രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍
സുന്ദരതേജസ്സായെൻ മനസ്സിലെന്നും
നിറഞ്ഞുനിൽക്കുന്നുണ്ട് കെടാവിളക്കായിട്ട്…
ആകസ്മികമായി വിട്ടു പിരിഞ്ഞൊരെൻ
മംഗല്യത്താലിയെൻ ഹൃദയത്തിൽ ചാർത്തിയ
നീയെന്ന സ്നേഹത്തിൻ പൊൻതേജസ്സിനേ …
നിൻ്റെയാ തുടിപ്പന്ന് അണഞ്ഞോരാ നേരത്ത്
നിഷ്പ്രഭമായല്ലോ എൻമാനസവും
നമ്മുടേ ഗേഹവും ആ പൂമുഖപ്പടിയും…
വിശ്വസിക്കാനാവാത്ത നിൻ വിട്ടുപിരിയലിൽ
സ്വബോധം നഷ്ടപ്പെട്ടോരായെനിക്ക്
ഒരുനോക്കവസാനം കാണുവാനാകാത്ത
വേദനയുണ്ടിന്നും ഹൃത്തിലായി….
അദൃശ്യനാണേലും നീയ്യുണ്ട് കൂടേ
എന്നുള്ള വിശ്വാസം നൽകുന്ന ധൈര്യത്തിൽ
മുന്നോട്ടു പോകുന്നു ഞാനും മക്കളും
ജീവിതത്തിൻ്റെയീ യാത്രാ വഴിയിലായ്…..
നിൻ്റെയാ നീട്ടിവിളികൾതൻ ശബ്ദവും
ആത്മാർത്ഥമായുള്ളാ ചേർത്തുപിടിക്കലും
സ്നേഹസമ്മാനങ്ങൾ നീട്ടും കരങ്ങളും,
നെറ്റിയിൽ ചുംബിച്ച ചുംബനസ്നേഹവും,
മന്ദസ്മിതം നിറയും ആയോരു മുഖവും
ഈ പ്രപഞ്ചത്തിൽ എവിടെയായാലും
എന്നും തിളങ്ങുന്ന നക്ഷത്രം പോലെ
കെടാവിളക്കായെൻ ഹൃത്തിലുണ്ടെന്നും…..