിൻ സ്നേഹ മലരിലെ
മധു നുകരാനിന്ന്
ശലഭമായ് ഞാനൊന്നു മാറിയപ്പോൾ.
പുതുമലർ തന്നിലെ നെറുകയിൽ ചൂടിയ
ഹിമകണമായിന്നു മാറിയപ്പോൾ.
മിഴികളിൽ വിരിയുന്ന
മൗനങ്ങൾ കൊണ്ട് നീ
കവിത രചിക്കുകയായിരുന്നു.
മൊഴിയാതെ മൊഴിയുന്ന
വാക്കുകളൊക്കെയും
നിൻ സ്നേഹ വർണ്ണങ്ങളായിരുന്നു.
