അകലുകയായിരുന്നോ നീയെന്നിൽ നിന്നും
ഒരു യാത്രപോലും ചൊല്ലിടാതെ
പിരിയുവാൻ വേണ്ടിയായിരുന്നോ നീ
അനുവാദം പോലും വാങ്ങാതെ എന്നിലേക്ക്‌ വന്നത്
എന്നിലായിരുന്ന നാളിലൊക്കെ നിന്നെ ഞാൻ
സ്നേഹിക്കുക ആയിരുന്നില്ലേ
അതോ എന്നിലെ സ്നേഹം നിനക്ക്
അത്രമേൽ ശല്യമായിരുന്നോ
എന്റെ ചേർത്തണക്കലുകൾ നിനക്ക്
പിടിച്ചടക്കലുകൾ ആയി മാറിയിരുന്നോ
നീയകലുകയെന്നാൽ എന്നിലെ
ഞാനും അകലുന്നു എന്നതല്ലേ
എല്ലാമറിഞ്ഞിട്ടും ഈ വിജനവീഥിയിൽ
എന്നെ തനിച്ചാക്കി എന്തിനകലുന്നു നീ
മറക്കുവാനാവാത്ത ഓർമ്മകളെ ഒരു
ഭാണ്ഡക്കെട്ടാക്കി എന്നിൽ കുത്തിനിറച്ചിട്ടു
അകലുകയാണോ നീ
എവിടെയോ കണ്ട വർണ്ണ കിനാക്കളെ
കൈപ്പിടിയിൽ ഒതുക്കുവാനായി
പോവുകയാണോ നീ
എരിയുന്ന കനലുകളാണ് ഹൃദയമെങ്കിലും
നിൻ മുഖം അതിനെ തണുവിക്കുന്നു
നീയെന്നിൽ നിന്നുമേറെ അകലേക്ക്
മറഞ്ഞുവെങ്കിലും
നിന്റെ ശ്വാസം ഇന്നുമെന്റെ കൂടെയുണ്ട്
അടുക്കുവാനാവാത്ത അകലേക്ക് നീ
മറയുവതെങ്കിൽ
കുളിരോലും ഓർമ്മകളാൽ ഞാനും മറയട്ടെ..

ജോളി ഷാജി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *