രചന : അനിൽകുമാർ എം എ ✍️
കൂടപ്പിറപ്പുകളത്രേ നമ്മൾ
ഒരമ്മയ്ക്കു ഉണ്ടായ മക്കളെപ്പോലെ ഒത്തൊരുമിക്കുന്നു
എന്നും ഒരേ വണ്ടിയിലെത്തുന്നു
കണ്ടു കുശലം പറഞ്ഞു
തങ്ങളിൽ സൗഹൃദം പങ്കുവെയ്ക്കുന്നു.
ചിരിക്കുന്നു.
കാണാത്തവരെ തെരയുന്നു.
ഇവിടമൊരു വീടാണു
വൃത്തിയാക്കാനുണ്ടു പലതും
വേഗം ചൂലെടുക്കുന്നു
അകവും പുറവുമൊരുപോലെ
അടിച്ചും തുടച്ചും ഇവിടമൊരു
ദേവാലയത്തിൻ മണിമുറ്റമാക്കുന്നു നിങ്ങൾ.
ജീവിതം തീരാത്ത ലഹരിയാണെന്നും
ഈ പൂമുഖ വാതിലും കടന്നെത്തുന്ന
ഓരോ അതിഥിയ്ക്കും
നമ്മളൊരു നല്ല പുഞ്ചിരി കാഴ്ച വെയ്ക്കുന്നു
ആദ്രതയോടെ സ്വാഗതമരുളുന്നു
വണങ്ങുന്നു.
എന്തൊരു തിരക്കാണ് ചുറ്റിലും
കയറ്റം കയറി
വരുന്നു വാഹനയൂഥങ്ങൾ
വിവിധ സഞ്ചാരികൾ
തളിരിൻ യൗവനത്തുടിപ്പുകൾ
ആനന്ദത്തിൻ രസച്ചരടു പൊട്ടിച്ചു പായും ഉണ്ണിക്കാലടി വെപ്പുകൾ.
അതിന്നിടയിലൂടൊരു നീണ്ട
ചൂളം വിളിയുമായി കരുതലിൻ
ജാഗ്രതയുമായി കാവൽക്കാരലയുന്ന
കാഴ്ചകൾ….
കാറ്റിലൂടെത്തുന്നു പ്രാതലിന്നൊരുക്കത്തിൻ
വിഭവത്തിൻ നാനാതരം ഗന്ധം അങ്ങു
തീൻമേശകളിലൊരുങ്ങുകയാണു
അന്നത്തിൻ വൈദേശിക ഭ്രമങ്ങൾ
ആ തിരക്കിലടിഞ്ഞേ പോം
ആരുമറിയാതെ
വളയിട്ട തളിരണിയും കൈയ്യണിക്കിലുക്കങ്ങൾ….
പറഞ്ഞാൽ തീരുകില്ലീ
പയ്യാരത്തിൻ പുകിലുകൾ
ഗോവണി ചുറ്റിപ്പായുന്നു
സന്ദർശകരേയും കൊണ്ടു റൈഡുകൾ
തിരയടിക്കുന്നു
ഗോപുരത്തിൻ കീഴിലുള്ള
ജലാശയം.
ഊഴം കാത്തു നില്ക്കയാം
ഓരോ സന്ദർശകർ തങ്ങളിൽ
അവയ്ക്കിടയിലും കാത്തു
നില്ക്കുന്നു.
കൂടപ്പിറപ്പുകൾ ജാഗരായ്.
എങ്കിലും എന്തു സുന്ദരമാണിവിടം
നമ്മൾ കൂടപ്പിറപ്പുകളായി
പിറന്നു പോയ്.
പങ്കു വെയ്ക്കുമീ സ്നേഹത്തിനു
പകരമാവില്ലിനി മറ്റൊന്നും
ഏതോ ജന്മാന്തര ബന്ധത്താൽ
അതു തിരിച്ചറിയുന്നു നാമന്യോന്യം
ക്ഷണികം ജീവിതമെന്നാൽ
ത്രസിപ്പിക്കുന്നു ചിന്തകൾ
കുടുംബമായ്ത്തീരുന്നു
ലോകരൊന്നാമൊരാശയം
എനിക്കു ചുറ്റിലുമുണ്ട്
സഹജാതർ നിർന്നിമേഷരായെപ്പൊഴും
എങ്കിലും ഞാനറിയുന്നു
എൻ മുഖം തന്നെയാണവർക്കെല്ലാം.
മടങ്ങുന്നു നമ്മൾ അതേ വണ്ടിയിലന്തിയിൽ
വീണ്ടും തെരക്കുന്നു
തമ്മിലന്യോന്യം സൗഖ്യങ്ങൾ
പിരിയുവാനൊരിടം മാത്രമായ്
അകലെയുള്ള ഗൃഹാന്തരം.
പിന്നെയും പുലരിയെത്തുന്നു
ഈ വീട്ടിലേക്കു തന്നെ മടങ്ങുവാൻ..