ഓമനപ്പൈതലെ
നീയ്യുറങ്ങ്
ഓമനത്തിങ്കളെ
നീയ്യുറങ്ങ്
ഓരോ കിനാവിലു –
മോടിയോടി
തുള്ളിക്കളിച്ചോണ്ടു
നീയ്യുറങ്ങ്
ചന്ദനത്തെന്നല്
വന്നു മെല്ലെ
ചാരുകരങ്ങളാൽ
പുൽകിടുന്നു
പുന്നെല്ലു കൊത്തിക്കൊ-
റിച്ചു വന്ന
പൈങ്കിളി താരാട്ടു
പാടിടുന്നു
ഓമനച്ചുണ്ടുകൾ
പുഞ്ചിരിച്ച്
ഓളമടിയ്ക്കുന്ന
കണ്ണടച്ച്
ഓമനപ്പൈതലെ
നീയ്യുറങ്ങ്.
ഒന്നുമറിയാതെ
നീയ്യുറങ്ങി
നല്ല നിറവോടെ
നീയ്യുറങ്ങി
നല്ല തെളിവോടു-
ണർന്നു പിന്നെ
എല്ലാമറിഞ്ഞോണ്ടു
നീ വളര്
അമ്മയ്ക്കു കൂട്ടായി
നീ വളര്
അച്ഛനു താങ്ങായി
നീ വളര്
വീടിനു വെട്ടമായ്
നീ വളര്
നാടിനു നൻമയായ്
നീ വളര്
ഓമനപ്പൈതലെ
നീയ്യുറങ്ങ്
ഓമനത്തിങ്കളെ
നീയ്യുറങ്ങ്
ഓരോ കിനാവിലു
മോടിയോടി
തുള്ളിക്കളിച്ചോണ്ടു
നീയ്യുറങ്ങ്.

എം പി ശ്രീകുമാർ

By ivayana