രചന : രേഷ്മ ജഗൻ✍️.
അത്രമേൽ
പ്രിയപ്പെട്ടൊരാളാൽ ഉപേക്ഷിക്കപ്പെടുമ്പോൾ
സ്നേഹത്തിന്റെ എല്ലാ
തുരുത്തുകളിലും
വേദനയുടെ
മുൾവേലികളുണ്ടാവും.
എന്റേതെന്നു മാത്രം
പറഞ്ഞ എല്ലാ
നേരങ്ങളെയും
മറവികൊണ്ടവർ
മായ്ച്ചു കളയും..
സ്നേഹത്തിന്റെ
വിത്തുകൾക്കൊപ്പം
ഇറങ്ങിപോവാനൊരു
വഴിയവർ വരച്ചിട്ടിട്ടുണ്ടാവും..
ഉപേക്ഷിക്കാനാത്ത വിധത്തിൽ നമ്മളൊരാളിൽ
കുരുങ്ങി കിടക്കുമെന്ന്
തിരിച്ചറിയുന്നിടത്ത്.
തിരപോലെയവർ
അകന്നകന്ന് പോവും.
പിന്നീട് സ്നേഹമെന്ന്
പറയുമ്പോൾ
നമുക്ക് തൂവലുപേക്ഷിച്ചൊരു
പക്ഷിയുടെ ചിറകടി കേൾക്കാം.
ഒറ്റത്തുള്ളിപോലും
ഉപേക്ഷിക്കാനാവാത്ത
മേഘങ്ങളുടെ വിങ്ങലറിയാം
കൊടുങ്കാടിനുള്ളിൽ ഒറ്റപ്പെട്ടു പോയൊവരുടെ
തേങ്ങലു കേൾക്കാം
തിരികെ വരാമെന്നൊരു
തിരയുടെ വാക്കിൽ കുരുങ്ങിയ
തീരത്തിന്റെ നോവറിയാം.
എല്ലാ വേദനകളും
ഒരാളിലേക്ക് മാത്രം ആഴ്നിറങ്ങേ,
നനയാൻ നമുക്കൊരു
പെരുമഴക്കാലം
വേണ്ടാതെ വരും.
ഉള്ളുരുക്കങ്ങളുടെ
തോരാപെയ്ത്തുകളിൽ
നമ്മളിങ്ങനെ നിറഞ്ഞ് കവിയും.
വെയിലൊന്നുമേൽക്കാതെ
വറ്റി വരളും.
സ്നേഹത്താൽ
പതറി പോയിടത്തിനി
നിങ്ങളെന്തു വച്ചു നീട്ടിയാലും,
ഹൃദയത്തിനു നേരെ
നീണ്ടൊരു അമ്പു പോലെ
അവരത് അവഗണിച്ചു
കൊണ്ടേയിരിക്കും.
കാരണം സ്നേഹം
കൊടുത്തുപേക്ഷിച്ചു
കളഞ്ഞതിനേക്കാൾ വലിയ
മുറിവൊന്നും അവർക്കിനി
നൽകാനില്ല…
ജീവിച്ചിരിക്കുന്ന
കാലത്തോളം ഉള്ളിലൊരു
ഉണങ്ങാത്ത മുറിവ് പേറുന്ന
മനുഷ്യനായി അവർ
മാറിയിട്ടുണ്ടാവും..