ഹേ…പൃഥേ…നിന്‍റെ കൗമാരചാപല്യത്തില്‍
പിറന്ന അവിഹിതപുത്രനെന്ന
അശനിപാതം ഇനിയും സഹിക്കവയ്യ..!!
പെറ്ററിഞ്ഞപ്പോള്‍ അറ്റുപോയത്,എന്‍റെ
വംശമഹിമയുടെ ശ്രേഷ്ഠതയത്രെ..!!
വിശ്വപ്രകൃതിയ്ക്ക് ജീവാംശുവായി
വര്‍ത്തിക്കുന്ന ശ്രേഷ്ഠപിതാവിന്‍റെ
മുഖത്ത് വിഷാദത്തിന്‍റെ കറുപ്പ്
പടര്‍ന്നത് നീ കണ്ടുവോ ആവോ..?
അതിരഥന്‍റെ സൂതാലയത്തില്‍
വളര്‍ന്നതില്‍ തെല്ലും അപമാനമില്ലെനിക്ക്.
സ്നേഹത്തിന്‍റെ ഗിരിശൃംഗമായ
ആ സാധുവിന്‍റെ കരുതല്‍
ഒന്നുപോരുമായിരുന്നു
കര്‍ണ്ണന് ജ്വലിച്ചുയരാന്‍..
ഹസ്തിനപുരിയിലെ
പുരുഷാരവത്തിനുമുന്നില്‍
ഞാന്‍ തീര്‍ത്ത വിസ്മയം കണ്ട്
ചകിതയായി നിന്‍റെ കണ്ണുകളിലിറ്റ നീരും
മനസ്സിനേറ്റ പ്രമാദവും
ആ ഗര്‍ഭപാത്രത്തിന്‍റെ
കുറ്റസമ്മതമായിരുന്നില്ലെ..?
എന്നെ തളയ്ക്കാനും തകര്‍ക്കാനും
അര്‍ജുനനെ വില്ലാളിയാക്കാനും
എത്രയെത്ര കെട്ട കളികള്‍..!!
ഒരു ഭിക്ഷാംദേഹിയെപ്പോലെ
ദേവരാജന്‍ പ്രച്ഛന്നനായി കൈനീട്ടിയപ്പോള്‍
അറുത്തെറിഞ്ഞുകൊടുത്തത്
അന്ന് രഹസ്യമായി നീ മുറിച്ചുമാറ്റിയ
പൊക്കിള്‍ക്കൊടിയുടെ
ശേഷിപ്പ്..!!
അവധ്യനായ എന്നെ മരണപാശത്തിന്‍റെ
തുഞ്ചില്‍ കെട്ടിയ ആ ഭാരതനാടകം പരിഹാസ്യം..!!
എന്‍റെ രഥചക്രം പുതഞ്ഞുപോയത്
കുരുക്ഷേത്രത്തിലെ
പൂഴിയിലായിരുന്നില്ല
പ്രക്ഷുബ്ദ്ധമായ നിന്‍റെ
മനസ്സാക്ഷിയിലായിരുന്നില്ലേ..?
മരണം…എത്ര സഹതാപത്തെയോടെ,
വിനീതവിധേയനായാണെന്നെ പുണര്‍ന്നത്..!!
കൗശലങ്ങളുടെ നിര്‍ഝരിയായ നിന്നെ
കുന്തിയെന്ന് ലോകം വിളിച്ചത് വെറുതെയല്ല.
എങ്കിലും , മാതാവേ…എന്നെ ഒരിക്കലെങ്കിലും
”മോനേ..”എന്നു വിളിച്ച് നെഞ്ചോടുചേര്‍ക്കുമെന്ന്
കൊതിച്ചിരുന്നു..വെറുതേ…■

പ്രശോഭന്‍ ചെറുന്നിയൂര്‍

By ivayana

Leave a Reply

Your email address will not be published. Required fields are marked *