*

ഈരണ്ടു നെല്ലിക്കക
ളുരുണ്ടുകയറിപ്പോയ്
നാലുകാൽ കിടക്ക
തന്നടിയിലതിഗൂഢം
കണ്ടിരുന്നാശങ്കയിൽ
ചിരിച്ചു വാസുമ്മാവൻ
സുമതിയമ്മായിയോ
തലയിൽ നെല്ലിത്തളം
തുളുമ്പീടാതെ ചുറ്റി
പ്പിടിച്ചൂ വാസുമ്മാനെ
വാസുമ്മാൻ പട്ടാളത്തിൽ
പച്ചബുള്ളറ്റിൻമേലേ
ലേയിലെ ലഡാക്കിലെ
കുളിരിൽ തൊട്ടാൽ
പൊള്ളും വെങ്കലവെടിയുണ്ട
ക്കഥയിൽ ചീറിപ്പാഞ്ഞു
പാഞ്ഞുപോകവേയതാ
ഈരണ്ടു നെല്ലിക്കളുരുണ്ടു
കേറിപ്പോയി കട്ടിലിന്നടിവശം
സാവധാൻ ചൊല്ലീ മാമൻ..
കട്ടിലിൽ നിന്നും താഴേ
കാലുകുത്താനാവില്ല
നിരത്തിക്കുഴിച്ചിട്ട മൈനുകൾ
കരയുദ്ധക്കൃത്യതയുന്നം
വയ്ക്കും തോക്കുകൾ
കൈബോംബുകൾ
കഴിഞ്ഞയുദ്ധം കൊന്ന
പടയാളിപ്രേതങ്ങൾ
മാമനെക്കാണാൻ വരും
ബന്ധുക്കൾ ശത്രുക്കളായ്
ശ്രീകുമാരൻതമ്പിയെ
യോർമ്മിച്ചു കടന്നുപോയ്
രണ്ടു നെല്ലിക്കകൾ മാത്രം
യുദ്ധങ്ങൾ ശമിച്ചിട്ടും
ബോധത്തെയബോധങ്ങൾ
വിഴുങ്ങിക്കഴിഞ്ഞിട്ടും
കുട്ടികൾ മറന്നിട്ടും
കിടക്കവ്രണങ്ങളിൽ
ചെള്ളുകളരിച്ചിട്ടും
തങ്ങളിൽ താങ്ങിത്താങ്ങി
യെടുപ്പൂ മരണത്തെ…..

ബിജു കാരമൂട്

By ivayana