അശ്രു പൂക്കളായിരം പൊഴിയട്ടെ
ആകാശപ്പാതയിൽ നഷ്ടജീവനുകൾ;
വ്യർത്ഥമായിപ്പോയോരോ ലക്ഷ്യങ്ങളും
ശിഥിലമായ് മോഹന സ്വപ്നങ്ങളും.


തളരുവാൻ നമുക്ക് കഴിയില്ലിനിയും
തളർത്തും വാർത്ത കേൾക്കുവാനും.
ഉയരേയ്ക്കുയരുവാൻ മനസ്സുകൾ
പടരാൻ വെമ്പിയ ജീവിതങ്ങൾ.


കാത്തിരിപ്പതൊത്തിരി പേർ
കാണുവാൻ പിന്നെ കൂടണയുവാൻ
കാലത്തിൽ നിയോഗമിതെന്നാകിൽ
കാണുവാനാകുമോ പുഞ്ചിരികൾ ?


കത്തിയമരുന്ന നേരത്തൊന്നാർത്തലച്ച്
കരയുവാൻ പോലും കഴിഞ്ഞിരുന്നോ?
കനവുകളായിരം നിമിഷ നേരത്താൽ
കത്തിയമർന്ന് പോയിരുന്നില്ലേ?!


അശ്രു പൂക്കളായിരം പൊഴിയട്ടെ
ആകാശപ്പാതയിൽ നഷ്ട ജീവനുകൾ;
വ്യർത്ഥമായിപ്പോയോരോ ലക്ഷ്യങ്ങളും.
ശിഥിലമായ് മോഹന സ്വപ്നങ്ങളും.
——
ആകസ്മിക വിമാനാപകടത്തിൽ
ഉറ്റവരേയും ഉടയവരേയും
അകാലത്തിൽ വിട്ടു പിരിയേണ്ടി വന്ന
ആകാശയാത്രികർക്കായ് ആദരവോടെ,

അരുമാനൂർ മനോജ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *