രചന : ഗിരീഷ് പെരുവയൽ ✍️.
കരുണാകരപിള്ള കരുണാനിധിയാണ്…
ആർക്കെങ്കിലും വല്ലതും കൊടുക്കുന്നതിൽ അയാൾക്കൊട്ടും താല്പര്യക്കുറവോ വിരോധമോ ഇല്ല.
അത് നാലാളറിയണം, അത്രയേ ഉള്ളൂ.
ഫ്ലക്സ് ബോർഡും പടവുമുണ്ടെങ്കിൽ പിള്ള ഒന്നുകൂടി ഉഷാറാകും.
അത് കൃത്യമായി അറിയുന്നവരാണ് അമ്പലക്കമ്മറ്റിക്കാർ.
വലിയ പ്രതീക്ഷയോടെയാണവർ അതിരാവിലെ പിള്ളയുടെ
പടിപ്പുര താണ്ടിയത്.
ബൗ.. ബൗ..
ബൗബൗ… ബൗ
കോലായിൽ കിടന്ന ലാബ്രഡോറിനെ
ആരും ശ്രദ്ധിച്ചിരുന്നില്ല.
നായയുടെ ശബ്ദം കേട്ട്
കൂട്ടത്തിൽ ആരോ പൂച്ചട്ടി തട്ടി മറിഞ്ഞു വീണു.
വേറൊരാൾ ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞു, പിന്നാലെ ഓടിയവൻ പുറത്തുനിന്ന് ഗേറ്റ് അടച്ച് പിടിച്ചു അകത്തു കുടുങ്ങിയ
ബാക്കിയുള്ളവർക്ക് കടി ഉറപ്പുവരുത്തി.
അവരല്ലാവരും കണ്ണടച്ചു പ്രാർത്ഥിച്ചു.
അവൻ ഓടി വന്നു ചുറ്റും നടന്നു മണപ്പിച്ചു.
കമ്മിറ്റിക്കാർ കണ്ണു ഒന്നുകൂടി മുറുക്കിച്ചിമ്മി സകല പരദേവതകളെയും മനസ്സാനമിച്ചുകൊണ്ട് അനങ്ങാണ്ട് ശ്വാസം പിടിച്ചു നിന്നു.
” റിച്ചു വാടാ.. ഇങ്കെ”
വീട്ടു വാല്യക്കാരൻ കാർത്തി
കോപത്തിൽ
അജ്ഞാപിച്ചു.അവന്റെ
തമിഴ് റിച്ചുവിന് നല്ല വശമാണ്.
വിളി കേട്ടപ്പോൾ അവനു ശൗര്യം കൂടി വായിലെ വലിയ കൊമ്പൻ പല്ല് പുറത്തുകാട്ടി രണ്ടു കുര കൂടി ചേർത്തു കുരച്ചു.
കാർത്തി അവനെ ഒന്നുകൂടി നീട്ടി വിളിച്ചു
” റിച്ചാർഡ് പാർക്കർ കം ഹിയർ “
ഇംഗ്ലീഷ് അവന് തമിഴിനേക്കാൾ കൂടുതൽ വശമാണ്.
സിറ്റും.. സ്പീക്കും.. ജംമ്പ്മൊക്കെ റിച്ചു പഠിച്ചതങ്ങനെയാണ്.
ആംഗലേയ ആജ്ഞ അനുസരിച്ച്കൊണ്ടവൻ അവരെ വിട്ടു
കൂട്ടിൽ ഓടിക്കയറി.
നായയുടെ പേരിലോ പരിശീലനത്തിലോ കമ്മിറ്റിക്കാർക്ക് ഒട്ടും അതിശയം തോന്നിയില്ല. അദ്ദേഹം സ്ഥലത്തെ കരയോഗം പ്രസിഡന്റും, റിച്ചു കരുണാകര പിള്ളയുടെ നായയുമാണ്.
നായ കൂട്ടിലായെന്ന് ഉറപ്പുവരുത്തി പുറത്തുള്ളവർ ഗേറ്റ് തുറന്നു അകത്തുകയറി.
ചെടിച്ചട്ടി തട്ടി വീണ വൻ കാൽമുട്ടിലെ നീങ്ങിയ തൊലി നുള്ളിമാറ്റി, കാലു ഒന്നു രണ്ടു തവണ മടക്കി നിവർത്തി
മുറിവിലൊന്ന് ഊതി
കൈപ്പത്തിയിലെ ഉരഞ്ഞ ഭാഗത്തു തുപ്പൽ തൊട്ട് രണ്ടുനക്ക് നക്കി..
കൂട്ടത്തിൽ ചേർന്നു .
പത്തു പവന്റെ മാലയണിഞ്ഞ കോമളേടത്തി വാതിൽ തുറന്ന് എത്തിനോക്കി.
” അമ്പല കമ്മിറ്റിക്കാരാ “
പാതിചാരിയ വാതിൽപ്പഴുതിലൂടെ വിളിച്ചുപറഞ്ഞു
“പിരിവുകാരായിരിക്കും”
അകത്തുനിന്ന്
പിള്ളയുടെ പരുപരുത്ത ശബ്ദം
“കയറിയിരിക്കാൻ പറ”
വാതിൽ തുറന്നു സുസ്മേരവദനനായി പിള്ള പുറത്തേക്കുവന്നു.
മനസ്സിൽ ഒട്ടും കളങ്കമില്ല.
ശരീരത്തെപോലെ നിറയെ പൊങ്ങച്ചം മാത്രം.
അവരെല്ലാവരും മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു.
“കയറിയിരിക്ക് മക്കളേ..”
പതിയെ പതിയെ കമ്മറ്റിക്കാർ ഓരോരുത്തരായി കയറിയിരുന്നു. ഇരിക്കാൻ ഇടം കിട്ടാത്തവർ കുത്തനെ നിന്നു.
ഇരിപ്പിടമല്ലല്ലോ പിരിവല്ലേ മുഖ്യം.അനാവശ്യമായ ബഹുമാനം എല്ലാവരുടെ ഉള്ളിലും നിറഞ്ഞ് കവിയുന്നുണ്ട്. പിരിവിന് പോകുമ്പോൾ അൽപ്പത്തിലധികമായ ഭയഭക്തി ബഹുമാനം അത്യാവശ്യമാണെന്ന്
ആരും പറഞ്ഞു കൊടുക്കാതെത്തന്നെ എല്ലാ പിരിവുകാർക്കുമറിയാം
“ഉത്സവമായി
കാര്യങ്ങളൊക്കെ പറയാനും ക്ഷണിക്കാനും കൂടി വന്നതാ”
കമ്മറ്റി പ്രസിഡണ്ട് തുടക്കമിട്ടു
“ആയിക്കോട്ടെ.. സന്തോഷം”
“പിന്നെ ഇക്കൊല്ലം പതിനായിരം പേരുടെ ഭിക്ഷയാണ്…
കാര്യായിട്ട് പിള്ളച്ചേട്ടന്റെ സഹായം വേണം’
“അത് പതിവുള്ളതല്ലേ”
“ഇത്തവണ ഉത്സവം കുറച്ചുകൂടി ഗംഭീരമാ”
“എന്താച്ചാ പറഞ്ഞാമതി”
” ഒരു ദിവസത്തെ ഭിക്ഷ
അവിടുത്തെ വകയായിക്കോട്ടെ, “
” പിള്ള സാറിന്റെ പേര് ഞങ്ങള് മൈക്കിലൂടെ വിളിച്ചു പറയും.”
“പിന്നെ പിള്ള സാറിന്റെ ഫോട്ടോയുള്ള വലിയ ഫ്ലക്സ് വെക്കും ‘
“ഊട്ടുപുരയ്ക്ക് മുൻപിൽ പിള്ള ചേട്ടന്റെ പേരെഴുതിയ ബോർഡ് വയ്ക്കും.’
“എന്താ എഴുതേണ്ടതെന്ന്ച്ചാ പറഞ്ഞാ മതി “
“പിന്നെ പതിവുപോലെ അടുപ്പ് കത്തിക്കുന്നതും
പായസത്തിന്റെ മധുരം നോക്കുന്നതും,
ഓലനിലെ ഒപ്പു നോക്കുന്നതും,
ആദ്യത്തെ ഇലയിൽ ചോറിടുന്നതുമൊക്കെ
പിള്ള സാർ തന്നെ”
” വേറെ എന്തെങ്കിലും പുതുതായി കൂട്ടി ചേർക്കണമെങ്കിൽ പിള്ളച്ചേട്ടൻ പറയും പോലെ”
കമ്മറ്റിക്കാർ ഓരോരുത്തരായി പറഞ്ഞുകൊണ്ടേയിരുന്നു.
“അതൊക്കെ വലിയ ചിലവല്ലടോ”
“പിള്ളേച്ചന്റെ ഭിക്ഷ കഴിക്കാനാ നാട്ടുകാർക്ക് താല്പര്യം”
പ്രസിഡണ്ട് പിള്ളയെ ഒന്ന് പൊക്കി
“പണ്ടുമുതലേ പോരുന്നതല്ലേ”
സെക്രട്ടറിയുടെ കമന്റ്
” നാട്ടുകാർ അങ്ങനെയാണ് എന്നോട് സ്വല്പം സ്നേഹക്കൂടുതലാ “
തെളിഞ്ഞ മുഖത്തോടെ പിള്ളയുടെ മറുപടി
“ഇത്രകാലമായിട്ടും ഒരാൾ പോലും പിള്ള യുടെ ഭിക്ഷയെ കുറ്റം പറഞ്ഞിട്ടില്ല “
പിള്ള സ്വർണ്ണ പല്ല് കാട്ടി ചിരിച്ചു
” അതുകൊണ്ടാ പിരിവ് കൈനീട്ടമായി ഇവിടുന്നു തന്നെ വേണമെന്ന് ഞങ്ങൾക്ക് നിർബന്ധം “
പ്രസിഡന്റ് ഒട്ടും കുറയ്ക്കാതെ
പിള്ളയെ തൃപ്തിപ്പെടുത്തി
” എല്ലാ കൊല്ലവും എന്റെ വകയല്ലേ
ഈ വർഷവും അങ്ങനെത്തന്നെ ആയിക്കോട്ടെ”
“സന്തോഷം”
പ്രസിഡന്റ് ദീർഘ നിശ്വാസമയച്ച് ഉമ്മറപ്പടി ചാരിയിരുന്നു
” ഇത്തവണ കോമളത്തിന്റെ പേരിലാക്കിയാലോ..? ‘
പിള്ള സംശയം പ്രകടിപ്പിച്ചു
റിച്ചു കൂട്ടിൽ നിന്നും മുരണ്ടു
“ആവാലോ ഒരു വിരോധവുമില്ല “
” പിള്ള സാറിന്റെ പേരും ചേർത്തു കൊടുക്കാം “
“കോമളത്തിന്റെ പേരിലാകുമ്പോൾ ഒന്നുകൂടി ഐശ്വര്യമാവും”
സ്വർണ്ണംകൊണ്ടു കെട്ടിയ രുദ്രാക്ഷമാലയിൽ തടവിക്കൊണ്ട്
പിള്ള ഊറിച്ചിരിച്ചു.
കാര്യങ്ങൾ പറഞ്ഞുറപ്പിച്ച്
കമ്മിറ്റിക്കാർ സന്തോഷത്തോടെ ഇറങ്ങി.
കോമളം വാതിൽ പഴുതിലൂടെ ഉമ്മറപ്പടിയിലേക്കെത്തിനോക്കി.
എല്ലാവരും പോയെന്ന് ഉറപ്പുവരുത്തി
“എന്റെ പേരിൽ ഭിക്ഷയൊന്നും കൊടുക്കേണ്ട”
“അതൊക്കെ പണ്ടത്തെ ഏർപ്പാടാ”
“ഭിക്ഷ കൊടുക്കുന്നത് വലിയ കേമത്തരമൊന്നുമല്ല”
കോമളം രാവിലെത്തന്നെ തുടങ്ങി.
പുലി പോലെയിരുന്ന പിള്ളേച്ചൻ എലി പോലെയായി.
അത് പണ്ടേ അങ്ങനെയാണ്.
കോമളാമ്മയുടെ ചോദ്യങ്ങൾക്ക് പിള്ളേച്ചനു മറുപടിയില്ലാതെയായി
കരുണാകാരപ്പിള്ളയുടെ ചിന്ത കാട്കയറി.
കോമളത്തിന്റെ മനസ്സ്നിറയെ വീട്ടിലെ
ഉമ്മറത്ത് ഭിക്ഷിക്കുന്നവരുടെ ചിത്രമേയുള്ളൂ.കോമളാമ്മയുടെ ഭാഷയിൽ യാചിക്കുന്നവന് കൊടുക്കുന്നതാണ് ഭിക്ഷ.
സന്യാസിയുടെ ഭക്ഷണത്തിനും ഭിക്ഷ യെന്ന്പറയും.
പണ്ടൊക്കെ നാട്ടിൽ മണ്ഡല മാസത്തിൽ ഭിക്ഷ കൊടുക്കുന്ന
പതിവുണ്ടായിരുന്നു.ശബരിമല തീർത്ഥയാത്രയ്ക്ക് മാലയണിഞ്ഞ സ്വാമിമാർക്കൊരു നേരത്തെ ഭക്ഷണം കൊടുക്കും. ഗ്രാമഗ്രാമാന്തരങ്ങളിലെ വീടുകളിലൊക്കെ അയ്യപ്പ ഭജന നടക്കും. പുഴുക്കും കാപ്പിയുമാണ് ഭിക്ഷയായികൊടുക്കുക. അന്നൊക്കെ സ്വാമിമാർ വ്രതശുദ്ധിയുള്ള സന്യാസിവര്യർക്ക് സമാനമായതു കൊണ്ടായിരിക്കാം അതിനെ ഭിക്ഷ എന്ന് വിളിച്ചുപോന്നത്.
വീട്ടിൽ ഒരു നേരത്തെ ഭക്ഷണം നൽകി ശബരിമലക്ക് പോകുന്നത് പവിത്രമായി കോമളത്തിന്റെ നാട്ടുകാർ കരുതിപ്പോന്നു.
കരുണാകരപിള്ളയും ഒരുപാട് തവണ ഭജനയും ഭിക്ഷയും നടത്തി ശബരിമലക്ക് പോയിട്ടുണ്ട്. അതൊക്കെ പഴയ കാലം
കോമളം പറഞ്ഞതിൽ കാര്യമുണ്ട്
ഇപ്പോൾ അതിനൊരു ഗൗരവക്കുറവുണ്ടെന്ന ചിന്ത പിള്ളയുടെ മനസ്സിൽ കലശലായി
കരുണാകരപ്പിള്ള വക ഭിക്ഷ എന്ന് ബോർഡിൽ എഴുതി വെച്ചാലും വിളിച്ചു പറഞ്ഞാലും ഒരു കുറച്ചിലുണ്ട്
തീരെ സുഖം പോരാ…
ഭിക്ഷയും, കോമളത്തിന്റെ ശിക്ഷയുമായി പിള്ളയ്ക്ക് രണ്ടുനാളായി ഉറക്കമില്ല
നിവൃത്തിയില്ലാതെ പിള്ള കമ്മിറ്റിക്കാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി
കഴിഞ്ഞ തവണ പൂച്ചട്ടി തട്ടി വീണവൻ
ഇത്തവണ പിള്ളയുടെ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല.
റിച്ചു വിനെ നേരത്തെ കൂട്ടിലാക്കിയതിനാൽ മറ്റു പരിഭ്രാന്തികളില്ല
കമ്മറ്റിക്കാർ എല്ലാവരും കോലായിലെ ചാരുപടിയിൽ കയറി കുത്തിയിരുന്നു
കരുണാകരപിള്ള മേൽ മുണ്ട് ഇടാതെ പുറത്തേക്കുവന്നു.
സകലആഭരണങ്ങളും പുറത്തുകാണിച്ചു വെളുക്കെ ചിരിച്ചു.
അതാണ് അയാൾക്കിഷ്ടം
കഴുത്തിൽ കോയിൻ ലോക്കറ്റുള്ള ഒരു മണിമാല.. പിന്നെ സ്വർണത്തിൽ കെട്ടിച്ച രുദ്രാക്ഷം, പുലി നഖം കെട്ടിയ മറ്റൊരു മാല ആഭരണ വിഭൂഷിതനായ പിള്ള പ്രൗഢഗംഭീരമായി പൂമുഖത്തെ ചാരുകസേരയിലമർന്നു.
ഗുരുവായൂർ കണ്ണന്റെ മാറിലേക്ക് നോക്കുന്നതുപോലെ നിർന്നിമേഷരായി
കമ്മറ്റിക്കാർ അയാളെ എഴുന്നേറ്റുനിന്ന് തൊഴുതു.
“ഇരിക്കടോ”
ചുമരും ചാരി നിന്നവനോട് പിള്ള പറഞ്ഞു
” അതെ ഒരു ദിവസത്തെ ഭക്ഷണം കൊടുക്കുന്നതിലൊരു വിരോധവുമില്ല.”
“പക്ഷേ…ഭിക്ഷ എന്ന പേര് കോമളത്തിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല ഒന്നു മാറ്റി പിടിക്കണം”
“പിള്ളേച്ചൻ പറഞ്ഞത് സത്യമാ “
“ഇന്നത്തെ ഭിക്ഷ പിള്ള വക എന്ന് പറയുമ്പോൾ അതൊരു ഗൗരവ പിച്ചയായി ആളുകൾ കരുതും “
കൂട്ടത്തിൽ വന്ന സിൽബന്ധി ആദ്യമേ വെച്ച് കാച്ചി
“കരുണാകരപിള്ളയുടെ കാരുണ്യം എന്നാക്കിയാലോ “
അടുത്തവന്റെ ചോദ്യം
“കരുണാകരപിള്ളയുടെ കനിവാണ് നല്ലത്”
“പിള്ളയുടെ പടച്ചോർ”
“എന്ന പേരിനൊരു ഗൗരവമില്ലേ എന്ന് എനിക്ക് സംശയം “
ഇങ്ങനെ
ഓരോരുത്തരും ഓരോന്ന് പറഞ്ഞു
നേരം പോയി
“പിള്ളയുടെ മോളുടെ പേര് അന്നദാ എന്നല്ലേ..”
” അന്നദാനം എന്നാക്കിയാലോ “
ഇടയ്ക്ക് കയറി സില്ബന്ധി പറഞ്ഞത് ആർക്കൊക്കെയോ ഇഷ്ടപ്പെട്ടു.
ഉത്സവം കൊടികേറി
കരുണാകരപിള്ള പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തി.
ക്ഷേത്ര കവാടത്തിൽ കമ്മറ്റിക്കാർ പിള്ളയെ ചന്ദന മാലയണയിച്ചു സ്വീകരിച്ചു.
കരുണാകരപിള്ളയുടെയും പത്നി കോമളേടത്തിയുടെയും സംയുക്ത ചിത്രത്തിൽ അന്നദാനം കരുണാകരപ്പിള്ള വക എന്നെഴുതിയ വലിയ ഫ്ലക്സ് ബോർഡ് അടുത്ത തവണയും സംഭാവന ലഭിക്കത്തക്കവിധം ക്ഷേത്രനടയിൽ സ്ഥാപിക്കാൻ കമ്മറ്റിക്കാർ മറന്നില്ല.
പിള്ള പരിവാരസമേതം
ക്ഷേത്രദർശനം നടത്തി ആത്മ നിർവൃതി പൂണ്ടു.
വരിനിൽക്കാതെ ക്ഷേത്രനടയിൽ നിന്ന് തന്നെ മേൽശാന്തി നാക്കിലയിൽ പ്രസാദം കൊടുത്ത് അനുഗ്രഹിച്ചു.അഞ്ഞൂറിന്റെ താളുകൾ കസവുമുണ്ടിന്റെ കോന്തലയ്ക്കൽ നിന്നെടുത്തു മേൽശാന്തിക്ക് ദക്ഷിണ നൽകി.
ഭഗവാന്റെ ചിത്രം ആലേഖനം ചെയ്ത സഞ്ചിയിൽ അപ്പവും അടയും നെയ്യും പാൽപ്പായസവും താമരപ്പൂവും ക്ഷേത്രനടയിൽ വച്ച് കമ്മറ്റി പ്രസിഡന്റ് കോമളേടത്തിയ്ക്ക് നൽകി. പൂജിച്ച ചരടും ഭസ്മവും.. കളഭവും നാക്കിലയിൽ വച്ച്
അന്നദ മോൾക്ക് നൽകി തന്ത്രി അനുഗ്രഹിച്ചു.
തൊഴുതു കഴിഞ്ഞ പിള്ള
കമ്മിറ്റിക്കാരോടൊത്ത്
ഊട്ടുപുരയ്ക്ക് പുറപ്പെട്ടു.
പുറത്ത് ഇന്നത്തെ അന്നദാനം കരുണാകരപ്പിള്ള വക എന്ന് കറുത്ത ബോർഡിൽ വെള്ളചോക്ക് കൊണ്ട് എഴുതിവെച്ചിട്ടുണ്ട്.
സ്വർണ്ണ പല്ല് കാണിച്ചു ചിരിക്കുന്ന പിള്ളേച്ചന്റെ വലിയ ഫ്ലക്സ് ബോർഡുകൾ
ഊട്ടുപുരയുടെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. ഇവ ഓരോന്ന് കാണുമ്പോഴും പിള്ളയുടെ മനം കുളിർത്തു.
ചുമലിലൂടെ പുതച്ച കസവു മേൽമുണ്ട്
രണ്ടായി പിളർത്തി ആഭരണാദികൾ പുറത്തുകാട്ടാൻ അയാൾ ഉത്സാഹം കൂട്ടി.
സ്വർണ്ണം കൊണ്ട് കെട്ടിച്ച പല്ല് ആളുകൾകാൺകെ വെളുക്കെച്ചിരിച്ചു.
അന്നദാനത്തിൽ അൽപമിരുന്ന് ഉണ്ണാമെന്നായി സംഘാടകർ.
തന്നെപ്പോലുള്ള സമ്പന്നരും പരിഷ്കാരികളുമടങ്ങുന്ന സമൂഹം അന്നദാനത്തിൽ പങ്കെടുക്കുന്നതിലെ ഔചിത്യമായിരുന്നു പിള്ളയുടെ പ്രശ്നം.
പണ്ടത്തെ വിശേഷാൽ സദ്യകളിൽ മൂന്നാം പന്തിയും നാലാം പന്തിയും കണ്ടു വളർന്നവനാണ് പിള്ള
ദേവന്റെ പ്രസാദമല്ലേ ഉണ്ണാമെന്നായി കോമളം
ഊട്ടുപുരയിൽ കയറി പൊതു സമൂഹത്തോടൊപ്പം അന്നദാനത്തിലിരുന്നുണ്ണുന്നത് അത്ര പെട്ടെന്ന് പിള്ളയ്ക്ക് ദഹിക്കില്ല. കൂടെയുള്ള
സിൽബന്ധികളും ചില കമ്മറ്റിക്കാരും സംശയത്തിന് ആക്കം കൂട്ടി.
എട്ടുകൂട്ടം കറിയും, രണ്ടുകൂട്ടം പപ്പടവും
രസവും,മോരും,രണ്ടുകൂട്ടം പായസവും, പഴവും കൂട്ടിയുള്ള ഊണ് മറന്ന് പിള്ള ഭാര്യസമേതം മനസ്സില്ലാ മനസ്സോടെ
കാറിൽക്കയറി
കോമളേടത്തിക്കും ചില സിൽബന്ധികൾക്കും അന്നത്തെ അന്നദാനം തീരാനഷ്ടമായി.
ഉണ്ണാൻ കഴിയാത്തതിലുള്ള കോമളത്തിന്റെ
പരിഭവം വീട്ടിലെ ഭിത്തികളിൽതട്ടി
പിള്ളയുടെ കർണ്ണ പടങ്ങളിൽ പ്രതിധ്വനിച്ച് അയാളുടെ ചെവിക്കുറ്റി അടഞ്ഞു.
സമ്പന്നർക്കും, പൗരപ്രമുഖർക്കും, യാഥാസ്ഥിതികരായ വരേണ്യ വർഗ്ഗത്തിനുമുണ്ണാൻ പാകത്തിൽ അന്നദാനത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നായി ഇനിയുള്ള നാളുകളിൽ പിള്ളയുടെ ചിന്തമുഴുവനും.
കോമളം പറഞ്ഞ
“ഭഗവാന്റെ പ്രസാദമല്ലേ ഉണ്ണാമല്ലോ “
എന്ന വാക്ക് പിള്ള തന്റെ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു.
പ്രസാദം + ഊണ്
യുറീക്കാ….
അടുത്തവർഷത്തെ ഉത്സവമിങ്ങെത്തി.
പതിവുപോലെ കമ്മറ്റിക്കാർ അന്നദാനത്തിനായി പിള്ളയെത്തേടിവന്നു
അപ്പോഴേക്കും അന്നദാനത്തിന്
പിള്ള പുതിയ പേര് കണ്ടെത്തിയിരുന്നു.
“പ്രസാദ ഊട്ട്..”
അന്നദാനം ദേവന്റെ പ്രസാദമാക്കി മാറ്റിയതും
ജാള്യത ഒഴിവാക്കി എല്ലാവർക്കും ഉണ്ണാൻ പാകത്തിലാക്കിയതും ഊട്ടുപുരയിലത് കമ്മറ്റിക്കാരുടെ സൗകര്യാർത്ഥം കിണ്ണത്തിലാക്കിയതും എന്റെ നാട്ടിലെ പിള്ളയുടെ ബുദ്ധിയായിരുന്നു.
ഓലനിൽ ഉപ്പു നോക്കിയും,
ഒരു കിണ്ണം പായസം കഴിച്ച്
അടപ്രഥമനിൽ മധുരം ഉറപ്പാക്കിയും,
നാക്കിലയിൽ ആദ്യത്തെ ചോറു വിളമ്പിയും പിള്ള താരമായി.
ഉത്സവത്തിന് കരുണാകരപ്പിള്ള ഭാര്യയോടൊപ്പം പരിവാരസമേതം മൃഷ്ടാന്നമുണ്ട് ഏമ്പക്കമിട്ടു.
സ്വർണ്ണപ്പല്ല് കാട്ടിച്ചിരിക്കുന്ന ആറടി പൊക്കത്തിലുള്ള തന്റെ ഫ്ലക്സ് കണ്ട് കോരിത്തരിച്ചു.
അതിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
“പ്രസാദ ഊട്ട് കരുണാകരപ്പിള്ള വക “
ഇന്ന് എന്റെ നാട്ടിലെ സകലരും അമ്പലത്തിൽ പ്രസാദ ഊട്ടിനു പോകും.
ചിലരുടെ ഭാഷയിലത് ദേവന്റെ പ്രസാദമാണ്. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ സൗജന്യ ഭക്ഷണം.
അങ്ങനെ ഒരു ദിവസം അടുക്കള അടച്ചിട്ടാൽ അത്രയും സന്തോഷം
ക്ഷേത്രോത്സവങ്ങൾ പ്രമാണിച്ച് ഒരാഴ്ചയൊക്കെ അടുക്കള അടച്ചിടുന്ന ഒരുപാട് വനിതാരത്നങ്ങളെ എനിക്കറിയാം.
അടുക്കളപ്പണി എല്ലാവർക്കും മടുത്തു.
ക്ഷേത്രത്തിലെ ഊട്ടുപുരയിൽ മുൻ വാതിലിനേക്കാൾ പിൻവാതിലിൽ തിരക്കോട് തിരക്കാണ്.
ക്ഷേത്രാദികാര്യങ്ങളിൽ പങ്കെടുക്കുകയോ ക്ഷേത്ര ദർശനം നടത്തുകയോ ചെയ്യാതെ ഊട്ടുപുരയിൽ കയറി മൃഷ്ടാന്നമുണ്ട് പുറകിലെ വാതിലിലൂടെ ഇറങ്ങിപ്പോകുന്നവരാണൊരുകൂട്ടർ.
ഇവരാരും കരുണാകരപിള്ളയെ ഓർക്കാറില്ല.
ക്ഷേത്രനടയിൽ കാലുകുത്താതെ ചാടിക്കടന്ന് എത്തുന്നവരെക്കൊണ്ട്
ഊട്ടുപുര നിറഞ്ഞപ്പോൾ,
കമ്മിറ്റിക്കാർ പുറത്തു പന്തലിട്ടു.
ഉത്സവപ്പറമ്പിലെ പൊടിപടലങ്ങൾ നിറഞ്ഞ വലിയ പന്തലിലിരുന്ന് എന്റെ മുമ്പിലത്തെ നാക്കിലയിൽ നിന്നും
പച്ചടിയെടുത്ത് നക്കി ഞാൻ തല ഉയർത്തി.
പ്രസാദ ഊട്ടിലേക്ക് ചില്ലികാശ് സംഭാവന കൊടുക്കാത്തവരും,
പിരിവിന് വന്ന അമ്പലക്കമ്മിറ്റിക്കാരെ കണ്ടു വാതിലടച്ച വരുമുൾപ്പെടെ
നാട്ടിലെ സകല ദോഷൈക ദൃക്കുകളും പന്തിയിൽ ഇടം പിടിച്ച് സദ്യ ഉണ്ണുന്നത് കാണാൻ നല്ല ചേലുണ്ട്. ഇത് എന്റെ നാട്ടിലെ ഉത്സവ കാഴ്ചയാണ്.
ജീവിതത്തിലൊരിക്കലും അമ്പലത്തിൽ പോകാത്ത എന്റെ അയൽക്കാരൊക്കയും കുട്ടികളെയും, കെട്ട്യോനെയും കൂട്ടി കുടുംബസമേതം
ഉണ്ണാൻ ഇരിക്കുന്നത്
കണ്ണിനു കുളിർമയേകി.
ഈ കലാപരിപാടിക്ക് പ്രസാദ ഊട്ടെന്നു പേരിട്ട കരുണാകര പിള്ളയുടെ ദീർഘവീക്ഷണത്തിനും ഇതൊക്കെ കൺകുളിർക്കെ കാണാൻ കരുതിവെച്ച ഭഗവാനും നമോവാകം.
