രചന : ഡോ:സാജുതുരുത്തിൽ✍️..
ഒരു കിളി വന്നു
ജനാലയുടെ ചില്ലിൽ
അതിന്റെ
കൊക്കുകൊണ്ടു എന്തോ
കോറി വരഞ്ഞിട്ടുപോയി
ജനാലയുടെ തുറന്നിട്ട
മറുപാതിയിൽ
ഞാൻ പുറത്തേക്കു നോക്കി
ചാരി നിൽപ്പുണ്ടായിരുന്നു
പുറത്തു മുറ്റത്തെ
മൊസാണ്ടച്ചെടിയിലെ
പൂവുകൾ കടലാസ്സുപോലെ
വിളർത്തു പോയത്
ഹൃദയ സ്പന്ദനങ്ങളുടെ
നിലതെറ്റിച്ചും
കനം വെപ്പിച്ചും
കൊണ്ടായിരുന്നു
പുറത്തു ഉണക്കാനിട്ടിരിക്കുന്ന
മാങ്ങാ തെരകളുടെ
ഇടയിൽ കറുകറുത്ത
കട്ടുറുമ്പുകൾ
നിരവെച്ച് കല്യാണ യാത്രപോകുന്നു
അതിൽ ഒരു സുന്ദരി ഉറുമ്പു
ജനാല പടിയിൽ നിന്നിരുന്ന
എനിക്കൊരു മുത്തം
എറിഞ്ഞു തന്നു
കാറ്റിലാടി തൂവലുപോലെ
ആ മുത്തം
എന്റെ ജനാല പടിയിൽ
തട്ടി താഴെ വീണു ചിതറി
അത് നിറയെ ആ കറുത്ത
സുന്ദരി ഉറുമ്പിന്റെ
വെളുത്ത മുട്ടകൾ
ആയിരുന്നു….
ആരുടെയോ പിതൃത്വത്തെ
എനിക്ക് നേരെ എറിഞ്ഞ
കട്ടുറുമ്പിന്റെ മാതൃത്വത്തെ
പുറത്തു പെയ്യുന്ന
മഴയത്തേക്കു ഞാൻ കോരിയിട്ടു ….
അത് ഓവ് ചാലിലൂടെ
എങ്ങോ ഒഴുകി പോയി …
ചമയങ്ങളില്ലാതെ ആയിരുന്നു
ഇന്ന് മഴ പെയ്തോണ്ടിരുന്നത്
ഓരോ ചാറ്റലും
എന്നെ കോരിത്തരിപ്പിച്ചു
ഇളകിയാടുന്ന പനമ്പട്ടകളിൽ
ഒതുങ്ങിയിരുന്ന
പച്ച തത്തകൾ
ഒരുമിച്ചു
പിണങ്ങി പറന്നു പോയപ്പോൾ
ചുറ്റിനും ഘനീഭവിച്ച
വിരഹത്തിന്റെ തിരമാലകൾ
എന്നെ വലവീശി പിടിച്ചു
ഒന്ന് പിടക്കാൻ പോലുമാവാതെ
വിഹോലതക്ക് വിരാമം
ആകാതെ ഞാൻ അമർന്നുപോയി ….
ഘനീഭവിച്ച ദുഃഖം ഊർന്നു
പോകാൻ കഴിയാത്ത ചുഴിയാണ്
വെറുതെ പറയാം എന്നെല്ലാതെ ….
ചുഴിയുടെ വലംപിരിയിൽ
എല്ലാം ഒരു സമർപ്പിക്കലാണ് ….
അവകാശ ബോധവും
അന്യതാ ബോധവും
സമരസപ്പെടുന്ന
കാഴ്ചയുടെ ചേർത്തുപിടിക്കലിൽ
നമുക്ക് നമ്മെ തെരയേണ്ടിവരും…
ഉത്തരമില്ലാത്ത ചോദ്യങ്ങളും
ചോദ്യങ്ങൾ മുളക്കാത്ത മനസ്സും
സർവ്വ സാധാരണമാകുന്ന
അന്യഥാ ബോധവും ….
എനിക്ക് ബോധമില്ലാത്ത ഞാനും
നിനക്കുബോധമില്ലാത്ത നീയും
മാത്രമാകുന്ന പ്രപഞ്ച
നീതീകരണത്തിന്റെ
സാധാരണീകരണത്തിൽ
നമുക്ക് സ്വയം സമരസപ്പെടാം ….

