ദൂരെ എവിടെയോ ഏതോ ജീവൻ രക്ഷാഉപകരണത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്.
കിതച്ചും കുതിച്ചും പൊയ്ക്കൊണ്ടിരിക്കുന്ന അവസാന ശ്വാസത്തിനെ പിടിച്ചു കെട്ടാൻ നിയോഗിക്കപ്പെട്ട യന്ത്രമാവും…
ഏറെ നാളിനു ശേഷം ഞാൻ ഇന്ന് ഐ സി യൂ വിനു പുറത്തേക്കിറങ്ങാൻ പോവുകയാണ്.. പടവെട്ടി ജയിച്ചു വന്ന യോദ്ധാവാണ് ഞാൻ. ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഒരു മടങ്ങിവരവ്.
അത്രമേൽ സങ്കീർണ്ണവും ഗുരുതരവുമായ ഒരു അവസ്ഥയിൽകൂടിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ക്കൂടി കടന്നുപോയത്…
എത്രയെത്ര ജീവൻ പിടഞ്ഞു നിശ്ചലമായിട്ടുണ്ടാവും എനിക്ക് ചുറ്റും എത്രയെത്ര പേര് വന്നു പോയിട്ടുണ്ടാകും.ഒന്നും അറിയാതെ പേരറിയാത്തൊരു താഴ്‌വാരത്തിൽ അലഞ്ഞു തിരിഞ്ഞു ഒറ്റയ്ക്ക്… ആരൊക്കെയോ കൂടെയുണ്ടാവുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആരുമില്ല…
ആ കനത്ത എകാന്തതതയിൽ ഭയപ്പെടുത്തുന്ന നിശബ്ദതയിൽ,ഒരു കുഞ്ഞു തെന്നൽ പോലെ ചില നനുത്ത ഓർമ്മകൾ ദേഹത്തു ഉരുമ്മിപ്പോകുന്നുണ്ടായിരുന്നു….
ആ ഓർമ്മകളുടെ ചുവടു പിടിച്ചു നടന്നപ്പോൾ വീണ്ടും ഇതാ ബോധ മണ്ഡലത്തിന്റെ പടവുകൾക്കരികിൽ ഞാൻ… മെല്ലെ ഓരോന്നായി കയറി.. ഓരോ പടവു കയറുമ്പോഴും തൂവലുപോലെ ഭാരമില്ലാത്ത അവസ്ഥ…
അവസാന പടവുകയറിയതും ഉറക്കം മുറിഞ്ഞത് പോലെ…
ഉറങ്ങുകയായിരുന്നോ ഞാൻ…
” ഡോക്ടർ… ഡോക്ടർ…. “
ആരോ വിളിച്ചു കൂവുന്നു..,.
ആരൊക്കെയോ ഓടിവരുന്നുണ്ട് അരികിലേക്ക്…
” മിറക്കിൾ “
ഡോക്ടർ പിറുപിറുക്കുന്നു…
“എന്റെ ദൈവമേ നന്ദി….”
അക്കൂട്ടത്തിൽ പരിചയമുള്ളൊരു സ്വരം..
ആരാണെന്നു ഓർമ്മ വന്നില്ല….
മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്… അത് ലൗലി സിസ്റ്റർ ആണെന്ന്…
അയൽക്കാരിയാണ്.. എന്റെ ചേച്ചിയുടെ കൂടെപ്പഠിച്ച കൂട്ടുകാരിയാണ്… എന്റെ സ്വന്തം ചേച്ചിയെപ്പോലെയാണ്
അബോധ മണ്ഡലത്തിൽ നിന്നും തിരികെ എത്തിയ എനിക്ക് കാവലിരിക്കുന്ന സിസ്റ്റർ
” മോളെ… മനസ്സിലായോ എന്നെ… “
ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു…
” നല്ലയാളാ പാട്ട് പാടിത്തരാൻ പറഞ്ഞിട്ട് പാടിയപ്പോഴേക്കും ഉറങ്ങിപ്പോയല്ലോ… ഇങ്ങനെയും ഉറങ്ങുമോ പെൺകുട്ടികൾ…നീണ്ട പതിനേഴു ദിവസം…”
സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു..
” എന്തായാലും സിസ്റ്ററുടെ പാട്ട് കേൾക്കാൻ വേണ്ടി തിരികെ വന്നല്ലോ “
അവർ കരയുന്നുണ്ടെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്..
അത് ആനന്ദകണ്ണീരാണെന്നും…..
രണ്ടു മൂന്നു ദിവസത്തിന് ശേഷം ട്രോളിയിൽ എന്നെ പുറത്തേക്ക് കൊണ്ടുവരവേ ഞാൻ കണ്ടു… ഐ സി യൂ വിന്റെ വാതിലിനരികിൽ കാത്തിരിക്കുന്ന കുറെ ആൾക്കാർ. എല്ലാവരുടെ കണ്ണുകളിലും പ്രതീക്ഷകളുടെ നീർതിളക്കങ്ങൾ കാണാം.
എന്നെ കണ്ടപ്പോൾ അവർക്കു വീണ്ടുമാ പ്രതീക്ഷകൾ വർദ്ധിച്ചത്‌ പോലെ… ഐ സി യൂ വിൽ നിന്നൊരാൾ ജീവിതത്തിലേക്ക് തിരികെ വരികയെന്നത് ചെറിയ കാര്യമല്ല.. അതും നീണ്ട പതിനേഴു ദിവസങ്ങൾ ബോധമില്ലാത്ത അവസ്ഥയിൽ നിന്നും…
അകത്തു ഏതൊക്കെയോ ട്യൂബുകൾക്കിടയിൽ അബോധ മണ്ഡലത്തിന്റെ ഉപരിതലത്തിൽ മേയാൻ പോയ കുറെയേറെ ആത്മാക്കൾ തിരികെയുടലിൽ കയറുന്നതും കാത്തിരിക്കുന്ന പ്രിയജനങ്ങൾ….
എന്റെ നേരെ ആരൊക്കെയോ ഓടി വരുന്നുണ്ട്..
“അമ്മേ”
” മോളെ “
“കാത്തു “
പലതരം വിളികൾ കൊണ്ടു സ്നേഹപാശ ത്താൽ ബന്ധിതയായി വീണ്ടും തിരികെ ജീവിതത്തിലേക്ക്..
മുൾക്കിരീടങ്ങൾ ദൂരേക്ക് വലിച്ചെറിഞ്ഞു ജീവിതത്തിലേക്ക്…
✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *