രചന : മോഹൻദാസ് എവർഷൈൻ✍
മഴക്കാലമെത്തുമ്പോൾ ചൂടുവാൻ
കുടതേടിയലഞ്ഞൊരുകാലമുണ്ട്.
ഓലമേയുവാൻ വൈകിയ കൂരയിൽ
മഴയൂർന്നിറങ്ങുമ്പോളുറങ്ങാതെന്നെ
മാറോടണച്ചോരമ്മതൻ ഓർമ്മയുണ്ട്.
വിശപ്പ് പുകയുന്ന വയറുമായി മക്കളെ
വാത്സല്യമൂട്ടിയ അമ്മയുമോർമ്മയായ്.
മഴയിൽകുതിരും പുസ്തകതാളുകൾ
നെഞ്ചോട് ചേർത്ത് ചൂട് പകർന്നകാലം.
ചേമ്പില ചൂടി ഈറനണിഞ്ഞെത്തും
കളികൂട്ടുകാരൊക്കെയും ഇന്നെന്റെ
ഓർമ്മയുടെ ചില്ലകളിൽ കൂട്ടിരിക്കുന്നു.
നഗ്നപാദങ്ങൾ മണ്ണിനോട് കിന്നാരം
ചൊല്ലി നടന്നൊരു കാലവും മറന്ന്
മണ്ണിനെയും മറന്ന് അർത്ഥംതേടി
നടക്കുമ്പോഴിന്നുമാ,മഴതോർന്നതില്ല.
