രചന : ലാൽച്ചന്ദ് മക്രേരി ✍
മനസ്സ് സഞ്ചരിക്കുന്ന ദൂരമളക്കുവാൻ
മനുഷ്യരാം നമ്മൾ ഇതുവരെ ശ്രമിച്ചുവോ?
മനസ്സെന്ന മായാപ്രപഞ്ചത്തിലൂടെ നാം
യാത്രകൾ ഒരുപാട് പോയിക്കഴിഞ്ഞല്ലോ…..
പ്രണയത്തിലൂടെ മനസ്സു പോയൊരാക്കാലം….
മധുരമായ് നമ്മൾക്ക് മാറിയിരുന്നെങ്കിൽ,
വിരഹത്തിലൂടെ മനസ്സു പോയൊരാക്കാലം
ദുഃഖമായ് നമ്മൾക്കു മാറിയില്ലേ?
മുഖങ്ങൾ മനസ്സിൻ്റെ കണ്ണാടിയെങ്കിൽ
ഹൃദയം മനസ്സിൻ്റെ കാവൽക്കാരൻ
ഹൃദയത്തിനിഷ്ടങ്ങൾ മനസ്സിലൂടെ നമ്മൾ,
എത്രയോ സംവദിച്ചതോർക്കുന്നില്ലേ
നല്ല മനസ്സുകൾ ചേരുന്നിടത്തല്ലോ
ജീവിതം സഫലമായ് മാറുന്നതെന്നും.
മനസ്സെന്ന മന്ത്രത്തിലൂടെ മനുഷ്യർക്ക്
സ്നേഹത്തിൻ വാതായനങ്ങൾ തുറക്കാം…
അതേ മനസ്സിൻ്റെ മറ്റൊരു മന്ത്രം
വെറുപ്പിൻ്റെ വികൃതമാം കടകൾ തുറക്കും.
ഇപ്പോഴിവിടെ നില്ക്കുമാ മനസ്സ്,
ക്ഷിപ്രനേരം കൊണ്ട് മൂന്നു ലോകവും താണ്ടി
മിഥ്യമാം സ്വപ്നത്തിൻ ചിറകിലേറിക്കൊണ്ട്,
ഹൃദയത്തിൽ വിസ്മയവർണ്ണങ്ങൾ തീർക്കും …..
നൻമയും തിൻമയും ചേർന്ന് മനസ്സുകൾ
ഹൃദയത്തിലൂടെ ചരിക്കുന്ന നേരത്ത്
ലോകത്തിലങ്ങോളമിങ്ങോളമായിട്ട്
നൻമയും തിൻമയും വിളയാടി നില്ക്കും.
നല്ലതിനായ് മാത്രം മനസ്സു സഞ്ചരിച്ചെങ്കിൽ
ഈ ലോകം പുണ്യമാം ക്ഷേത്രമായ് മാറില്ലേ?