വൻപെഴുന്നമ്പരം തൊട്ടു തലോടവേ
മുമ്പിലൂടോടിയടുക്കുന്നുവെൺമുകിൽ
കുഞ്ഞിളം പൂമേനി തൊട്ടുതലോടുവാ –
നമ്മ കൊതിച്ചുവോ ദൂരെനിന്നപ്പൊഴും
പഞ്ഞിപോൽകോമളവാർനെറ്റിതന്നിലാ
യമ്മനൽകീലയോ ഭാവുകാശംസകൾ
വാനയാനത്തിൻ്റെ യാത്രയിൽലെത്രയോ
പ്രാദുർഭവിച്ചതാം ജീവിത ചിത്രങ്ങൾ
ചിന്തകൾ കൈ പിടിച്ചെത്രയുയരത്തിൽ
കൊണ്ടു ചെന്നിട്ടുണ്ടാ മാതൃമനസ്സിനെ
വീടിന്നകം കൊച്ചു തിണ്ണതൻ മുറ്റത്ത്
ഓടിനടക്കുന്ന പിഞ്ചു കാൽ കാണണം
വേദനയ്ക്കാശ്വാസമേകുമാശുശ്രൂഷ –
യേറ്റുകൊണ്ടമ്മചിരിക്കുന്ന പൂമുഖം
മണ്ണിൽനിന്നേറെയുയർന്നു പറക്കണം
മന്നിതിൽ മാനമായ് സംഗമിച്ചീടണം
ഉറ്റവർക്കേറ്റം തണലായി നിന്നുകൊണ്ടുറ്റ
ജീവൻ്റെ നേർകണ്ണിയായ് മാറണം.
പൊങ്ങിടും വീർപ്പകന്നാതുര നോവുകൾ
ഒന്നായി മാറ്റി സൽജീവിതം നേടണം
കത്തും ചിറകിൻ്റെ നോവാറ്റിയിത്തിരി
സ്വഛാന്തരീക്ഷത്തിലൊറ്റയ്ക്കിരിക്കണം
കാറ്റു പോലൂതിപ്പറക്കണം ജീവിത വാസരാന്തം
നമ്മളൊന്നിച്ചിരിക്കണം ഒന്നിച്ചിടാം വായു
തല്പത്തിലാ സ്വരം കൈതവമേലാത്ത കുഞ്ഞിൻ്റെ ഗദ്ഗദം

ശ്യാം കുമാർ എസ്

By ivayana