രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️
നമ്മുടെ സ്ഥാനമെന്ത്? മണ്ണിൽ
ആറടി മണ്ണ് മാത്രം
എങ്കിലും മോഹമെന്ത്? ഉള്ളിൽ
നാലാളെ തോൽപ്പിക്കണം
തന്നുടെ കേമമെന്ത്? ചൊല്ലാൻ
പൊങ്ങച്ചം മാത്രം മതി
അന്യനെ കാണുകിലോ, താഴാൻ
പറ്റാത്ത തൻ പ്രമാണിത്വം
പതുങ്ങിപ്പതുങ്ങിയല്ലോ വീഴ്ത്താൻ
ചതിയുടെ കുഴി കുഴിപ്പൂ
ചിരിയിൽ കരുതിയല്ലേ കൂട്ടായി
കഴുത്തിൽ കുരുക്ക് മുറുക്കൂ…
എല്ലാം എനിക്കു മാത്രം എന്നല്ലേ
നാമജപത്തിൽ ചൊല്ലൂ
എല്ലാത്തിനും മുന്നിൽ ഞാനെന്ന
ഭാവം സ്വയം ചമയൂ….
ഉള്ളിലെ ചോരയുടെ നിറം കടും
ചോപ്പെന്നതോർക്കുകില്ല
പുറത്തെ നിറം തിരഞ്ഞ് മാത്രം
കറുപ്പിനെ ദൂരെയാക്കും
മനുഷ്യനിതെന്താ പറ്റി? കഷ്ടം
മാനം കറുത്തു പോയി
രാവും പകലും ചിലർ രാക്ഷസ
ചിന്തതൻ കൂടൊരുക്കി
ഉയരാത്ത തലയുമായി നാട്ടിൽ
എഴുതാത്ത കഥ പറഞ്ഞ്
ഇന്നു നീ ചെയ്യും ചെയ്തികൾ
നാളെ മക്കളും പിന്തുടരും
ഉണരുക നാടിതൊന്നായ് നാളെ
തലതാഴ്ത്തി നിന്നിടാതെ
ഉയരുക മനുഷ്യനൊന്നായ് നമ്മുടെ
നാടിന്റെ മാനമായി.
