മെരുക്കിയാൽ മെരുങ്ങാത്ത അതി കഠിന വിശപ്പുള്ള
വിഷാദം…
അത് നാവ് നീട്ടി എന്റെ ഉടൽ തൊടുന്നു.
സിരാ പടലങ്ങൾ തിളച്ച്
ഞാൻ അപ്പോൾ ഒരു കുറുകിയ
പാനീയമാവും…
എനിക്ക് ചുറ്റിലും മത്തു പിടിപ്പിക്കുന്ന
ഈയ ഗന്ധവും…
എന്നാൽ പോലും ഞാൻ കണ്ണുകൾ അടച്ചു വെയ്ക്കും.
ഒന്നും സംഭവിക്കാത്ത പോലെ
എഴുന്നേൽക്കുകയും
നടക്കുകയും ചെയ്യും…
ചിലപ്പോൾ അതെന്റെ വിരലുകൾ ഓരോന്നായി പൊട്ടിച്ചെടുക്കും…
കൂർത്ത പല്ലുകൾക്കിടയിലൂടെ
വിരൽ വിടവുകൾ
പൊടിഞ്ഞു തീരും…
എനിക്ക് ചുറ്റിലും ആളിക്കത്തുന്ന തീ യായിരിക്കും..
എന്നാൽ പോലും ഞാൻ
നിശബ്ദയും നിസംഗയുമായിരിക്കും.
നിസ്സഹായത യിൽ
നിലവിളിക്കുകയോ
ആളെ ക്കൂട്ടുകയോ ചെയ്യില്ല..
ചിലപ്പോൾ അതെന്റെ ചെവികൾക്കിടയിൽ
സ്ഫോടനങ്ങൾ കുത്തി നിറയ്ക്കും
എന്റെ കേൾവി മുഴുവനും വെന്ത് കഴിയുമ്പോൾ
അതെന്നെ വലിച്ച് പുറത്തേക്കിടും…
എന്നാൽ പോലും ഞാൻ ഒന്നും അറിയാത്ത പോലെ
ദിനചര്യകൾ ഓരോന്നായി ചെയ്യും..
ദീർഘ നിശ്വാസങ്ങളു തിർക്കും.
.
ചിലപ്പോൾ ഉന്മാദത്താൽ
അട്ടഹസിക്കുന്ന
അതിന്റെ ദൃഷ്ടി
എന്റെ നിഴലിലേക്ക് പതിക്കും…
ഇരുട്ടും വെളിച്ചവുമടക്കം ചേർത്ത്
വാരി വലിച്ച് തിന്നും പോലെ
എന്റെ സ്വസ്ഥത അത് കാർന്നെടുക്കും…
ആർക്കും പങ്ക് വെയ്ക്കാത്ത
ഏറ്റവും രഹസ്യമായ
പ്രണയം പോലെ
അതെന്നെ ഇരുട്ടിൽ പൂട്ടി വെച്ച് മാറി നിൽക്കും..
വിരൽപ്പാടകലം കാലൊച്ചകൾ കൊണ്ട്
എന്റെ മയക്കങ്ങൾ അളന്ന്
എന്റെ സ്വപ്നത്തിൽ നൂഴ്ന്നു കയറും..
എന്റെ കരിമ്പിൻ കാടുകൾ ചവുട്ടി മെതിക്കും..
ഏറ്റവും വിജനമായ എന്റെ പാതകളെ
കുരുക്ഷേത്ര ഭൂമിയാക്കും..
ഒടുവിൽ
ചിതറി വീഴുന്ന എന്റെ നുറുങ്ങുകളിൽ ഓരോന്നിലും
എനിക്കറിയാത്ത ആയിരമാളുടെ പേരുകൾ എഴുതി വെയ്ക്കും..
ഞാൻ വിശന്നിരിക്കെ തന്നെ മരിച്ചു പോവു ന്നവളായി മാറും.

ജിഷ കെ

By ivayana