രചന : ജയരാജ് പുതുമഠം. ✍
നിദ്രയിൽ നിഴലായ് അനുദിനം
അമൃതസംഗീതം മൊഴിയും
അഭിരാമി, ചന്ദ്രികേ…
അഴക് വിടർന്ന നേരത്ത്
നിന്നുടെ മഴവിൽ തടങ്ങളിൽ
ഞാനൊരു മൃദുലസുമത്തിൻ
ലോലമർമ്മരം കേട്ടുണർന്നു
അറിയില്ലെനിക്കതിൽ
നിറഞ്ഞ വർണ്ണരാജികൾ
അറിയുന്നു ഞാനതിൻ
അനുരാഗ അവാച്യരാഗങ്ങൾ
ഇന്നലെ അന്തിയിൽ മന്ദമായ്
വന്നെന്റെ മന്ദാരശയ്യതൻ സങ്കല്പതീരത്ത്
ലജ്ജയിൽ ചിറകൊതുക്കി
മിണ്ടാതെ നിന്നതെന്തേ
എന്റെ തങ്കനിലാവേ…
കാന്തിചൂടിയണഞ്ഞ
ചന്ദനമേഘങ്ങൾ
മാഞ്ഞുപോയ് തെന്നലോടൊപ്പം
താലമെടുക്കാതെ ശോകരായ്
എങ്കിലും നിന്റെ പ്രേമസൗരഭ്യം
കുഞ്ഞു കിനാവിൽ തൂകി
ഞാനിറങ്ങി, നിദ്രാവനികയിൽ.
