രചന : ബിന്ദു അരുവിപ്പുറം ✍️
ജീവിതവേഷം പലവുരുകെട്ടി
അദ്ധ്വാനത്തിൻ തെയ്യമതാടി.
ആശകളെല്ലാം നിറവേറ്റാനായ്
ചീറിപ്പാഞ്ഞു ചുറ്റിലുമെന്നും.
ഇഷ്ടമതെല്ലാം പാടെ വെടിഞ്ഞു
കനവുകൾ നെഞ്ചിൽ നിറഞ്ഞു പിടഞ്ഞു.
കൊട്ടിപ്പൊക്കിയ മേടയിലെല്ലാം
സ്വേദകണങ്ങൾ തെറിയ്ക്കുകയായി.
വർണ്ണപ്പൊലിമയിലുള്ളു നിറഞ്ഞു
കിട്ടാക്കടമായ്, കിട്ടിയ കാശാൽ
പോറ്റിവളർത്തി കടുംബമതെങ്കിലു-
മാർക്കും വേണ്ടാ ജന്മമിതായി!
കാണാക്കാഴ്ച്ചകൾ മിഴികൾ നിറച്ചു
സങ്കടമെല്ലാം നെഞ്ചിലൊതുക്കി.
സ്വന്തവുമില്ല, ബന്ധവുമില്ല…..
വേഷം കോമാളിയുടേതായ് മാറി.
തേനൂറും ചിരി ചുണ്ടിൽ, നാട്യം
നോക്കിൽ, വാക്കിൽ, നടപ്പിലുമെല്ലാം.
ഇണയും തുണയും പാഴ്ക്കഥയായി,
വഴിയാധാരമിതായി ജന്മം!
പോറ്റിവളർത്തിയ മക്കൾ പോലും
കണ്ടൊരു ഭാവവുമില്ലാതായി.
നിദ്രയുമില്ലാതായി, പിന്നെ
മനമൊരു ദുഃഖക്കടലായ് മാറി.