എനിക്കും, മറിയം തെരേസയ്ക്കുമിടയിൽ
മണൽത്തരികൾ കൊണ്ടുണ്ടാക്കിയ
ചില്ലുകളുള്ള തുറക്കാത്ത ഒരു ജാലകമുണ്ട്!
ഞങ്ങൾക്ക് രണ്ടടുക്കള.
രണ്ട് കിടപ്പുമുറികൾ.
രുചികളുടെ മാദകഗന്ധങ്ങളാൽ
മോഹിപ്പിക്കും അവളുടെ അടുക്കള.
അമ്ലഗന്ധം തങ്ങിനിൽക്കുന്ന
ഒരിടമാണ് എൻ്റെ അടുക്കള.
കിടപ്പുമുറിയിലാകട്ടെ നിറയെ
പ്രാണികൾ, ചിതൽപ്പുറ്റുകൾ…
അവളുടെ കിടപ്പുമുറി എങ്ങനെയിരിക്കും?
“മറിയം തെരേസാ, നീ എന്തെടുക്കുന്നു? “
ഒരിക്കൽ ജാലകത്തിനപ്പുറത്തേക്ക്
ഞാനവളോട് ചോദിച്ചു.
“വഴിയിലെനിക്കൊരു അപകടം സംഭവിച്ചു.
ഞാൻ മരണപ്പെട്ടു. എൻ്റെ വളർത്തുപൂച്ചയെ
നിങ്ങൾക്ക് നോക്കാമോ? “
അവളെയും, പൂച്ചയെയും ഞാൻ അവഗണിച്ചു. എനിക്ക് താൽപര്യമുള്ള
വിഷയം ആത്മഹത്യ മാത്രമായിരുന്നു.
ആത്മഹത്യാശേഷമുള്ള മിക്ക ദിവസങ്ങളിലും ആ പൂച്ച
കിടപ്പുമുറിയിൽ വരും.
കാതുകളിലൂടെ ശരീരത്തിനകത്തേക്ക്
നൂണ്ടുകയറും. ഉള്ളകങ്ങളിൽ ‘മ്യാവൂ’
ശബ്ദത്തോടെ അലഞ്ഞുതിരിയും.
തലച്ചോറിലെ കീബോർഡിൽ
എലികളുടെ ചലനവേഗതകളെക്കുറിച്ച്,
മത്തിയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തെക്കുറിച്ച്,
പാലിൻ്റെ വെൺമയെക്കുറിച്ച്,
ഉപന്യാസങ്ങൾ ടൈപ്പ് ചെയ്ത് നിറയ്ക്കും.
അന്നേരമൊക്കെ ഞാൻ
മറിയം തെരേസയെ ഓർക്കും.
ചലിക്കാതെ, പ്രതികരിക്കാതെയിരിക്കും.
പൂച്ച കാതിലൂടെ വെളിയിലിറങ്ങുന്ന
നേരം ഞാൻ നഗരം ചുറ്റാനിറങ്ങും.
ഞാൻ സന്തോഷവാനായിരിക്കും.
എന്നാൽ,
അടിവസ്ത്രങ്ങളിൽ നിന്നും
വമിക്കുന്ന രൂക്ഷമായ പൂച്ചമൂത്രത്തിൻ്റെ
ഗന്ധം നഗരവീഥികളിലെ
ചുടുകാറ്റിൽ കൂടിക്കലരവേ
എൻ്റെ ആത്മഹത്യ മറിയം തെരേസയെ
യാതൊരു തരത്തിലും ബാധിക്കാൻ സാധ്യതയില്ല എന്ന ചിന്തയുടെ
തീവ്രമായ അസ്വസ്ഥത കാർമേഘം കണക്കെ വന്നെന്നെ മൂടിപ്പൊതിയും…
🟦

By ivayana