രചന :സ്നേഹചന്ദ്രൻ ഏഴിക്കര ✍
മഴ നനഞ്ഞു നനഞ്ഞ്
കുതിർന്നു കുതിർന്ന്
വിറങ്ങലിപ്പിൻ്റെ മൂർദ്ധന്യത്തിൽ
ഒടുവിലയാൾ
മഴയിൽ ലയിച്ചു തീർന്നു
പ്രണയത്തെ വിഴുങ്ങിയ വന്യതയിൽ
മഴ പിന്നെയും
ഇരതേടി നടന്നു
പാദപമായിരുന്നെങ്കിൽ
നനഞ്ഞു കുതിർന്ന മണ്ണിൽ
ആഴത്തിൽ വേരുകളാഴ്ത്തി
അയാൾ മഴയെ കുടിച്ചു തീർത്തേനേ
വേരുകളില്ലാത്തവൻ
മഴപ്പെയ്ത്തിൽ അടിപതറി വീണതാകാമെന്ന്
മഴയെ പ്രാകി
ചിറകൊതുക്കി
വൃക്ഷ കോടരത്തിലിരുന്ന
ഒറ്റക്കിളി ആത്മഗതം ചെയ്തു
മഴ ആർത്തിയോടെ
ഹുങ്കാരരവത്തോടെ
പുതിയ ഇടങ്ങളിലേക്കൊഴുകി
ആർത്തി തീരാത്ത പ്രണയോന്മത്തതയോടെ
രക്തസാക്ഷ്യങ്ങൾ വീണൊടുങ്ങിയ പ്രളയ വഴികളിൽ
പ്രണയപ്പൊടിപ്പുകൾ അടുത്ത ഊഴം തേടി : മഴയെ നോക്കി
പ്രണയവിവശതയോടെ കാത്തു കാത്തുനിന്നു
