രചന : കാവല്ലൂർ മുരളീധരൻ ✍
തനിക്ക് എന്തിന്റെ കേടായിരുന്നു? എന്തിനാണ് താൻ അവരുടെ വാദമുഖങ്ങൾക്ക് തലവെച്ചുകൊടുത്തത്. തർക്കിച്ചു തർക്കിച്ചു എത്രയോ നീണ്ടുപോയ സംസാരങ്ങൾ. അവരുടെ ഒരു വാദമുഖം പോലും തനിക്ക് സ്വീകരിക്കാനായില്ല, തന്റേത് അവർക്കും. അവസാനം നീണ്ട തർക്കങ്ങൾ തീർന്നപ്പോൾ എന്തിനായിരുന്നു, ഇത്ര രൂക്ഷമായ വാദമുഖങ്ങൾ അവതരിപ്പിച്ചത് എന്ന് തോന്നിത്തുടങ്ങിയിരുന്നു.
തോൽക്കുമ്പോൾ നിങ്ങൾക്ക് ഉത്തരമില്ല. നാക്കുണ്ടെങ്കിൽ മറുപടി പറയണം.
താൻ തോറ്റിരിക്കുന്നു. തനിക്ക് നാക്കും വാക്കുമില്ല.
അവരിൽ നിന്നകന്നു ദൂരെ മാറിയിരുന്നിട്ടും തലവേദനയെടുക്കുന്നു. അയാൾ രണ്ടു പരാസിറ്റാമോൾ ഒന്നിച്ചു വിഴുങ്ങി. അടുത്തുകണ്ട ചായക്കടയിൽ കയറി ഒരു ചായ പറഞ്ഞു. ചായക്ക് രുചിപോരാ, ഒരു ചവർപ്പ് തോന്നുന്നു. ചായക്കടക്കാരനോട് ദേഷ്യം തോന്നി. പിന്നെ തോന്നി, എല്ലാം തന്റെ തോന്നലാകാം. ആവശ്യമില്ലാത്ത ഒരു കലഹത്തിൽ നിന്നിറങ്ങി വന്നിട്ട് താനിനിയും, തന്റെ തലച്ചോറിനിയും അവിടെത്തന്നെയാണ്. ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുന്ന അവരുടെ അലർച്ചകൾ തലയോട്ടിക്കുള്ളിൽ മുഴങ്ങുന്നു.
വെറുപ്പ് അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ മനുഷ്യന് സമനില കൈവിടുന്നത് സാധാരണമാണല്ലോ. താനും വെറുമൊരു മനുഷ്യനാണെന്ന് കാലം തന്നെ ഓർമ്മിപ്പിക്കുകയാണോ.
അയാൾക്ക് അയാളോട് വളരെയധികം ദേഷ്യം തോന്നി. താൻ ഇങ്ങനെയായിരുന്നില്ലല്ലോ. ആരെന്തു പറഞ്ഞാലും, അത് ക്ഷമയോടെ കേൾക്കാൻ താൻ തയ്യാറായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴെല്ലാം താൻ സംയമനം പാലിച്ചിരുന്നു.
സ്വന്തമായി അഭിപ്രായമില്ലാത്തതിനാലാണോ നിങ്ങൾ മൗനിയായിരിക്കുന്നത്? പറ, ഉത്തരം പറ, എന്നുള്ള ചോദ്യങ്ങൾ താൻ അവഗണിച്ചിരുന്നു. ഒരാൾ മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ കുഴപ്പമില്ലല്ലോ. അവർക്കുള്ളിലെ കാർമേഘങ്ങൾ പെയ്തു തീരുകയും ചെയ്യും.
താൻ വെറും പൊള്ളയാണെന്ന് തനിക്കു മാത്രമല്ലേ അറിയൂ. ഉൾക്കനമില്ലാത്ത ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണ് താൻ. തനിക്ക് മാനമോ അഭിമാനമോ ഉണ്ടെന്നു ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെയൊന്നും അയാൾ ആഗ്രഹിക്കുന്നുമില്ല. ജനിച്ചുപോയില്ലേ, തിരിച്ചുവിളിക്കുംവരെ ജീവിക്കാം. താനായിട്ട് ഒരിക്കലും ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകില്ല.
താൻ എന്താണ് എന്ന അന്വേഷണങ്ങൾ അയാൾക്ക് ശരിയായ ഒരർത്ഥം ഒരിക്കലും നൽകിയില്ല.
മറ്റുള്ളർവർക്ക് സ്വീകാര്യമാകുന്ന ഒരു ലോകത്തിലോ ചിന്തയിലോ അല്ല അയാൾ കഴിഞ്ഞിരുന്നത്.
അയാളുടെ ഉള്ളിൽ പ്രത്യേകമായി എന്തെങ്കിലും ഉണ്ടായിരുന്നു എന്നയാൾക്ക് ഒരിക്കലും തോന്നിയിരുന്നില്ല. മറിച്ചു തന്റെ ഉള്ളിൽ ഒന്നുമില്ലെന്നാണ് അയാൾ കണ്ടെത്തിയത്. മനുഷ്യർ ആയാൽ ചില ആഗ്രഹങ്ങൾ എങ്കിലും ഉണ്ടാകില്ലേ? അതുമില്ലാതെ തീർത്തും ശൂന്യമായ ഒരു ലോകമായിരുന്നു അയാളുടേത്. എന്നാൽ അയാൾ മറ്റെന്തോ ആണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിച്ചു.
ചിന്തകൾ കൊണ്ടും, പ്രവർത്തികൾകൊണ്ടും സമൃദ്ധയമായൊരു ലോകം തനിക്കു ചുറ്റും വലയം ചെയ്യണമെന്ന് ആദ്യകാലങ്ങളിൽ അയാൾ കൊതിച്ചിരുന്നു. പോകെപ്പോകെ, അതെല്ലാം തെറ്റാണെന്നു അയാൾ തിരിച്ചറിഞ്ഞു. ഒന്നും ആഗ്രഹിക്കാതിരിക്കുക, എന്തെങ്കിലും കിട്ടിയാൽ അതിൽ അനുഗ്രഹം കണ്ടെത്തുക.
വിരോധങ്ങളുടെ പാട്ടപ്പാത്രങ്ങൾ കൊട്ടി നടക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. അവരുടെ വിരോധങ്ങൾ അന്വേഷിച്ചിട്ടു കാര്യമില്ല, ഒരാൾക്കും മറ്റൊരാളെ തിരുത്താനാകില്ല, ഓരോത്തർക്കും, അവരവരെ മാത്രമേ തിരുത്താനാകൂ.
നിങ്ങളെ പറഞ്ഞു ഫലിപ്പിക്കുക, എന്റെ ഭാഗം ന്യായീകരിക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. കാരണം നമുക്കുള്ളിലെ പ്രതിബദ്ധത നമുക്കെന്നോ നഷ്ടമായതാണ്.
വളരെയധികം നഷ്ടങ്ങൾ കൂട്ടിക്കെട്ടി നടക്കാനാണ് നമ്മുടെ വിധി. നഷ്ടങ്ങളുടെ അപ്പുറത്ത് ഒരു ലാഭത്തിന്റെയും കണക്കെടുക്കാൻ ഇല്ല.
ആര് വിജയിക്കുന്നു എന്നതാണോ പ്രധാനം? അതോ എല്ലാവരും വിജയിക്കുന്നു എന്ന് തോന്നുന്നതോ, തോന്നിപ്പിക്കുന്നതോ?
ഞാൻ എന്ന രാക്ഷസരൂപത്തിൽ നിന്ന് എന്നാണ് നമുക്ക് ഇറങ്ങി നടക്കാൻ കഴിയുക? സത്യത്തിൽ ഞാൻ എന്നെത്തന്നെ വിഴുങ്ങുകയല്ലേ. സ്വയം വിഴുങ്ങി വിഴുങ്ങി ഇല്ലാതാകുന്ന ഞാൻ.
അവരവരിലേക്ക് നിർത്താതെ പാഞ്ഞു വന്നു, തല്ലി തകർത്തു തരിപ്പണമാക്കുന്ന ഒരു തീവണ്ടിപോലെയാണ് അനാവശ്യ ചിന്തകൾ. എത്രയൊക്കെ ശ്രമിച്ചാലും അത് നമ്മെ ഒരു ഭൂതം പോലെ പൊതിയുന്നു. ഒരു നീരാളിപോലെ അതിന്റെ അനേകായിരം കാലുകൾ നമ്മെ പൊതിഞ്ഞുപിടിക്കുന്നു. അത് നമ്മെ ഞെരിഞ്ഞമർത്തുമ്പോൾ നമുക്കുള്ളിലെ അസ്വസ്ഥതകൾ ഒരു അഗ്നിപർവ്വതമായി തിളച്ചു മറിയാൻ തുടങ്ങുന്നു. തലച്ചോറ് തിളച്ചു തൂവി, തലയോട് പൊട്ടിത്തെറിച്ചു, അതിന്റെ ലാവയിൽ ഉരുകി മരിക്കാനാണ് നമ്മുടെയൊക്കെ ജീവിതത്തിന്റെ വിധി.
ശാശ്വതം എന്നൊന്നില്ലല്ലോ. മാറിമറിയുന്ന ജീവിതത്തിൽ എവിടെയെങ്കിലും ഒരു തുരുത്ത് നമ്മൾ കണ്ടെത്തും എന്ന് ആശ്വസിക്കുകയെ നിവർത്തിയുള്ളൂ.
എന്തൊക്കെ പറഞ്ഞാലും എല്ലാം കളവാണ്, ജീവിതംപോലും ഒരു കളവാണ്.
എല്ലാവരും കള്ളന്മാരാണ്, ഞാനടക്കം.
