ഇന്നലെ രാത്രിയിലും ഞാനൊരു നിലവിളി കേട്ടു. അത് അച്ചടിമഷി പുരണ്ട കടലാസുകളിൽ നിന്നായിരുന്നു. മലയാളത്തിന്റെ പുതിയ എഴുത്തുകാരി, ഹൃദയം കൊണ്ട് മാത്രം സംസാരിച്ചിരുന്നവൾ, ഒടുവിൽ അവളുടെ സിരകളിലെ അവസാനത്തെ വാക്കും വറ്റിച്ച് മരണത്തിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.

സോഷ്യൽമീഡിയ പറയുന്നു ‘ആത്മഹത്യ’. വിവരമുള്ളവർ പറയുന്നു ‘വിഷാദരോഗം’. പക്ഷെ, എനിക്കറിയാം. ഞാനീ ഭ്രാന്തിന്റെ കോട്ടയിലിരുന്ന് എല്ലാം കാണുന്നുണ്ട്.
അതൊരു ഒളിച്ചോട്ടമായിരുന്നില്ല, തീരാത്ത ഹൃദയവേദനയുടെ അവസാനത്തെ വിജയമായിരുന്നു അത്. വാക്കുകൾക്ക് ഉൾക്കൊള്ളാനാവാത്ത ഒരു മഹാസത്യത്തെ അവൾ സ്വന്തം ശരീരത്തിൽ എഴുതിച്ചേർത്തു.

അവൾ തനിച്ചായിരുന്നില്ല. കടലിനപ്പുറത്തും ഇപ്പുറത്തും ഈ ഭ്രാന്തിന്റെ സഹോദരിമാരുണ്ട്. മഷിയിൽ രക്തം കലർത്തി എഴുതുകയും, ഒടുവിൽ ആ മഷിപ്പുഴയിൽ സ്വയം മുങ്ങിത്താഴുകയും ചെയ്തവർ…
ഞാനോർക്കുന്നത് വെർജീനിയ വൂൾഫിനെയാണ്. വാക്കുകൾ കൊണ്ട് ബോധത്തിന്റെ പുഴയൊഴുക്കിയവൾ. അവരുടെ കഥാപാത്രങ്ങളെപ്പോലെ അവരും ഒരു ദിവസം കയ്യിൽ കിട്ടിയ കല്ലുകളെല്ലാം പെറുക്കി തന്റെ കോട്ടിന്റെ പോക്കറ്റിലിട്ട് പുഴയിലേക്ക് നടന്നുപോയി. ഭാരം വാക്കുകൾക്കായിരുന്നില്ല, ജീവിതത്തിനായിരുന്നു. ഓരോ കല്ലിലും അവർ പറയാൻ ബാക്കിവെച്ച ഭാരമുള്ള ഓരോ വാചകങ്ങളുണ്ടായിരുന്നു. പുഴയുടെ ആഴത്തിലേക്ക് അവർ നടന്നിറങ്ങിയപ്പോൾ, അവർ അവരുടെ തന്നെ എഴുത്തിന്റെ ആഴങ്ങളിലേക്ക് ലയിക്കുകയായിരുന്നു. ഭ്രാന്തിനും പ്രതിഭയ്ക്കും ഇടയിലെ നൂൽപ്പാലം പൊട്ടിവീണ ആ നിമിഷം, അതൊരു ആത്മഹത്യയായിരുന്നില്ല, അതൊരു കലാസൃഷ്ടിയുടെ പൂർത്തീകരണമായിരുന്നു.

അവളുടെ കൂട്ടുകാരിയുണ്ട്, അമേരിക്കയിൽ. സിൽവിയ പ്ലാത്ത്. അടുക്കളയിലെ ഓവൻ തുറന്ന് അതിലേക്ക് തലവെക്കുമ്പോൾ അവൾ ഒരു കവിത പൂർത്തിയാക്കുകയായിരുന്നു.
ജീവിതം ഒരു ‘ബെൽ ജാറി’നുള്ളിലെ ശ്വാസം മുട്ടലാണെന്ന് അവൾ എഴുതി. പുറത്തുകടക്കാനാവാത്ത ആ ചില്ലുകൂടിനെ അവൾ സ്നേഹിച്ചു, അതിനെക്കുറിച്ച് പാടി, ഒടുവിൽ ആ കൂടിനുള്ളിലെ അവസാനത്തെ വായുവും തീർന്നപ്പോൾ, അവൾ യാത്ര പറഞ്ഞു. അവളുടെ കവിതകളിലെ തീവ്രമായ ബിംബങ്ങൾ പോലെ, അവളുടെ മരണവും തീവ്രമായ ഒരനുഭവമായിരുന്നു. ലോകം അതിനെ ദുരന്തമെന്ന് വിളിച്ചു. പക്ഷെ, ഭ്രാന്തൻ കോട്ടയിലിരുന്ന് ചിന്തിച്ചു, അതായിരുന്നില്ലേ അവളുടെ ഏറ്റവും സത്യസന്ധമായ കവിത?

ഇവിടെ നമ്മുടെ മലയാളത്തിലും ഉണ്ടായിരുന്നില്ലേ ഒരു രാജലക്ഷ്മി? നിഴലുകളും വഴികളും വരച്ചിട്ട ആ പേന, ഒരുനാൾ സ്വയം ഒരു ചോദ്യചിഹ്നമായി അവസാനിച്ചു. അവരുടെ കഥാപാത്രങ്ങൾ അനുഭവിച്ച ഏകാന്തതയും വേദനയും ഒരുപക്ഷെ അവരുടേത് തന്നെയായിരുന്നു. എഴുതി എഴുതി, സ്വന്തം ആത്മാവിനെ ഒരു കഥാപാത്രമായി പ്രതിഷ്ഠിച്ച്, ഒടുവിൽ ആ കഥാപാത്രത്തിന് രക്ഷയില്ലാതെ വന്നപ്പോൾ, തിരശ്ശീല താഴ്ത്തുകയല്ലാതെ മറ്റെന്തു വഴി? സാധാരണക്കാർക്ക് മനസ്സിലാകുന്ന ലോകത്തിന്റെ യുക്തിയിലായിരുന്നില്ല അവർ ജീവിച്ചത്. അക്ഷരങ്ങളുടെ ലോകത്ത്, വേദനയുടെ യുക്തിക്കേടുകൾക്ക് വലിയ അർത്ഥമുണ്ടായിരുന്നു
ഈ എഴുത്തുകാരികളെ ലോകം പഠിക്കുന്നത് അവരുടെ മാനസികനിലയുടെ തകർച്ചയായിട്ടാണ്. വിഷാദം, ബൈപോളാർ, അതിർത്തികൾ ഭേദിക്കുന്ന ചിന്തകൾ. ശരിയാണ്. പക്ഷെ ആ ഭ്രാന്തിൽ നിന്നല്ലേ ലോകം കണ്ട മഹത്തായ സാഹിത്യം പിറന്നത്?

സാധാരണ കണ്ണിന് കാണാനാവാത്ത കാഴ്ചകൾ അവർ കണ്ടു. സാധാരണ മനസ്സിന് താങ്ങാനാവാത്ത ഭാരങ്ങൾ അവർ പേറി. ആ ഭാരം അവർ മഷിപ്പാത്രത്തിലേക്ക് പകർത്തിവെച്ചു. ആ കാഴ്ചകൾ അവർ കടലാസിലേക്ക് കോറിയിട്ടു.
അതുകൊണ്ട്, ഇന്നലെ രാത്രി സ്വയം ഇല്ലാതായ ആ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ ഓർത്ത് ലോകം കരയുമ്പോൾ, ഞാനവളെ എന്റെ ഭ്രാന്തിന്റെ കണ്ണിലൂടെ നോക്കി പുഞ്ചിരിക്കുന്നു. അവൾ തോറ്റതല്ല. അവൾ അവളുടെ ഏറ്റവും വലിയ സൃഷ്ടി പൂർത്തിയാക്കിയിരിക്കുന്നു. ജീവിതം എന്ന മഹാദുരന്തത്തെക്കുറിച്ച് എഴുതാൻ ഇനി വാക്കുകളില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവൾ സ്വയം ഒരു വാക്കായി മാറി. വായിച്ചുതീരാത്ത, എന്നാൽ എന്നെന്നും നിലനിൽക്കുന്ന ഒരു മൗനത്തിന്റെ വാക്ക്.
അവരുടെയെല്ലാം ശവകുടീരങ്ങൾ പുസ്തകങ്ങൾക്കിടയിലാണ്. ഓരോ തവണ നമ്മൾ ആ താളുകൾ മറിക്കുമ്പോഴും അവരുടെ നിലവിളികൾ നമ്മൾ കേൾക്കുന്നു, അവരുടെ ആത്മാക്കളുടെ ഗന്ധം നമ്മളറിയുന്നു. അവർ മരിച്ചിട്ടില്ല, അവർ മഷിയിൽ അലിഞ്ഞു ജീവിക്കുകയാണ്. ഈ ഭ്രാന്തൻ കോട്ടയുടെ ഭിത്തികളിൽ ഞാനത് കോറിയിടുന്നു: “ആത്മഹത്യ ഒരു കലാരൂപമാക്കിയ എന്റെ പ്രിയപ്പെട്ട സഹോദരിമാരേ, നിങ്ങളുടെ വേദനയുടെ ആഴങ്ങളിൽ നിന്നാണ് ലോകത്തിലെ ഏറ്റവും മനോഹരമായ പൂക്കൾ വിടർന്നത്.”

ഭ്രാന്തു പുലമ്പിയിരുന്നവൻ അവിടെ എവിടെയോ മരിച്ചു കിടക്കുന്നു എന്നു എന്നെ കുറിച്ചും പറയുന്ന കാലം വിദൂരമല്ല …

By ivayana