1
കാലം മൗനമായ് വിരൽത്തുമ്പിൽ
മുദ്രകൾ വിരിയിച്ച് നൃത്ത-
ലോലമായ് മണ്ണിൽ പദമൂന്നി
നടന്നുനീങ്ങി….. അറിഞ്ഞില്ല
അറിയണമെന്നുമില്ലൊട്ടും
നൊന്തു വെന്ത കാട്ടാള ചേതന
മൺപുറ്റിനുള്ളിലായിരുന്നു
ഉണർച്ചക്കു താളം
ഏതു വിധത്തിലാവും…..!
തുനിഞ്ഞില്ല ചികയാൻ തരിമ്പും .
കത്തുന്നചിന്തയിൽ
പിന്നെ
നോവടങ്ങി
തിര ശാന്തമായ കടൽ…..
വെള്ളിനൂപുരം പോൽ അല !
നിനവിൽ വല്മീകം
വിണ്ടടർന്നു.
ഉണർച്ചയിലേക്ക് മിഴി തുറന്നു
മാമുനി,
കാണുന്നു….. സർവ്വം
മണ്ണിൽ മുടന്തി നടന്നു
പോകുന്നു കാലം.
ആത്മപർവ്വതങ്ങളിലുറച്ച
പാറയിൽ നിന്നിപ്പൊഴു-
മുണ്ടൊരുപ്രതിധ്വനി
നേർത്ത്…. നേർത്ത്
മാ……നിഷാദാ……
മരക്കൊമ്പത്തി –
പ്പൊഴുമുണ്ടൊരു –
കണ്ണീരൊലിപ്പിൻ
നിലവിളി….
ആരിതാരിത്?
ജന്മാന്തരാളത്തി-
ലുറ പൊട്ടുമുൾത്താ
പത്തിനുറവാപ്രവാഹം.
2
സരയൂ നദീതീരം
ഇണയറ്റ് തുണ പോയ
നിസ്സഹായ ഗർഭിണി .
ഞെട്ടിപ്പിടയുന്നുണ്ട്
കുരുന്നു ജീവൻ
ഉദരത്തിൽ
ഒരു മാത്ര നേരം
തരിച്ചു നിന്നൂ മാമുനി
ആരു നീയെന്നാരാഞ്ഞതില്ല
ത്രികാലജ്ഞാനിയായ
മഹാഋഷി
‘മകളേ പോരു ‘ എന്നു മാത്രം
മൊഴിഞ്ഞു.
ഇടി വെട്ടി പെയ്തൊടുങ്ങിയ
മാനസം….. ശാന്തം
കാലനേമി ഘോഷം
‘മാ……നിഷാദ…..’
ചികയുന്നു നിനവിൽ മാമുനി
ജ്വലിക്കും സൂര്യപ്രതീക്ഷയോടെ….!
വ്യവസ്ഥികളുടെ
ഏതുച്ഛിഷ്ടത്തിൽ നിന്നാണാ
നിഷാദനെ
കൊത്തിപ്പറിച്ച്
പുറത്തിടേണ്ടതെന്ന്….!
വെന്ത ചിന്തയിൽ
പരതിത്തളർന്നു മാമുനി …..!
3
ദൂരെ അയോദ്ധ്യയുടെ
സിംഹാസനത്തിൽ
രാമ രാജ്യാധിപൻ
ഉള്ളം വിണ്ടടർന്ന്
നീറുന്നതറിയുന്നു മാമുനി
‘മകളേ ….കണ്ണീർ തുടയ്ക്കുക ‘
രഘുവംശ കുലോത്തമ ചേതന
രാജ്യ നീതിയുടെ
ശസ്ത്ര മുനയേറ്റു
വീണിരിക്കുന്നു
ചക്രവാള സീമയിൽ
മുഴങ്ങുന്നു
മനുജാത്മാവിൻ
ദീന രോദനം
4
പൗരർ കുലയ്ക്കുന്ന
വില്ലിൻഞാണൊലി
ഒടുങ്ങിയിട്ടില്ലിതു വരെ
‘മകളേ ….കണ്ണീർ തുടയ്ക്കുക
5
താളമാടുന്നു കാലം
നീരവമതിൻ വിരൽ മുദ്രയിൽ
തെളിയുന്നു
പരം പൊരുൾ.
‘അല്ല…. മുക്തി… ലൗകികം’
ഇതി…. വാല്മീകി രാമായനം.

മേരിക്കുഞ്ഞ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *