രചന : വിപിന്യ രേവതി✍
വെയിൽവിരിച്ചുറങ്ങുന്ന
അലക്കുകല്ലിന്റെ അരികിലൊരു
മുഷിച്ചിൽ മൂരിനിവരുന്നു.
മടി മടക്കിവെക്കാനൊരു
വെള്ളം നനഞ്ഞിറങ്ങി.
ആകെ കുതിർന്നൊരുവൾ
ആഞ്ഞു പതിയുന്നു,
നനവ് വറ്റുമ്പോൾ
മുങ്ങിനിവർന്നുലയുന്നു.
ഒരു ചെറുനനവാകെ പടരുന്നു
മണ്ണ് പൊതിരുന്നു.
കുഞ്ഞുറുമ്പ് കണങ്കാലിൽ
വഴിതിരയുന്നു, വഴുതുന്നു.
അരിവാളിൽ നിന്നൊരു ഈച്ച
മീൻമണം താങ്ങി
അയലിന്റെ ചോട്ടിലെ പൂച്ചയുടെ
രോമത്തിൽ ഇറക്കിവെക്കുന്നു.
ഉച്ചയ്ക്കത്തെ സമൃദ്ധിയിൽ
ചോരക്കറ മണ്ണിലുറഞ്ഞു
കിടക്കുന്നു.
കോഴിയതിന്റെ ചികയൽ
വഴിതിരിക്കുന്നു.
ഒരു പുഴു തരിച്ചു പിൻമടങ്ങുന്നു.
ഒറ്റക്കൊരു കൊക്ക്
ധ്യാനിച്ചു നിൽക്കുന്നു.
വാലാട്ടി നിൽക്കുന്ന പശുവിലേക്ക്
ഒറ്റക്കാലിന്റെ വ്രതം
ചെരിഞ്ഞു നീങ്ങുന്നു.
അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ
മുടി കൊണ്ട കെട്ടുന്നു.
പുറംപണികളിൽ കാഴ്ച ചിതറുന്നു.
വെള്ളം പൂത്ത ഉടൽ പിൻമടങ്ങുന്നു.
അയലിലെ നനഞ്ഞ തുണികളിലെ
ഇറ്റിവീഴുന്ന വെള്ളം
യാഥാർത്ഥ്യമെന്നിരിക്കെ
ഈച്ച, പൂച്ച, കോഴി, കൊക്ക്, പശു
സ്വപ്നത്തിലേക്ക് ഉറങ്ങുന്നു.
അലക്കുകല്ല് വെയിൽവിരിച്ചു കിടക്കുന്നു.
(വാക്കനാൽ)