നനഞ്ഞൊട്ടിയ സംഖ്യകൾ
ക്രമം തെറ്റിയ ഹാജറായ്
കുഞ്ഞുകള്ളിയൊഴിച്ചിട്ടു
മഴയിൽ വൈകിവന്നിടാം

ബോഡിൽ ഞാൻ വിരലോടിച്ചു
ചിമ്മാനിയിൽ വരച്ചിട്ടു
ഗുഹാചിത്രമനുഷ്യൻ്റെ
മുന്നിൽ നിൽക്കുന്ന കാലിയെ

പ്രാകൃതോച്ചണ്ഡവർഷത്തിൽ
ഗുഹാഭിത്തിയിലെന്നപോൽ
വരച്ചേചെന്നിറത്തിൽ തൻ
പ്രാഗ് രൂപങ്ങളോർമ്മിച്ചവർ

മിണ്ടുവാൻ ഭാഷയില്ലല്ലോ
മഴയത്തെന്തുകേൾക്കുവാൻ
വൃത്തിയാകാത്ത യാംഗ്യങ്ങ
ളാവർത്തിച്ചു ശ്രമിക്കയായ്

മഴപെയ്യുമ്പളെപ്പൊഴും
ശിലായുഗമാകുന്നിടം
ചുട്ടുതിന്ന്തീയും കാഞ്ഞ്
തൊട്ടുതൊട്ടേ യിരിക്കണം

ഭാഷ കണ്ടെടുക്കുന്നേരം
മാനത്തുണ്ടായ മിന്നലിൽ
ബുദ്ധിമാന്ദ്യം ചിരിക്കുന്നു
കൈഞെരുക്കി പിടിക്കുന്നു

തീ കൊളുത്തി മരിച്ചവൾ
കുഞ്ഞിനെക്ലാസിലെത്തിച്ചു
നെഞ്ചു നിന്നു മരിച്ചവൻ
കുട കൊണ്ടുവരുന്നുണ്ട്

മഞ്ഞനിറത്തിലെ കുഞ്ഞ്
എന്നുമഞ്ചിലിരിക്കുന്നു
പകരാതിരിക്കാനാവും
അൽപംമാറിയിരിപ്പത്

കാടുകേറിപ്പോകാറുണ്ട്
പഠിപ്പിയ്ക്കുമ്പൊഴൊക്കയും
കഴിഞ്ഞകാലവർഷങ്ങൾ
ചരിത്രാതീതകാലവും
. ! .

സുദേവ് ബാണത്തൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *