പലായനത്തിന്റെ ,
കുഞ്ഞുമനസ്സിലെന്തായിരിക്കാം?
അത് നോവായിരിക്കാം,
പ്രതിഷേധമായിരിക്കാം,
പ്രതികാരമായിരിക്കാം.
പിറന്ന മണ്ണിലേക്ക്
തിരിഞ്ഞുനോക്കുന്ന കണ്ണുകളിൽ,
മരിച്ചൊരു മനസ്സിന്റെ നിശ്ശബ്ദത
പൊക്കിള്‍ക്കൊടിയിൽ നിന്നു വേർപെട്ടുപോയ
കൈകളുടെ വിറയലിൽ,
കാതിൽ എത്തുന്നത് —
കളി വീടിൻ്റെ ചിരികളോ,
കളിപ്പാവയുടെ വിതുമ്പലോ.
മിസൈലുകൾ വീണ്
ചിതറിയ കബന്ധങ്ങളും,
കുഴിമാടങ്ങൾ ചികയുന്ന ദേഹങ്ങളും
കാഴ്ചകളായി മറഞ്ഞ് തീരുന്നു.
കാണാതെ പോയ
പ്രിയപ്പെട്ടവരുടെ ഓർമ്മകൾ
നിറയുന്നുണ്ട് പൊടിക്കാറ്റിൽ.
അറിവ് വിതറിയ പുസ്തകങ്ങളുടെ
അഗ്നിമിഴികളിലൂടെയും
വിളിക്കുന്നു ചിന്തകൾ.
വിശപ്പിൻ്റെയും, ദാഹത്തിന്റെയും
ദീന മുഖങ്ങൾ,
വെയിലിന്റെ ചുട്ട നാളങ്ങളിൽ
പെട്ടുവീണ സങ്കടങ്ങൾ.
മുന്നിലാകെ
മണൽപ്പരപ്പിൻ്റെ അറ്റമില്ലാ വിരലുകൾ,
കാണാകയങ്ങളുടെ
അനന്ത നിശ്ശബ്ദതയിൽ,
കൊടുത്ത ശ്വാസം പോലും,
പ്രതീക്ഷയാകാതെ അകന്നു പോവുന്നു.

ജോയ് പാലക്കമൂല

By ivayana