ഈ ഓർമ്മകളെന്താ ഇങ്ങനെ ഒറ്റക്കിരിക്കുമ്പോൾ വന്നൊപ്പമിരിക്കും ഓർമ്മകൾ സുഗന്ധമേറ്റിയും കനലേറ്റിയും സ്വച്ഛ ന്ദമാണ്. ഓർമ്മകളെന്നു വെച്ചാൽ ഒരുപാട് കഥകളുറങ്ങുന്ന കടൽ തീരമാണ് തീരങ്ങളെ ചുംബിച്ച് തിരകൾ കയറിയിറങ്ങിക്കൊണ്ടിരി ക്കും മനസ്സിടങ്ങളിൽചിലപ്പോൾ ആർത്തലച്ചു വരും ചില നേരങ്ങളിൽ മാധുര്യമേറ്റും ചിലപ്പോളതിന് കണ്ണീരുപ്പിൻ്റെ സ്വാദാവും…..
ഓർമ്മകൾ പിന്നോട്ട് നടക്കുകയാണ്. സത്യത്തിൽ ഇതൊരു കഥയല്ല ജീവിതത്തിൽ നിന്നടർത്തിയ ഒരേടെന്ന് പറയാം പച്ചയായ ജീവിതങ്ങൾ പ്രതിപാദിക്കപ്പെടുന്ന തനി നാടൻ പുറത്തുകാരൻ്റെ ആത്മഗതം – അന്നെനിക്ക് പ്രായം പത്തിനു താഴെയാണ് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിൽ ഓർമ്മകൾക്കിന്നും തിളക്കമാണ്.


പഴയൊരു എൽ.പി സ്കൂളും അതിനടുത്തായി ചെറിയൊരു കളിസ്ഥലവും അതിനടുത്തായി മത്തായി ചേട്ടൻ്റെ ചായക്കടയും മൂസ ഹാജിക്കാൻ്റെ പല ചരക്കുകടയും ചീരേട്ടൻ്റെ റേഷൻകടയും (ശ്രീധരൻ എന്നാണ് പേര് ചീരേട്ടൻ എന്നാണ് ഞങ്ങൾ വിളിക്കാറ്) ചീരേട്ടൻ ഗോപാലക്കുറുപ്പിൻ്റെ രണ്ടാമത്തെ മകനാണ് ഏറെ ബഹുമാനത്തെ കാണുന്ന വ്യക്തിത്വമാണ് കുറുപ്പേട്ടൻ – അതു കൊണ്ട് തൻ്റെ നാട്ടിൽ കാരണവരും അവർ തന്നെ. ഇത്രയും ഞാനിവിടെ പറഞ്ഞത് എൻ്റെ ഗ്രാമത്തെക്കുറിച്ച് ഒരു ധാരണ കിട്ടിക്കോട്ടെ എന്നു കരുതിയാണ്.


സ്കൂൾ വിട്ട് വീട്ടിലെത്തിക്കഴിഞ്ഞാൽ പിന്നൊയൊരു ഓട്ടമാണ് സ്കൂൾ മുറ്റത്തേക്ക് ചക്കാതിമാരോട് ഇരുട്ടുവോളം തലപ്പന്തുകളിക്കും
പതിവുപോലെ ഒരു ദിവസം ധൃതിപ്പെട്ട് കളിസ്ഥലത്തേക്ക് പോകുയൊണ് മത്തായി ചേട്ടൻ്റെ കടയുടെ മുന്നിൽ ചെറിയൊരാൾക്കൂട്ടം അടുത്തു ചെന്നപ്പോഴാണ് അവിടെ ഒരു സ്ത്രി നിലത്തു കുത്തിയിരുന്നു വാവിട്ടു നിലവിളിക്കുന്നു. ആരുമല്ല നമ്മുടെ ” താത്തമ്മ “
താത്തമ്മ ആരാണെന്ന് പറഞ്ഞില്ല എവിടെ നിന്നോ നമ്മുടെ നാട്ടിൻ പുറത്തെത്തിയ നാടോടി സ്ത്രീയാണ് താത്തമ്മ . ഇനി അവരെക്കുറിച്ച് പൊതുവെ ഒരു ധാരണയും വിളിപ്പേരുമുണ്ട് ” ഭ്രാന്തി’ ഇനി അവരെക്കുറിച്ച് പറയുകയാണെങ്കിൽ
താത്തമ്മകുളിക്കാറില്ലപല്ലുതേക്കാറില്ല
ദേവസ്യേട്ടന്റെ കടയുടെപിന്നാമ്പുറത്താണവളുടെ കിടപ്പ്ആളും തരവും നോക്കാറില്ല
വഴിയരികളിലവൾ കുന്തിച്ചിരിക്കുംആണുങ്ങളോട് ബീഡി വാങ്ങി വലിക്കുംതാത്തമ്മയ്ക്ക് ഭ്രാന്താണെന്ന്
നാട്ടുകാരും കൂട്ടുകാരും പറയുന്നത്
നട്ടുച്ച കത്തുമ്പോൾ താത്തമ്മയ്ക്ക്
ഭ്രാന്തിളകും വഴിയരികിലെ പച്ചപ്പുല്ലുംപച്ചിലകളും പറിച്ചു തിന്നും
ആപ്പീസ് തോട്ടിലെ വെള്ളം കുടിക്കും
ഗോപാലക്കുറുപ്പിന്റെ വീട്ടിന്ന് കൊടുക്കുന്ന
ഭക്ഷണമാർത്തിയോടെ കഴിക്കും
കൂട്ടുകാരൊത്ത് കളിക്കുമ്പോൾ
അതുവഴി വന്ന താത്തമ്മയെയാരോ ഭ്രാന്തിയെന്നു വിളിച്ചു.!

താത്തമ്മ ഉരുളൻ കല്ലുമെടുത്ത് പിന്നാലെ വന്നു രണ്ടു ദിവസമാണ് പനിച്ചു കിടന്നത്.
കൂടിനിന്നവർക്കിടയിലെ ആൾ താത്തമ്മയാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ മാറി നിന്നു അന്നത്തെ പേടി മനസ്സിലുണ്ട്
താത്തമ്മയെ വണ്ടി കേറ്റി വിടുകയാണ് ലക്ഷ്യം എവിടേക്കെന്നാൽ അഗതികളുടെ കേന്ദ്രമായസ്നേഹതീരത്തിലേക്ക് അവരുടെ വണ്ടിയും കുറച്ചു മാറി കിടപ്പുണ്ട് താത്തമ്മ പോകാൻ തയ്യാറാകുന്നില്ല അതാണ് അവർ വാവിട്ടു നിലവിളിക്കുന്നത് ‘
ആരോക്കെയോ ബലമായി അവരെ വണ്ടിയിൽ കയറ്റി വിട്ടു. ഇന്നും മനസ്സ് ഓർമ്മകളുടെ തീരം തൊടുമ്പോൾ ഞാനോർക്കുകയായിരുന്നു ആരാണ് താത്തമ്മ ആരോരുമില്ലാത്ത കൂട്ടു കുടുംബങ്ങൾ ഉപേക്ഷിച്ച പാവം “സ്ത്രീ -. നമുക്കു ചുറ്റും എത്രയെത്ര താത്തമ്മമാർ ഇതുപോലെയുണ്ട്.

താത്തമ്മ പോയതിൽ പിന്നെ വഴിയരികിലെ കാട്ടപ്പയും
കുറുന്തോട്ടിയും വളർന്നു തുടങ്ങി
ആയിഷ എൽ പി .സ്കൂൾ മുറ്റത്തെ
ചെടികളിളെല്ലാം പൂമൊട്ട് ബാക്കിയായി
ഇപ്പോഴും ഓർമ്മകളിലൊരു
കടലാസു പൂവായി താത്തമ്മയുണ്ട്
പിന്നീടാരുടേയും വിശപ്പ് വായിക്കപ്പെടാതെ
വളർന്നു വളർന്നു മുരടിച്ച്
കിടക്കുന്ന കുറുന്തോട്ടികളും …..
കുഞ്ഞുനാളിലെ ഓർമ്മകൾ തൊടുമ്പോൾഞാനിന്നുമാവർത്തിക്കും.
താത്തമ്മയ്ക്ക് ഭ്രാന്തായിരുന്നില്ല.!!

റഫീക്ക് ആറളം


By ivayana