രചന : കമാൽ കണ്ണിമറ്റം✍️
അക്ഷരത്തുള്ളികൾ
കൂട്ടിടും വാക്കുകൾ,
അർത്ഥതലങ്ങളായ്
ചേർന്നവാക്യങ്ങളാൽ,
നിറയുന്നതാളുകൾ
ബന്ധിച്ചു പുസ്തക
രൂപമായ്, വയനാ രീതിയായ്,
കൂട്ടായ്, കുടുംബമായ്,
വളർച്ചയായ്,
വിളവായ് ,
വളയാത്ത ജീവിത
നേർപഥ രേഖയായ് തുടിക്കുന്നു നമ്മളിൽ!
നിത്യമാമാനന്ദ നിർവൃതി
ദായക ഗുരുത്വ സങ്കല്പമായ്!
വിജ്ഞാനശേഖരണ വിതരണോപാധി!
ഗീതയായ്. ബൈബിളായ് രാമായണമായ്
ഖുർആനും, മൂലധനവുമങ്ങനെ യങ്ങനെ ……!
ആത്മമോക്ഷത്തിൻ്റെ
നേർപഥയാത്രയിൽ
പശിയ കറ്റീടുവാൻ
അഷ്ടിപാഥേയമായ് !
പുസ്തകമൊരു ചരിത്രം!
സംഭവ സംഭാവനാ വിവരണ
ത്താളായ്,
തത്ത്വശാസ്ത്രങ്ങളായ്
ശസ്ത്ര പ്രയോഗ
പ്രഹേളികക്കൂടുകളുടെ
മർമ്മം തുരക്കുന്ന താക്കോൽ കിലുക്കമായ്,
പുസ്തകമൊരു വിമോചന
പാത പ്രയാണമായ് !
പുസ്തകമൊരു കുരുക്കായ്,
വായനാ പാഠാർത്ഥ
തത്വപ്രകാശന രൂപമായ്,
വിശ്വാസ ദർശനാടിത്തറത്തട്ടായ്,
അന്ധവിശ്വാസത്തിന്നൊരു
ഊർജപ്പെരുക്കമായ് !
പാരതന്ത്ര്യാശയ
പരമ്യപൂജയായ്,
മന്ത്രവാക്യങ്ങളായ്!
പുസ്തകം !
വിമോചനാചാര്യരുടെ
ഹസ്തക്കരുത്തായ്,
മുദ്രാഗീതപ്പതക്കമായ്,
ചട്ടമാറ്റങ്ങളുടെ
നേർവരിപ്പദങ്ങളായ്!
പുസ്തകമിന്നക്കങ്ങളായ്.
ഇ – രൂപത്തിളക്കമായ്
സ്ക്രീനിലെ മിന്നി ത്തെളിച്ചമായ് ….
പുഞ്ചിരിയായ്…..
കുത്തിയിരിക്കലായ് …
ട്രോളായ്….
മടി മേടക്കിടപ്പായ് …
ചുറ്റുവട്ടപ്പടിയടച്ചൊരു
ഇരുൾമുറി ലോകമായ്….!
കോടി ലോകങ്ങളിലെ
കോടി ജനതാക്ഷരങ്ങളായ്….!
✍️