രചന : റുക്സാന ഷമീർ ✍️
ആരൊക്കെ നിന്നിൽ
നിഷേധിയെന്ന മുദ്ര പതിപ്പിക്കുമ്പോഴും…
എനിക്കു നീ ശരികളുടെ
നിലാവെട്ടമായിരുന്നു…..!!
കാരണം …..
ഞാൻ സ്നേഹിച്ചത് നിന്നിലെ പോരായ്മകളേയും
ചേർത്തായിരുന്നു….!!
എനിക്കു നിന്നെ അറിയേണ്ടത്
മറ്റാരുടെയും
നാവിൻ തുമ്പിലൂടെയായിരുന്നില്ല…..
ഇടനിലക്കാരില്ലാതെ
പരസ്പരം നേരിട്ടു തന്നെയായിരുന്നു….!!
നിന്നിലെ ശരികളെ
നിന്നിലെ പകൽക്കാലങ്ങളായും…
നിന്നിലെ പോരായ്മകളെ
നിന്നിലെ രാത്രികാലങ്ങളായും…..
ഞാൻ പരിഗണിക്കാൻ പഠിച്ചു….!!
നിന്നിലെ സ്പന്ദനങ്ങളറിഞ്ഞ്
നിൻ്റെ പാതിയായ് അലിഞ്ഞുചേർന്നു ഞാൻ
നിന്നിട്ടും ഒരു മാത്ര നീയെന്നെയും
അറിയാതെ പോവുകയാണെങ്കിൽ…..
നിന്നിലേക്ക് പിന്നെ ഒരു മടക്കമുണ്ടാവുകയില്ല….!!
നിന്നിൽ ചേർന്നു നിന്നു
മിടിച്ച എൻ്റെ ഹൃദയം
ഒരു പാട് അകലങ്ങളിലേക്ക്
അകന്നുപോയിട്ടുണ്ടായിരിക്കും….!!
നീ എന്താണോ …..
അതുപോലെ…
നീയെന്ന ചായക്കൂട്ടിലേക്ക്
ചേർന്നു ജീവിക്കുവാൻ
എന്നോളമൊരു പകരക്കാരി
ഇന്നോളം ഈ ഭൂമിയിൽ പിറവിയെടുത്തിട്ടില്ല….!!