വീട് കവിതയിലേക്ക് തെറിച്ച്
വീഴുന്ന നിമിഷം .ആളനക്കങ്ങൾ
നിലച്ച രാത്രിയെ അവൾ സ്വന്തം
മുറിയിൽ തളച്ചിട്ടു
മഴമേഘങ്ങൾ അഴിച്ചിട്ട
നോവ് തുന്നിയിട്ട
വരികൾക്കിടയിൽ അവൾ
സൂര്യറാന്തലുകൾ കൊളുത്തി.
എത്ര വർണ്ണിച്ചാലും മതിവരാത്ത
കള്ള് മോന്തിയ നെഞ്ചോടടുക്കി.
പ്പിടിക്കുന്നൊരു സ്നേഹതണൽ
കരിയിലകളെ ഞെരിച്ച് ഇപ്പോൾ
കോണിപ്പടി കയറി വരും .
കുറിഞ്ഞി പൂച്ചയുട്രെ
കരച്ചിലിനൊപ്പം നിർത്താതെയടി
ക്കുന്ന കാളിങ് ബെൽ
തല കറക്കുന്ന സിഗരറ്റ് പുക
ചുരുളുകൾ വാതിലുകളുടെ
ഞരക്കത്തിനിടയിലൂടെ
നുഴഞ്ഞ് കയറി.
കയ്യിൽ മകൾക്കായ് വാങ്ങിയ
മഴമുത്തുകൾ ഒട്ടിപ്പിടിച്ച
പലഹാരപ്പൊതി .
മഴ ചിറക് കുടഞ്ഞിട്ട തൂവലുകൾ
മുറ്റത്തും കോലായയിലും
ചിതറിയിട്ട വർണ്ണചിത്രങ്ങളിൽ
ചളി പുതഞ്ഞു ..
ചിന്തകൾക്കും വാക്കിനുമിടയിൽ
ഒരു വഴുതി വീഴൽ .
അച്ഛനെ ചേർത്ത് പിടിച്ചവൾ
സിഗരറ്റ് പാക്കറ്റ് തൊടിയിലേക്ക്
വലിച്ചെറിഞ്ഞു .
അച്ഛനില്ലാതെ വളർന്ന മകളാണെ
ന്ന ഓർമ്മപ്പെടുത്തലിനിടയിൽ
മദ്യം പുതച്ചിട്ട കരിമേഘങ്ങൾ
ചുവന്ന് തിണർത്ത നിമിഷങ്ങൾ
ഒരു നട്ടപ്പാതിര മഴയെ പോലും
കരയിപ്പിക്കുകയില്ലയെന്ന്
സത്യം ചെയ്യിപ്പിച്ചു .
സ്നേഹത്തിന്റെ ചുവയുള്ള
ഒരു കോരുങ്കാറ്റ് കുളിർ കാറ്റായ്
അച്ഛനെ കെട്ടിപ്പിടിച്ചു ..
അവൾ വീണ്ടും അച്ഛനെന്ന
മനോഹരമായ കവിത
വായിക്കാനിരുന്നു…….

ഷാജു. കെ. കടമേരി

By ivayana