രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️
പാടുകപാടുക പാട്ടുകാരാ,
ആടൽമറന്നൊരു പാട്ടുകൂടി
കാടുംമലയും കടന്നുവന്നെൻ
മാടത്തിരുന്നൊരു പാട്ടുകൂടി
പോയകാലങ്ങൾ മടങ്ങിയെത്താൻ,
ആയിരംസ്വപ്നങ്ങൾ പൂത്തുനിൽക്കാൻ
നാടിൻ വറുതികളൊക്കെനീങ്ങാൻ
പാടേമറന്നൊരു പാട്ടുകൂടി
ആവണിമാസം പുലർന്നുവല്ലോ,
മാവേലിത്തമ്പുരാനെത്തിയല്ലോ
ഈടുറ്റൊരാ,മുളംതണ്ടുമീട്ടി
പാടുകപാടുക പാട്ടുകാരാ
ഇന്നിൻ വെളിച്ചത്തിൽ നിന്നുകൊണ്ടേ,
മന്നിനെ വാരിപ്പുണർന്നുകൊണ്ടേ,
ഒന്നിനെമാത്രം നിനച്ചുകൊണ്ടേ,
പൊന്നോമൽപാട്ടുകൾ പാടൂവേഗം
പുഞ്ചനെൽപ്പാടങ്ങൾ പൂത്തുലയാൻ,
നെഞ്ചിൽ കവനപ്പൂങ്കാറ്റുവീശാൻ
ജാതി,മതക്കറമാഞ്ഞുപോകാൻ,
സാദരം കൈകൾകോർത്തൊന്നുചേരാൻ
നേരിൻ പ്രകാശംതെളിഞ്ഞുകാണാൻ
ആരിലും സ്നേഹംനിറഞ്ഞുകാണാൻ
കൊല്ലാക്കൊലകളൊടുങ്ങിയെങ്ങും
നല്ലൊരുനാളെ പുലർന്നുകാണാൻ
മാനുഷരെല്ലാരു,മൊന്നുപോലെ
ആനന്ദതുന്ദിലരായി മാറാൻ
ജ്ഞാനത്തിൻ വെൺഛദംവീശിവീശി,
വാനോളം പാറിപ്പറന്നുയരാൻ
നന്മതൻ പൂത്തിരികത്തിനിൽക്കാൻ,
ജന്മങ്ങൾസർവം സഫലമാകാൻ,
പാടുക പാടുക പാട്ടുകാരാ,
ചോടുകൾ തെല്ലുംപതറിടാതെ
ലോകത്തിനാകെ സുഖംഭവിക്കാൻ,
സാകല്യചിന്തകളങ്കുരിക്കാൻ
പുത്തൻപവിഴക്കൊടികണക്കേ-
യിദ്ധരതന്നിൽ തഴച്ചുനിൽക്കാൻ,
യുദ്ധക്കെടുതികളസ്തമിക്കാൻ,
സുസ്ഥിരജീവിതം കൈവരിക്കാൻ,
പാടേണ്ട പാട്ടുകളൊക്കെയും നീ,
പാടുകപാടുക കൂട്ടുകാരാ.