വീണ്ടും വീണ്ടും പൂക്കളായ്
പിറക്കാൻ കൊതിക്കുന്ന
പിറന്ന മണ്ണിൽ നിന്നും
ആട്ടിപ്പായിക്കപ്പെടുന്നവരുടെ
നെഞ്ച് പൊട്ടല്
നിങ്ങളെപ്പോഴെങ്കിലും
വായിച്ചു നോക്കിയിട്ടുണ്ടോ
ചോരയൊലിക്കുന്ന
വരികളായ് തലയിട്ടടിച്ച്
വീഴുന്നതിന് മുമ്പ് അവർ
എത്ര കിനാവുകളുടെ
പുഴ നീന്തി കടന്നിട്ടുണ്ടാവണം.
വിഷം തീണ്ടിയ എത്ര
നട്ടുച്ചകളെ
കെട്ടിപ്പുണർന്നിട്ടുണ്ടാവണം
വീർപ്പ് മുട്ടി കരയുന്ന
എത്ര പെരുമഴകൾ
നനഞ്ഞിട്ടുണ്ടാവണം.
എത്ര ഇടിമിന്നലുകളിലേക്ക്
ഓടിക്കയറിയിട്ടുണ്ടാവണം.
പാതി പൊള്ളിയ ഓർമ്മകളിൽ
എത്ര വെടിയുണ്ടകൾക്കിടയി
ലൂടെ
ഓടിക്കിതച്ചിട്ടുണ്ടാവണം .
എത്ര വസന്തങ്ങളെ
കാത്തിരുന്ന്
വിയർത്തൊലിച്ചിട്ടുണ്ടാവണം
എത്ര നിലവിളികളെ
പുതച്ചുറങ്ങിയിട്ടുണ്ടാവണം .
എത്ര സങ്കടക്കടല് കുടിച്ച്
വറ്റിച്ചിട്ടുണ്ടാവണം .
അടിച്ചമർത്തപ്പെടുമ്പോഴും
പ്രതീക്ഷകളെ അടുക്കി വച്ച്
ചിറക് വിരിക്കാൻ
കൊതിക്കുന്ന വാക്കുകൾ
എത്ര വട്ടം
പൊട്ടിച്ചിതറിയിട്ടുണ്ടാവണം.
പോർവിളികളെ പിടിച്ചു കെട്ടി
സന്ധി ചെയ്യപ്പെടുമ്പോൾ
എത്രയെത്ര മേൽക്കൂര
കത്തിപ്പോയവരുടെ
നിശ്വാസങ്ങളെയാണ്
മനോഹരമായ
വരികളിലേക്ക്
വിളിച്ചിറക്കി
ക്കൊണ്ടു വരാൻ കഴിയുക……..

ഷാജു. കെ. കടമേരി

By ivayana