രചന : തോമസ് കാവാലം✍️
കൂനിക്കൂടിയങ്ങു മൂലയ്ക്കിരിക്കുന്ന-
കൂനിയപ്പൂപ്പനതാരാകുമോ?
വേലയ്ക്കു നിൽക്കുന്ന വേലായുധനന്നു
വേലിയ്ക്കൽ നിന്നല്ലോ ചോദിക്കുന്നു.
എല്ലുന്തിനിൽക്കുന്നു ചുക്കിചുളിഞ്ഞോരാ-
പല്ലില്ലാമോന്തയും കാട്ടിടുന്നു
തെല്ലില്ല ഗൗരവം,ഗൗനിക്കാനാളില്ല
പുല്ലുപോലല്ലയോ കണ്ടിടുന്നു.
ചാകുന്നതിൻ മുൻപേ ചത്തുപോയാമനം
മൂകനായ് മണ്ണോടു ചേർന്നിരുപ്പു
നിർവ്വികാരനായി നീരുപോലല്ലയോ
നാളേയ്ക്കൊഴുകുന്നാനന്മനദി.
പ്രായമായീടുകിൽ പ്രശ്നമായ് കാണുന്നു
പ്രാണിപോൽ ശല്യമായ് തീരുന്നവൻ
ആർക്കുമില്ലൽപ്പവും ദയാദാക്ഷിണ്യങ്ങൾ
കർക്കശ്ശമാകുന്നുകാര്യഗതി.
പെട്ടെന്നൊരുദിനം മൺമറഞ്ഞീടുമ്പോൾ
ഒട്ടെല്ലാദിക്കിലും ഫ്ലക്സ് വെക്കും
എങ്ങനെ ചത്തുവോ?എപ്പോൾ പിരിഞ്ഞുവോ?
അങ്ങനെ ചോദ്യങ്ങളെത്ര ബാക്കി
മുറ്റത്ത് പന്തലിൽ ആഘോഷമോടവർ
ഉറ്റവരെത്തുവാൻ കാത്തിരിപ്പൂ
ചത്തില്ലവനെന്നു ചൊല്ലുന്നാരൊക്കെയോ
എത്തിനോക്കീടാനുമാരുമില്ല
എന്തു തിരക്കാണ്? ബന്ധുക്കളെല്ലാരും
സ്വന്തക്കാരെന്നപോൽ കേറി നിൽക്കാൻ
ഒന്നല്ലൊരായിരം ഫോട്ടോയെടുത്താലും
പിന്നീടതാരുണ്ട് നോക്കീടുന്നു.
“ചത്തുപോയല്ലോ ഹ! എന്തൊരാശ്വാസം ഹോ!
ഒത്തിരിനാളവൻ കിടന്നില്ല
പെട്ടിവാങ്ങീടുമ്പോളോർക്കണം നല്ല
ഊട്ടിയിൽ തീർത്തത് തന്നെ വേണം”.
